'മണ്ണിനറിയാം'- ഇസ്രയേല്‍ കവി യഹൂദാ അമിഖായിയുടെ കവിതകള്‍

മണ്ണിനറിയാം മേഘങ്ങള്‍ എവിടെനിന്നു വരുന്നു എന്ന്,ചൂടന്‍ കാറ്റ് എവിടെനിന്നെന്ന്,സ്‌നേഹവും വെറുപ്പും എവിടെനിന്നെന്ന്
'മണ്ണിനറിയാം'- ഇസ്രയേല്‍ കവി യഹൂദാ അമിഖായിയുടെ കവിതകള്‍

(യഹൂദാ അമിഖായ് (YAHUDA AMICHAI 1924-2000)

ഇരുപതാം നൂറ്റാണ്ടിലെ ലോക കവികളില്‍ ഏറ്റവും പ്രമുഖന്‍. ഇസ്രയേലിന്റെ ഗാഥാകാരന്‍ എന്നറിയപ്പെടുന്ന അമിഖായ് ഹീബ്രു ഭാഷയുടെ പ്രാദേശിക ദേശങ്ങളെ ഗദ്യത്തിന്റെ നൂതന സാധ്യതകളാല്‍ സമ്പന്നമാക്കി. 40-ലധികം വിദേശഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട  അമിഖായ് പലവട്ടം നൊബേല്‍ പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ടു. ഏറ്റവും ലളിതമായ പദാവലികളിലൂടെ ഏറ്റവും ഗഹനവും സാര്‍വ്വലൗകികവുമായ അനുഭവങ്ങളെ ആവിഷ്‌കരിക്കാനുള്ള അമിഖായിയുടെ ശേഷി പ്രശംസിക്കപ്പെട്ടിട്ടുണ്ട്.)

(മൊഴിമാറ്റം: എന്‍. ശശിധരന്‍)

ണ്ണിനറിയാം മേഘങ്ങള്‍ എവിടെനിന്നു വരുന്നു എന്ന്,
ചൂടന്‍ കാറ്റ് എവിടെനിന്നെന്ന്,
സ്‌നേഹവും വെറുപ്പും എവിടെനിന്നെന്ന്.
പക്ഷേ, മണ്ണില്‍ താമസിക്കുന്നവര്‍ സംശയാലുക്കളാണ്.
അവരുടെ ഹൃദയം കിഴക്കുദിക്കിലേക്കും
ശരീരം പടിഞ്ഞാറിന്റെ അതിരിലേക്കും തിരിഞ്ഞിരിക്കുന്നു.
അങ്ങനെ ഹൃദയം കിഴക്കും ശരീരം പടിഞ്ഞാട്ടുമായി
ജീവിക്കുന്ന അവര്‍, വേനലും ശിശിരവും നഷ്ടപ്പെട്ട
ദേശാടനക്കിളികളെപ്പോലെയാണ്.
ആദിയും അന്തവും നഷ്ടമായവര്‍.
ദിനംതോറും അവര്‍ പറന്നുനടക്കുന്നു;
ഒടുവില്‍ മുറിവേല്പിക്കപ്പെടും വരെ.

മണ്ണിന് എഴുതാനും വായിക്കാനുമറിയാം.
അതിന്റെ കണ്ണുകള്‍ തുറന്നിരിക്കുന്നു.
അജ്ഞയും നിരക്ഷരയുമാകുമായിരുന്നതായിരുന്നു  അതിനു നല്ലത്;
സ്വന്തം കുഞ്ഞുങ്ങളെ തപ്പിനടക്കുന്ന
ഒരന്ധയാകുന്നതായിരുന്നു നല്ലത്.

ഇസ്രയേല്‍ എന്ന മഹത്തായ രാജ്യം
തടിച്ചുകൊഴുത്ത ഒരു കുടുംബിനിയെപ്പോലെയാണ്.
ഇസ്രയേല്‍ എന്ന പ്രവിശ്യ, നേര്‍ത്ത അരക്കെട്ടുള്ള
എളുപ്പം വഴങ്ങുന്ന ഒരു യുവതിയെപ്പോലെയാണ്. 
കാര്യങ്ങള്‍ എങ്ങനെ ആയാലും
ജറുസലേം എന്നും നഗ്‌നതയാണ്.
അത് ഈ മണ്ണിന്റെ നഗ്‌നതയാണ്.
അതേ, ഈ മണ്ണിന്റെ അസന്തുഷ്ടമായ നഗ്‌നത.
പുളയുകയും ആക്രോശിക്കുകയും ചെയ്യുന്ന ഈ നഗ്‌നത
മിശിഹാ വന്നെത്തും വരെ ഒരിക്കലും അവസാനിക്കില്ല.

തുല്യത 

ഞാന്‍ ഒരു സഞ്ചി അത്തിപ്പഴം വാങ്ങുന്നു.
ആ സഞ്ചി കൈത്തണ്ടയുടെ അറ്റത്തുള്ള 
എന്റെ കൈകൊണ്ട് പിടിക്കുന്നു.

എന്റെ കൈത്തണ്ട മധുരമുള്ള അത്തിപ്പഴത്തിനും
എന്റെ ശരീരത്തിനും ഇടയിലുള്ള പാലമാണ്.

പാലം അവ രണ്ടിനും അവകാശപ്പെട്ടതാണ്.
അത്തിപ്പഴം സഞ്ചിയും എന്റെ ശരീരവും തുല്യരാണ്.

അഖ്സീവിലെ കാഴ്ചബംഗ്ലാവ് 

മുറ്റത്ത് കുത്തിത്തിരുകിയ ഒരു നങ്കൂരം.
നഷ്ടപ്പെട്ട കപ്പലിനെ അതെന്നും കാത്തിരിക്കും.
അതിന്റെ അഭിലാഷം ഭൂമിയെ കൂടുതല്‍ രമണീയമാക്കും.
അതിന്റെ തുരുമ്പ്, ഒരിക്കലും തിരിച്ചുവരാതെ
നഷ്ടപ്പെട്ടുപോയ എല്ലാറ്റിന്റേയും കൊടിയടയാളമാണ്.

ഗേറ്റിനരികില്‍, പോയ നൂറ്റാണ്ടില്‍നിന്നു
ഒരു കൂട്ടം പീരങ്കിയുണ്ടകള്‍.
ഏറ്റുമുട്ടിയതും അല്ലാത്തതുമായ പീരങ്കിയുണ്ടകള്‍
ഒന്നിച്ച് കൂട്ടിയിട്ടിരിക്കുന്നു.
സമാഹര്‍ത്താവ് ഒരു വിവേചനവും കാട്ടിയില്ല.

മേല്‍പ്പുരയില്‍ നിന്നാല്‍ കാണാം വടക്കന്‍ 'ഗലീലി',1
ഫലപുഷ്ടിയുള്ള പച്ചപ്പ്, മണ്ണിന്റെ കൊഴുപ്പ്.
പാത, അതില്‍ ആഴത്തില്‍ മുങ്ങിപ്പോയിരിക്കുന്നു.
തുടകളുടേയും നിതംബത്തിന്റേയും മാംസത്തിനുമേല്‍
കുടുങ്ങിപ്പോയ ഇറുകിയ ഒരു നീന്തല്‍ വസ്ത്രംപോലെ,
അത്രമേല്‍ മോഹിപ്പിക്കുന്ന ഒരു മണ്ണ്.

വീട്ടിനകത്ത് ഒരുപാട് വസ്തുക്കള്‍ അലങ്കോലമായി കിടക്കുന്നു.
പഴയ വെളിപാടില്‍നിന്നുള്ള  മെതിക്കാനുപയോഗിക്കുന്ന ഒരു കൂടം;

പ്രവചനങ്ങളില്‍നിന്നും മരിച്ചവരുടെ
നെല്ലുകുത്തുപുരകളില്‍നിന്നുമെത്തിയ ഒരു കവരത്തടി.

അരയ്ക്കാനും ചതയ്ക്കാനും പിളര്‍ക്കാനുമുള്ള
ഒരുപാടുപകരണങ്ങള്‍ , അടയ്ക്കാനും മിനുക്കാനുമുള്ളവ
ക്രിസ്തീയ സഭകളിലെന്നപോലെ, നിര്‍മ്മിക്കാനും
നശിപ്പിക്കാനും ഉദ്ദേശിച്ചുള്ളവ.
എല്ലാറ്റിലുമുപരി നഷ്ടപ്പെട്ട ആയുധങ്ങളുടെ പിടികള്‍,
ബാക്കിയുള്ളവയുടെ മുഴുവന്‍ പിടികള്‍...
മനുഷ്യന്റെ ആത്മാവിനെക്കുറിച്ചും അവയില്‍
ബാക്കിയായവയെക്കുറിച്ചും ഒരാള്‍ക്ക്
ഇവയില്‍നിന്ന് എന്താണ്  മനസ്സിലാക്കാന്‍ കഴിയുക?
നഷ്ടപ്പെട്ട പണിയായുധങ്ങളെക്കുറിച്ചും
അവ ഏന്തിയ കൈകളെക്കുറിച്ചും
ഒരാള്‍ക്ക് എന്താണ് മനസ്സിലാക്കാന്‍ കഴിയുക?

വൈകുന്നേരം പ്രിയപ്പെട്ട ആരുടേയോ
മരണവാര്‍ത്ത കേട്ട ഒരാളെപ്പോലെ സൂര്യന്‍ കടലില്‍ താഴുന്നു.
സ്വന്തം ആത്മാവ് കയ്യിലേന്തിയപോലെ 
കയ്യില്‍ പിടിച്ച ഷൂസുമായി ഒരാള്‍ കടലില്‍നിന്നു മടങ്ങുന്നു.
കൃത്യമായ ദിവസം രേഖപ്പെടുത്തിയ
ഒരു വര്‍ത്തമാനപ്പത്രം പറന്നുപോകുന്നു.
രണ്ടു യുദ്ധക്കപ്പലുകള്‍ കടന്നുപോകുന്നു;
ഒന്നു വടക്കോട്ടും ഒന്നു തെക്കോട്ടും.
പകല്‍ ജോലിക്കാര്‍ രാത്രി ജോലിക്കാര്‍ക്കായി 
സ്ഥലം മാറിക്കൊടുക്കുന്നു.
കാവല്‍ക്കാരന്റെ മാറ്റം ഒരു ഫ്‌ലാഷ് ലൈറ്റിന്റെ
രശ്മിയില്‍  ഞാന്‍ കാണുന്നു.
അതാ അവിടെ മണ്‍കൂനയ്ക്കു മുകളില്‍
പുരാതനമായ ശവക്കല്ലറകള്‍ തുറക്കപ്പെടുന്നു:
പൂക്കളുടെ വിപരീതം!

കാലം 

ബോംബിന്റെ വ്യാസം മുപ്പത് സെന്റിമീറ്ററായിരുന്നു.
അതിന്റെ പ്രഹരശേഷിയുടെ വ്യാസം ഏഴ്  മീറ്ററും.
അങ്ങനെ നാലുപേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു.
അവയ്ക്കു ചുറ്റും വേദനയുടേയും കാലത്തിന്റേയും
ഒരു വലിയ വൃത്തത്തില്‍, രണ്ടു ആശുപത്രികള്‍ ചിതറിത്തെറിച്ചു;
ഒരു ശവകുടീരവും.
പക്ഷേ, നഗരത്തില്‍ സംസ്‌കരിക്കപ്പെട്ട യുവതി വന്നത്
നൂറിലധികം കിലോമീറ്റര്‍ അകലെനിന്നാണ്;
അത് ആ വൃത്തത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു.
അവളുടെ മരണത്തില്‍ വിലപിക്കുന്ന ഏകാകിയായ
മനുഷ്യന്‍ വന്നത്, കടലിനക്കരെയുള്ള വിദൂരമായ
ഒരു രാജ്യത്തിന്റെ തീരത്തുനിന്നാണ്.
അങ്ങനെ ആ വൃത്തം  ലോകം മുഴുവന്‍ വ്യാപിക്കുന്നു.
ദൈവത്തിന്റെ സിംഹാസനത്തില്‍ എത്തിച്ചേരുന്ന
അനാഥരുടെ നിലവിളികളെക്കുറിച്ച്  ഞാന്‍ പരാമര്‍ശിക്കുന്നതേയില്ല;

അതിനുമപ്പുറം പണിയുന്ന-
അവസാനമില്ലാത്ത, ദൈവമില്ലാത്ത
ഒരു വൃത്തത്തെക്കുറിച്ചും.

---------
1 ഗലീലി - വടക്കന്‍ ഇസ്രയേലിലെ ഒരു ദേശം. ഇസ്രയേലിന്റെ പഴയ സാമ്രാജ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com