'ഇടവഴികളൊഴിയുന്നു'- ദയ പച്ചാളം എഴുതിയ കവിത

വെട്ടുവഴി തുടങ്ങി ഇടവരമ്പുവരെവെട്ടിപ്പിടിക്കയായി കോണ്‍ക്രീറ്റുപാത നീളേ!
'ഇടവഴികളൊഴിയുന്നു'- ദയ പച്ചാളം എഴുതിയ കവിത

(കവി, ആലങ്കോട് ലീലാകൃഷ്ണന്)

ഴിമുറിഞ്ഞു മുന്നില്‍; താന്ത,മേകാന്തനായി
വിജനസായാഹ്നത്തില്‍ മടങ്ങി, യോര്‍മ്മപഥം...
സ്വപ്ന,യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലെയിടവഴി,
വാഴ്വിന്‍ കാല്‍ച്ചോടുകളുറപ്പിച്ച പുണ്യവഴി.

വെട്ടുവഴി തുടങ്ങി ഇടവരമ്പുവരെ
വെട്ടിപ്പിടിക്കയായി കോണ്‍ക്രീറ്റുപാത നീളേ!
വെട്ടി-തരു,ലതകള്‍ പൊക്കി-മണിസൗധങ്ങള്‍
മാറ്റം വിധേയമായി മടങ്ങി,ഗ്രാമീണഭംഗി.
കാണാമൈതാനങ്ങളും കളിമ്പസ്ഥലങ്ങളും
ആറ്റക്കിളിപ്പറ്റവും കൂടുംവിട്ടെങ്ങോ പോയി!
കുന്നും മലയും തൂര്‍ത്തു, തരിശാക്കുന്നു വയല്‍
വിരിയാന്‍ വരണ്ടൊരു സംസ്‌കാരം നടും ചിലര്‍!
കുന്നും പുഴയും മല, വയല്‍, കായലുകളും
സന്ധിക്കുമകഗ്രാമ നാഡിഞരമ്പാം വഴി...
തണും തണലുമെഴും ഗ്രാമങ്ങള്‍ വിട്ടകലാന്‍
നഗരവഴി കാട്ടിത്തന്നതുമീവഴികള്‍.

ഇ,ന്നഗരമധ്യത്തിലാകാശം തഴുകുന്ന
കെട്ടിടസമുച്ചയ മുറിയില്‍, മിഴിക്കുള്ളില്‍-
കണ്ടു ഞാന്‍, പള്ളിക്കൂടം പോകും കൂട്ടരുമാ-യെന്‍
ഗ്രാമവിശുദ്ധിയുടെയിടവഴി പിന്നെയും...
നാട്ടിടവഴിവശം നല്ലില്ലിക്കൂട്ടങ്ങളും
ഇലഞ്ഞി,യിലവംഗം പൂത്തുതളിര്‍ക്കും കാലം
കരിയിലയില്‍ പാദം വെയ്‌ക്കേ കൊലുസിന്‍ നാദം
ഹര്‍ഷമായകതാരില്‍ നൃത്തമാധുരിയേകേ
കൗമാരവഴിയൊന്നു വളയും ചാരത്തന്ന്
കാത്തുഞാന്‍ പ്രിയതയെ ഗോപ്യമായ് ചുംബിക്കവേ,
കൃഷ്ണകിരീടമൊളികണ്ണാല്‍ തലകുനിച്ചു-
നോക്കുന്നു, കുരുക്കുത്തി നാണിച്ചു, പുഞ്ചിരിച്ചു.
പൊട്ടിയ കുപ്പിവള വീണവഴി, മഴയില്‍
ഒട്ടുകാര്യങ്ങള്‍ ചൊല്ലി ഒറ്റക്കുടയില്‍ കൂടെ...
ആഞ്ഞിലിവേരില്‍ തട്ടിവീണു, മുട്ടിന്‍ മുറിവില്‍
പിഴിഞ്ഞു കമ്യൂണിസ്റ്റുപച്ച,യോര്‍മ്മയില്‍ പച്ച.
മുന്‍മുറ്റമിറങ്ങി മിഴിപാകുന്ന രാവത്ത്
സുരഭിയായ് നിശാഗന്ധി പൂക്കുന്ന നേരത്ത്
വീഴും നിലാവുറങ്ങും മിന്നും മിന്നാമിനുങ്ങും
മൂളും ചീവീടും രാവും എന്റെ കൂട്ടുകാരാവും.

ശപ്തമാം സാഹസങ്ങള്‍ തപ്തമീ നിനവുകള്‍
ഗൃഹാതുരത്വ,മിടനാഴിയില്‍ പുകയുന്നു...
അകലം കീഴടക്കാന്‍ ഹൃദ്ബന്ധമകറ്റി നാം
ദുരന്തങ്ങള്‍ വി,ട്ടിന്നും തേടു,മില്ലാവഴികള്‍?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com