'ക്യാമ്പില്‍'- ബംഗാളി കവി ജീബനാനന്ദദാസ് എഴുതിയ കവിത

ഇവിടെ, കാടിന്റെ അതിരില്‍,ക്യാമ്പില്‍.രാത്രി മുഴുവന്‍സുഖദമായ തെക്കന്‍ കാറ്റ്
'ക്യാമ്പില്‍'- ബംഗാളി കവി ജീബനാനന്ദദാസ് എഴുതിയ കവിത

(ജീബനാനന്ദ ദാസ്

1899-സ് ജനിച്ചു. ബംഗാളി കവി, കഥാകൃത്ത്. അന്തര്‍മുഖനായിരുന്ന ദാസിന്റെ മരണശേഷമാണ് രചനകള്‍ മിക്കതും പ്രസിദ്ധീകരിക്കപ്പെട്ടതും ശ്രദ്ധനേടിയതും. ജീബനാനന്ദദാസിന്റെ പ്രശസ്തമായ കൃതികളിലൊന്നാണ് 1932-ല്‍ പരിചയ് എന്ന സാഹിത്യ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ക്യാമ്പില്‍' എന്ന കവിത. സദാചാര സീമകള്‍ ലംഘിക്കുന്നുവെന്ന പേരില്‍ അക്കാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു ഈ രചന. കാല്പനിക പ്രണയത്തിലൂന്നിയ അന്നത്തെ രചനകളില്‍നിന്നു വ്യത്യസ്തമായി ശാരീരികാസക്തികളുടെ ആഘോഷവും ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ദൈന്യതയും ഇതിലുണ്ട്. വേട്ടക്കാരൊരുക്കുന്ന കെണികളില്‍ ആകര്‍ഷിതരായി, വെടിയേറ്റു വീണ്, ആരുടെയെല്ലാമോ ഒരു പക്ഷേ, സ്വന്തം അത്താഴക്കിണ്ണങ്ങളില്‍ത്തന്നെയും മാംസ ശരീരങ്ങളായി ഒടുങ്ങുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥ കവിതയില്‍ പ്രതിഫലിക്കുന്നു. കവിയുടെ തന്നെ വാക്കുകളില്‍ പ്രാണികളിലും പുഴുക്കളിലും മനുഷ്യരിലും ഒരുപോലെ കാണാം ജീവിതമേല്‍പ്പിക്കുന്ന നിസ്സഹായതകളുടെ ഋതുഭേദങ്ങള്‍. കാടിന്റെ വന്യതയും പ്രണയത്തിന്റേയും ആസക്തിയുടേയും ഭ്രമാത്മകതകളും ഒരു നൂറ്റാണ്ടടുക്കുമ്പോഴും പുതുമ നഷ്ടപ്പെടാതെ വായനയില്‍ നിറയുന്നു.) 

(മൊഴിമാറ്റം : ചിത്ര കെ.പി)

വിടെ, കാടിന്റെ അതിരില്‍,
ക്യാമ്പില്‍.
രാത്രി മുഴുവന്‍
സുഖദമായ തെക്കന്‍ കാറ്റ്,
നിലാവ്.
ഞാന്‍ കേട്ടു
ഉദ്ദീപ്തയായ ഒരു പേടമാനിന്റെ വിളി-
ആരെയാണവള്‍ വിളിക്കുന്നത്?

ഇന്ന് രാത്രി മാന്‍വേട്ടയുണ്ട്.
കാട്ടില്‍ വേട്ടക്കാരുണ്ട് 
ഈ വസന്തകാലരാവില്‍
ക്യാമ്പിലെ കിടക്കയില്‍
കണ്‍മിഴിച്ചിരിക്കുമ്പോള്‍
വേട്ടക്കാരുടെ ഗന്ധം.

കാട് നല്‍കുന്ന വിസ്മയങ്ങള്‍, എങ്ങും.
മീനമാസക്കാറ്റ്,
നിലാരശ്മികളുടെ സ്പര്‍ശം.
രാത്രി മുഴുവന്‍
മോഹിതയായ ഒരു പേടമാനിന്റെ വിളി.
ഉള്‍ക്കാട്ടിലെവിടെയോ നിന്ന്
നിലാവെത്താത്തിടങ്ങളില്‍ നിന്ന്
മാനുകള്‍ അവളുടെ വിളി കേള്‍ക്കുന്നു;
സാമീപ്യം അറിയുന്നു.
അവളിലേക്കടുക്കുന്നു.
ഈ രാവില്‍, വിസ്മയങ്ങളുടെ ഈ രാവില്‍
അവരുടെ പ്രണയകാലം
ആഗതമായിരിക്കുന്നു.
നിലാവില്‍
അവരുടെ ഹൃദയങ്ങളുടെ സോദരി
വിളിക്കുന്നു
കാടിന്‍ പടര്‍പ്പില്‍നിന്ന് പുറത്തേയ്ക്ക്,
ദാഹമകറ്റാന്‍
രുചിയാല്‍, ഗന്ധത്താല്‍.
ഈ രാത്രി, കാട്ടില്‍ കടുവകളേയില്ലെന്ന പോലെ,
മാനുകളുടെ ഉള്ളില്‍
കടുത്ത ഭയമില്ല, സംശയത്തിന്റെ
നിഴല്‍പോലുമില്ല,
ഉള്ളത് മോഹം, ആവേശം.
മാന്‍പേടയുടെ മുഖത്തിന്നഴകില്‍
ചീറ്റപ്പുലിയുടെ നെഞ്ചില്‍പോലും
ഉണരുന്നതിശയം.
ഈ രാവില്‍, ഈ വസന്തകാലരാവില്‍,
ചുറ്റിലും ചിതറുന്നു
കാമം, വിരഹം, പ്രണയം, ആസക്തി, സ്വപ്നങ്ങള്‍.
ഇതാണെന്റെ 'രാത്രി.'

കാനന പാതകള്‍ വിട്ട്
മാനുകള്‍ വരുന്നു
ഒന്നൊന്നായി.
ജല ശബ്ദങ്ങളെ പിന്നിലാക്കി
മറ്റെന്തോ ഉറപ്പ് തേടി,
പല്ലും നഖവും മറന്ന്,
സുന്ദരീ വൃക്ഷത്തിനു കീഴില്‍ നില്‍ക്കുന്ന
അവരുടെ സോദരിയെത്തേടി
നിലാവില്‍ അവര്‍ വരുന്നു.
തന്റെ പെണ്ണിന്റെ ഗന്ധത്താല്‍
മോഹിതനായി ഒരുവനടുക്കുന്നപോലെ
മാനുകള്‍ വരുന്നു.
അവര്‍ വരുന്നതെനിക്കറിയാം
ധാരാളം കുളമ്പടികളുടെ ശബ്ദം
എനിക്ക് കേള്‍ക്കാം.
ഒരു പേടമാനിന്റെ വിളി,
നിലാവില്‍.
എനിക്കുറക്കം വരുന്നില്ല.

ഇങ്ങനെ കിടക്കുമ്പോള്‍
ഞാന്‍ വെടിയൊച്ചകള്‍ കേട്ടു.
വീണ്ടും ഞാന്‍ വെടിയൊച്ചകള്‍ കേട്ടു.
ഉദ്ദീപ്തയായ ഒരു ഹരിണിയുടെ വിളി വീണ്ടും.
നിലാവില്‍
ഏകാകിയായിവിടെ വീണു കിടക്കുമ്പോള്‍,
വെടിയൊച്ചകള്‍ക്ക് കാതോര്‍ക്കുമ്പോള്‍
പേടമാനിന്റെ വിളി കേള്‍ക്കുമ്പോള്‍
ഹൃദയം നിറഞ്ഞ് ഒരു തളര്‍ച്ച.

നാളെ
അവള്‍ മടങ്ങിവരും.
പ്രഭാതത്തില്‍
പകല്‍വെളിച്ചത്തില്‍
ചുറ്റുമവളുടെ പ്രണയികള്‍
ചത്തു കിടക്കുന്ന നിലയില്‍
നമ്മളവളെക്കാണും.
പുരുഷന്മാരില്‍നിന്നും
അവളിതെല്ലാം പഠിച്ചിട്ടുണ്ട്.

എന്റെ അത്താഴപ്പാത്രത്തില്‍
ഞാന്‍ മാനിറച്ചി മണക്കുന്നു.
- മാംസഭക്ഷണം ഇതുവരെയും അവസാനിച്ചില്ലേ?
- പക്ഷേ, അതെന്തിനവസാനിക്കണം?
ആ മാനുകളെയോര്‍ത്ത് ഞാനെന്തിന് ദു:ഖിക്കണം -
അവരെപ്പോലെയല്ലേ ഞാനും?

ഒരു വസന്തരാവില്‍,
ജീവിതത്തിന്റെ അതിശയകരമായ
രാവുകളിലൊന്നില്‍,
എന്നെയുമൊരാള്‍ വന്ന് വിളിച്ചില്ലേ
നിലാവില്‍
സുഖദമായ തെക്കന്‍ കാറ്റില്‍
മോഹിതയായ ആ പേടമാനിനെപ്പോലെ?

എല്ലാ മുന്നറിയിപ്പുകളും ദൂരേക്കെറിഞ്ഞ്
ഈ ലോകത്തിന്റെ ഹിംസകളെല്ലാം മറന്ന്
ചീറ്റപ്പുലിയുടെ നോട്ടത്തോടുള്ള ഭയം മറന്ന്
നിന്നെ ചേര്‍ത്തണയ്ക്കാന്‍ കൊതിച്ചില്ലേ
എന്റെ മാന്‍ ഹൃദയം?

ചത്തുപോയ ആ മാനുകളെപ്പോലെ
എന്റെ ഹൃദയത്തിലെ പ്രണയം
ചോരക്കറയും പൊടിയും
പുരണ്ടു കിടക്കുമ്പോള്‍
ആ പേടമാനിനെപ്പോലെ നീ ജീവിച്ചില്ലേ
ജീവിതത്തിന്റെ അതിശയരാവില്‍
ഒരു വസന്തരാവില്‍?

നീ പോലുമത്
മറ്റാരില്‍നിന്നോ പഠിച്ചിരിക്കുന്നു.
ചത്ത മൃഗങ്ങളുടേത്
പോലെയുള്ള മാംസവുമായി
നമ്മളും ഇവിടെക്കിടക്കുന്നു.
ചത്തുപോയ ആ മാനുകളെപ്പോലെ
ഏവരും വരുന്നു, വീഴുന്നു
വിരഹത്തിന്റെ മരണമുഖത്ത്.
ജീവിക്കുമ്പോള്‍, പ്രണയിക്കുമ്പോള്‍,
പ്രേമത്തിനുവേണ്ടി കൊതിക്കുമ്പോള്‍,
നമുക്ക് മുറിവേല്‍ക്കുന്നു
നാം കയ്പുനീര്‍ കുടിക്കുന്നു, മരിക്കുന്നു,
അല്ലേ?

ഒരിരട്ടക്കുഴല്‍ തോക്കിന്റെ
വെടിയൊച്ച ഞാന്‍ കേള്‍ക്കുന്നു
ഉദ്ദീപ്തയായ ഒരു പേടമാന്‍ വിളിക്കുന്നു.
ഇവിടെയൊറ്റയ്ക്ക് കിടക്കുമ്പോള്‍
എന്റെ ഹൃദയം നിദ്രാവിഹീനം.

മറന്നേ തീരൂ വെടിയൊച്ചകള്‍.
ക്യാമ്പിലെ കിടക്കകളില്‍ 
രാത്രി മറ്റ് ചിലതിനെക്കുറിച്ച് പറയുന്നു,
ആരുടെ ഇരട്ടക്കുഴല്‍ തോക്കുകളാണോ
ഈ രാത്രി മാനുകളെക്കൊന്നത്
ആരുടെ അത്താഴക്കിണ്ണങ്ങളാണോ
ഇന്ന് സംതൃപ്തിയാല്‍ നിറഞ്ഞത്
അവരെക്കുറിച്ച്,
മാനിറച്ചിയുടേയും എല്ലിന്റേയും
രുചിയെക്കുറിച്ച്.
അവരും നിന്നെപ്പോലെ.
ചിന്തിച്ച്, വെറുതെ ചിന്തിച്ച്
അവരുടെ ഹൃദയങ്ങളും
ദ്രവിച്ചു തീരുന്നു
ക്യാമ്പിലെ കിടക്കകളില്‍.

ഈ നോവ്, ഈ പ്രണയം
എല്ലായിടവും
പ്രാണികളില്‍
പുഴുക്കളില്‍.
മനുഷ്യരുടെ നെഞ്ചില്‍.
നമ്മുടെയെല്ലാം ജീവിതത്തില്‍.
നമ്മളെല്ലാം
വസന്തകാലരാവിന്‍ നിലാവില്‍
കൊന്നൊടുക്കപ്പെട്ട
മാനുകളെപ്പോലെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com