'ബുദ്ധനും ജനാലയും'- ശ്രീകുമാര്‍ കരിയാട് എഴുതിയ കവിത

എന്തോ തട്ടിമറിഞ്ഞതിന്‍ ശബ്ദം കേട്ടൂ,  കാറ്റുവന്നു-തൊട്ടു  താനേ ചാഞ്ചാടുന്നൂ ജാലകക്കര്‍ട്ടന്‍
'ബുദ്ധനും ജനാലയും'- ശ്രീകുമാര്‍ കരിയാട് എഴുതിയ കവിത

ന്തോ തട്ടിമറിഞ്ഞതിന്‍ ശബ്ദം കേട്ടൂ,  കാറ്റുവന്നു-
തൊട്ടു  താനേ ചാഞ്ചാടുന്നൂ ജാലകക്കര്‍ട്ടന്‍.
ബുദ്ധനപ്പോള്‍ പുഞ്ചിരിച്ചൂ, കൊച്ചുഗ്ലാസ്സില്‍ത്തിളങ്ങുന്ന
പച്ചവെളളം ചുണ്ടുചേര്‍ത്തുശ്രദ്ധകൂര്‍പ്പിച്ചു.
വീണ്ടുമെന്തോ താഴെവീണു ചിതറുന്നോരൊച്ചവന്നു-
കാതിലാകെ മുഴങ്ങുന്നൂ,  ഞെട്ടാതെ ബുദ്ധന്‍-
ആലിലപോലിളകുന്ന താളുകളിലോരോന്നായി-
താരലിപീസാന്നിദ്ധ്യങ്ങള്‍ വായിച്ചിരുന്നു.

ജന്മജന്മാന്തരങ്ങളായ് കറങ്ങുന്ന ബോധചക്ര-
കര്‍മ്മസംസാരത്തുരുമ്പിന്‍ 'കിരുകിര'യില്‍
നാവരഞ്ഞു,ചോരവാര്‍ന്നുകാലടിച്ചുപിടയുന്ന-
ജീവപരമ്പരയുടെ ഭീകരചിത്രം
പച്ചിലച്ചാറിനാലേതോ ചിത്രകാരന്‍ വരച്ചതിന്‍-
വിസ്മയകലാശൈലിയില്‍ മനം മറന്നു.   
പുസ്തകമടച്ചുബുദ്ധന്‍  ജനാലക്കല്‍ച്ചെന്നുനിന്നു,-
വിശ്വമാകെയില്ലാതാകും വലിയ കാഴ്ച
സുസ്മിതത്തില്‍ ലയിക്കുന്നു, കാറ്റുവന്നു, ജനല്‍ക്കര്‍ട്ട-
നപ്പൊഴുമൊന്നാടി, രംഗം മറഞ്ഞുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com