'ഒറ്റയാള്‍'- ബി.എസ്. രാജീവ് എഴുതിയ കവിത

ഒറ്റയാന്റെ ശല്യംഇന്നുമുണ്ടായി.വാര്‍ത്ത വലിച്ചെറിഞ്ഞ്സൈക്കിള്‍പ്പയ്യന്‍കടന്നുപോയി.
'ഒറ്റയാള്‍'- ബി.എസ്. രാജീവ് എഴുതിയ കവിത

റ്റയാന്റെ ശല്യം
ഇന്നുമുണ്ടായി.

വാര്‍ത്ത വലിച്ചെറിഞ്ഞ്
സൈക്കിള്‍പ്പയ്യന്‍
കടന്നുപോയി.

വാഴക്കൂമ്പൊടിഞ്ഞിട്ടില്ല.
ചവിട്ടിമെതിച്ചിട്ടില്ല.
ഇഞ്ചിയും ചേനയും...

അകലെ
ഇരുണ്ട
മരക്കൂട്ടത്തില്‍
ഒരു കറുത്ത
വാലിളകിയോ...

ഇല്ലയിവിടെയെങ്ങും
കൊമ്പുകൊണ്ട
മുറിവുകള്‍...

തളിരുകളെല്ലാം
സന്തോഷത്തോടെ
തലയാട്ടുന്നു.

ഒരു കിളിയും
മിണ്ടാതെയിരിക്കുന്നില്ല...

താഴ്വരയിലെ
തണുപ്പില്‍ക്കുതിര്‍ന്ന
കുടിലുകള്‍
കാറ്റടിക്കാതെയും
പേടിച്ചുവിറക്കുന്നു.

മലയിറങ്ങുന്ന
കാലുകള്‍
ചോരപൊടിഞ്ഞിട്ടും
വേഗത കുറക്കുന്നില്ലല്ലോ...

വെട്ടം പെട്ടെന്നണഞ്ഞിട്ടും
വിലങ്ങനെ കിടന്ന
നദിയെ
അവരുടെ വഴിയേ
കൂട്ടിക്കൊണ്ടു പോയല്ലോ...

ഒരടയാളമെങ്ങുമില്ല
കാറ്റിലിളകുന്ന ചൂരില്ല
എന്നിട്ടും പേടിപ്പിക്കുന്ന-
തെന്താണകലെനിന്നു-
മെത്തുന്ന ചിന്നംവിളി...

ഇരുട്ടുകൂടുന്നു
നടത്തത്തിന്റെ നീളം
കുറയുന്നു.

ഇഴഞ്ഞിഴഞ്ഞുപോകുന്ന
വരകളൊരു
തുടലിമുള്‍ക്കാട്ടിലേക്ക്
കൈപിടിക്കുന്നു.
ഇനിയില്ല വെളുക്കുംവരെ
ഒരു വഴിയും

അന്നേരം
ഓലവാതില്‍ തുറന്ന്
പൂപോലെ
ഒരുവളെയെടുത്ത്
ഇടവപ്പാതിയില്‍
നിറഞ്ഞാടിയ
വെള്ളത്തെ
മറികടന്ന്

നാട്ടിലേക്ക്
ഒരൊറ്റയാള്‍
നടന്നുപോയത്
കാണേണ്ടവര്‍
മാത്രം കണ്ടു
കണ്ണുനിറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com