'മണം'- കരുണാകരന്‍ എഴുതിയ കവിത

അവളുടെ കുട്ടിക്കാലത്ത് മൂത്രമൊഴിക്കുമ്പോള്‍ ലീല കല്ലുകളുടെ നെറുക് തിരഞ്ഞെടുത്തിരുന്നു.  മൂത്രം ചുടുമ്പോള്‍ ഞാന്‍ കല്ലുകള്‍ തിരഞ്ഞു - ലീല എന്നോട് പറഞ്ഞു.  
'മണം'- കരുണാകരന്‍ എഴുതിയ കവിത

 

വളുടെ കുട്ടിക്കാലത്ത് മൂത്രമൊഴിക്കുമ്പോള്‍ 
ലീല കല്ലുകളുടെ നെറുക് തിരഞ്ഞെടുത്തിരുന്നു.  

മൂത്രം ചുടുമ്പോള്‍ ഞാന്‍ കല്ലുകള്‍ തിരഞ്ഞു - 
ലീല എന്നോട് പറഞ്ഞു.  

പുഴയില്‍ കുളിക്കുമ്പോള്‍ കല്ലുകള്‍ തേടി  ഞാന്‍  
വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു പോയിരുന്നു 
വെറുതെ പറയുകയല്ല.  ഞാന്‍ നല്ല നീന്തല്‍ക്കാരിയായിരുന്നു.   

കുളിമുറിയില്‍ അവളുടെ ഒച്ച ചുമരുകളില്‍നിന്ന് 
ചുമരുകളിലേക്ക് മാറിമാറി പറക്കുന്നുണ്ടായിരുന്നു. 

പിന്നൊരു ദിവസം പുഴയുടെ അടിത്തട്ടില്‍വെച്ച്  
നാഭിയില്‍ കെട്ടുപോലഴിഞ്ഞ ചൂടിനൊപ്പം  
അവളുടെ കുട്ടിക്കാലം തീര്‍ന്നു. 
കാലുകള്‍ക്കിടയില്‍നിന്ന് ചോപ്പു പടര്‍ന്ന കുമിളകള്‍ 
പുഴയില്‍ അവളെയും വിട്ട് പിന്നെയും താഴേയ്ക്ക് 
ഒഴുകിപ്പോയ്, 
പോയ് മറഞ്ഞു. 

വെറുതെ പറയുകയല്ല. ഒരിക്കല്‍ ഞാനും ഒരു പെണ്‍കുട്ടിയായിരുന്നു. 

ലീല  കുളിമുറിയില്‍നിന്ന് വിളിച്ചു പറഞ്ഞു. 

കുളിമുറിയില്‍ അവളുടെ ഒച്ച ചുമരുകളില്‍നിന്ന് 
ചുമരുകളിലേക്ക് മാറിമാറി പറക്കുന്നുണ്ടായിരുന്നു. 
വെളിച്ചം വളഞ്ഞുവെച്ച ഒരൊച്ച 
അവളുടെ  ചുമലിനും  പിറകില്‍നിന്ന് 
എന്നെ നോക്കുന്നുണ്ടായിരുന്നു.   

പിന്നൊരു ദിവസം  ഒരുച്ചമയക്കത്തില്‍  
ഞാനൊരു  സ്വപ്നം കണ്ടു. ലീല പറഞ്ഞു:  

ഒരു കുന്നിന്‍മുകളില്‍ മോഹമൊന്നുമില്ലാതെ 
ഞാന്‍ നില്‍ക്കുന്നു.  എന്റെ കാല്‍ച്ചോട്ടില്‍ 
മോക്ഷം കാത്തുകിടന്ന ഒറ്റക്കല്ലുപോലെയായിരുന്നു 
അപ്പോള്‍ കുന്ന്. 

ലീല പറഞ്ഞു. 

ഇപ്പോള്‍ നിന്റെ  കുളിമുറിയുടെ തറയില്‍ 
നിന്നുകൊണ്ട് മൂത്രമൊഴിക്കുമ്പോള്‍
ഇതെല്ലാം  എനിക്ക് ഓര്‍മ്മവരുന്നു..

കുളിമുറിയുടെ വാതില്‍  അവള്‍ തുറന്നുവെച്ചു. 
എന്നെ നോക്കി ചിരിച്ചു. വെറുതെ പറയുകയല്ല
ഒരിക്കല്‍ ഞാനും ഒരു പെണ്‍കുട്ടിയായിരുന്നു. 

ലീല പറഞ്ഞു. 

കുളിമുറിയില്‍ ഞാന്‍ കരഞ്ഞ നേരം,  ഞാന്‍ മൂളിയ പാട്ടുകള്‍ 
ഇപ്പോള്‍  മാഞ്ഞുപോയിരുന്നു.   വെളിച്ചം ഉറയൊഴിച്ച 
ഒരു മണം  ഇരിപ്പുമുറിയിലേക്കും പുറപ്പെട്ടിരുന്നു 

ചില പട്ടണങ്ങള്‍ ഉടലില്‍ പൂശി നില്‍ക്കുന്നപോലൊന്ന്   

പിന്നൊരിക്കല്‍ ഞാന്‍  ഓര്‍ക്കാന്‍ പോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com