'നെല്ലിയാമ്പതിയിലൂടെ'- ഡി. യേശുദാസ് എഴുതിയ കവിത

വയലേലകളുടെ മിസ്റ്റിക് പച്ച.തൊലിച്ചുളുക്കുപോലുണങ്ങിയ ചെളിവരമ്പ്
'നെല്ലിയാമ്പതിയിലൂടെ'- ഡി. യേശുദാസ് എഴുതിയ കവിത

യലേലകളുടെ മിസ്റ്റിക് പച്ച.
തൊലിച്ചുളുക്കുപോലുണങ്ങിയ 
ചെളിവരമ്പ്.
രഹസ്യം തുളുമ്പും കുളങ്ങള്‍.
ചന്തി കാട്ടിക്കിടക്കുന്ന മലകളും
വണ്‍സൈഡ് വെട്ടിയ തലപോലതിന്റെ
ഫ്രീക്കനെടുപ്പുകളും.

നടപ്പ്
മരങ്ങളുടെ പച്ചത്തുരങ്കങ്ങള്‍.

നെല്ലിയാമ്പതിയില്‍
മഞ്ഞ് 
മഴ
തനിച്ചായിപ്പോയ ഏകാന്തത

അക്കരെ മഴയുടെ കണ്മഷി ഷെയ്ഡുകള്‍
ആഴത്തില്‍ തൂക്കിയിട്ട മേഘങ്ങള്‍
അറ്റം കാണാതുള്ള വെയില്‍വേദന
ഓര്‍മ്മയുടെ അറ്റം മാതിരി 
മങ്ങിമയങ്ങിയ ദിഗന്തം.
കാറ്റിന്റെ ഭീഷണി.
ആയുസ്സിനെക്കുറിച്ചൊരു വിങ്ങല്‍

മടക്കം
അസ്തമയം 
സൂര്യന്റെ 
വണ്‍ടൈം പ്രകാശവിസ്മയം
ആ മായാജാലത്തില്‍പ്പെട്ടു 
സ്വപ്നശോഭമായ്ത്തീര്‍ന്ന ഭൂമി.
മെല്ലെ,
ഇരുട്ടിന്റെ ചായപ്പണി.

എങ്ങുപോയാലുമിങ്ങനെ
എപ്പൊഴും ഭാഷ മാറ്റുന്നവള്‍!

ബസിരമ്പങ്ങളെല്ലാമക 
ന്നന്യദിക്കില്‍
തനിച്ചാകുന്നതിന്റെ 
ദു:സൂചനയ്ക്കപ്പുറം
ഒരാനന്ദം നിറഞ്ഞ്
മുറി
ആഴത്തില്‍ തൂക്കിയ
ഉറക്കത്തിന്റെ തൊട്ടില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com