'വീടുകള്‍ വിട്ടിറങ്ങുന്ന പെണ്‍കുട്ടികള്‍'- ഗാര്‍ഗി ഹരിതകം എഴുതിയ കവിത

കാറ്റടങ്ങുമ്പോള്‍കൂടെക്കൊണ്ടുവന്നകനങ്ങളോരോന്നായിതാഴെ വീഴും
'വീടുകള്‍ വിട്ടിറങ്ങുന്ന പെണ്‍കുട്ടികള്‍'- ഗാര്‍ഗി ഹരിതകം എഴുതിയ കവിത

രുഭൂമിയിലെ പൊടിക്കാറ്റുകളാണ്

വേരുകളില്ലാതെ കുത്തിനിര്‍ത്തിയ
വഴുവഴുക്കുന്ന തറകളുടെ
ഉറപ്പില്ലാത്ത കട്ടിലുകളുള്ള
വീടുകളില്‍നിന്ന്
പുറത്ത് കടുത്ത വരള്‍ച്ചയാ
ണെന്നുറപ്പും ഭയവുമുണ്ടായിട്ടും
ഇറങ്ങിയോടാന്‍, അലയാന്‍
ഊര്‍ജ്ജമുള്ളവര്‍

പോകും വഴി
ഒരു മരത്തെയോ മരുപ്പച്ചയെയോ
അവര്‍ വെറുതെ വിട്ടതായി കേട്ടിട്ടില്ല
സ്വയം പകര്‍ന്നും
എടുത്തുമാണവര്‍
യാത്രചെയ്യുക

കാറ്റടങ്ങുമ്പോള്‍
കൂടെക്കൊണ്ടുവന്ന
കനങ്ങളോരോന്നായി
താഴെ വീഴും

കെട്ടിയിടപ്പെട്ടതിന്‍ മുറിവുകള്‍;
ഓരോ കാലത്തിലും കൂട്ടിവച്ച
ഉണങ്ങിയ ഇലകള്‍

തന്റേതല്ലാത്ത ശരീരത്തെ
ഉറക്കത്തിലും സംരക്ഷിക്കണമെന്ന
ചില്ലുപൊടികള്‍

ഏറ്റവും സുരക്ഷിതമെന്ന് വിശ്വസിച്ച്
രഹസ്യഭാഗങ്ങളില്‍ പടര്‍ന്ന
മുള്‍ക്കൂട്ടങ്ങള്‍

സ്‌നേഹം ഇവിടെ മാത്രമേ ഉള്ളൂ എന്ന്
വീണ്ടും വീണ്ടും കേള്‍പ്പിച്ച്
വഞ്ചിച്ച കല്ലുകഷണങ്ങള്‍

പുറത്തുള്ളവയോടുള്ള കൗതുകം
വെറും സ്വാര്‍ത്ഥതയെന്ന്
കൊഴിഞ്ഞുണങ്ങിയ പൂവിതളുകള്‍

പിന്നെയും അനേകായിരം
നുള്ളുനുറുമ്പുകള്‍
കണക്കെടുത്താല്‍ തീരാത്തവ

കാറ്റടങ്ങുമ്പോള്‍ തരികളോരോന്നായ്
ഒരുമിച്ചുകൂടാന്‍ വരും
ഇല്ലാത്ത ജലാംശത്തെ തേടിയടുത്തു വരും
ഒരുമിച്ചൊന്നായി വരുമ്പോഴാവും
അടുത്ത കൊടുംകാറ്റ്...

ജനിച്ചയന്നുമുതല്‍
എന്നെങ്കിലും മറ്റൊരിടത്തേക്ക്
പോവേണ്ടവളെന്ന് കേട്ടുകേട്ട്
ഇല്ലാത്ത വീടിലെ
വഴുക്കുന്ന തറകളില്‍
ഉറക്കാതെ പോയവര്‍
പൊടിഞ്ഞു പലതായതാണ്
നൃത്തം പഠിച്ചതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com