നൊബേല്‍ സമ്മാന ജേതാവായ അമേരിക്കന്‍ കവി ലൂയിസ് എലിസബത്ത് ഗ്ലിക്കിന്റെ നാല് കവിതകള്‍

നൊബേല്‍ സമ്മാന ജേതാവായ അമേരിക്കന്‍ കവി ലൂയിസ് എലിസബത്ത് ഗ്ലിക്കിന്റെ നാല് കവിതകള്‍

ലൂയിസ് എലിസബത്ത് ഗ്ലിക്ക്- വൈയക്തികവും അലങ്കാരരഹിതവുമായ കാവ്യശബ്ദം
  
1943 ഏപ്രില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ചു. സാറാ ലോറന്‍സ് കോളേജിലും കൊളംബിയ യൂണിവേഴ്സിറ്റിയിലും പഠിച്ചു. കവിതാ സമാഹാരങ്ങള്‍: (First Born (1968), The House of the Marshland (1975), Descending Figure (1980), The Triumph of Achillus (1985), Poems (1962-2012).
സ്വന്തം ജീവിത പരിസരങ്ങളേയും ശരീരത്തേയും മുന്‍നിര്‍ത്തി സാര്‍വ്വലൗകികമായ ജീവിതോന്മുഖതയെ അഭിസംബോധന ചെയ്യുന്ന കവിതകളാണ് ലൂയിസ് ഗ്ലിക്കിന്റേത്. ഒരുതരം ഏറ്റുപറച്ചിലിന്റേയോ കുമ്പസാരത്തിന്റേയോ സ്വരം എല്ലാ കവിതകളിലുമുണ്ട്. പുലിറ്റ്‌സര്‍ സമ്മാനമുള്‍പ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ''വൈയക്തികമായ അസ്തിത്വത്തെ സാര്‍വ്വലൗകികമാക്കുന്ന അലങ്കാരരഹിതവും കുറ്റമറ്റതുമായ കാവ്യശബ്ദത്തിന്റെ പേരില്‍'' 2020-ലെ നൊബേല്‍ സമ്മാനത്തിന് അര്‍ഹയാമായി.
-----

രാത്രി നടത്തം 

ഇപ്പോള്‍ അവള്‍ക്ക് വയസ്സായതിനാല്‍
ചെറുപ്പക്കാര്‍ അവളെ സമീപിക്കാറില്ല.
അതുകൊണ്ട് രാത്രികളില്‍ അവള്‍ സ്വതന്ത്രയാണ്.
പ്രഭാതങ്ങളില്‍ അപകടകരമായിരുന്ന തെരുവുകള്‍,
ഇപ്പോള്‍, പുല്‍മൈതാനം പോലെ സുരക്ഷിതം.
അര്‍ദ്ധരാത്രിയാകുന്നതോടെ നഗരം ശാന്തമാകും
നിലാവ് കല്‍ച്ചുമരുകളില്‍ തട്ടി പ്രതിഫലിക്കുന്നു.
നടപ്പാതകളില്‍, വീടുകളിലേക്ക്
ധൃതിപിടിച്ചു നടക്കുന്ന പുരുഷന്മാരുടെ സംഭ്രമം നിറഞ്ഞ ശബ്ദങ്ങള്‍
നിങ്ങള്‍ക്ക് കേള്‍ക്കാം. അവര്‍ തങ്ങളുടെ ഭാര്യമാരുടേയും
അമ്മമാരുടേയും അടുത്തേക്ക്, അവരുടെ വീടുകളിലേക്ക്
കുതിക്കുകയാണ്. ഈ വൈകിയ വേളയില്‍ വാതിലുകള്‍ അടഞ്ഞു-
കിടപ്പാണ്. ജനലുകളില്‍ ഇരുട്ട് മൂടിയിരിക്കുന്നു.
അവളെ കടന്നുപോകുമ്പോള്‍ അവര്‍ അവളെ ശ്രദ്ധിക്കാറില്ല.
അവള്‍ ഒരു പുല്‍വയലിലെ ഉണങ്ങിയ ഒരിലത്തുമ്പ് പോലെയാണ്.
അതുകൊണ്ട് നിലത്തുനിന്നുയരാത്ത അവളുടെ കണ്ണുകള്‍ക്ക്
ഇപ്പോള്‍ ഇഷ്ടമുള്ളിടത്തേക്ക് നോക്കാന്‍ സ്വാതന്ത്ര്യമുണ്ട്.
തെരുവുകള്‍ മടുക്കുമ്പോള്‍, നല്ല കാലാവസ്ഥയുണ്ടെങ്കില്‍ അവള്‍ 
നഗരം അവസാനിക്കുന്നിടത്തുള്ള വയലുകളിലൂടെ നടക്കുന്നു.
വേനല്‍ക്കാലത്ത് ചിലപ്പോള്‍ അവള്‍, ദൂരെ പുഴവരെ പോകും.
ചെറുപ്പക്കാര്‍ സാധാരണയായി പുഴയുടെ അടുത്ത് കൂട്ടംകൂടി
നില്‍ക്കാറില്ല. പക്ഷേ, ഇപ്പോള്‍ മഴയില്ലാത്തത് കൊണ്ട് പുഴയുടെ
ആഴം കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് തീരം വിജനമാണ്.
അവിടെ പിയോണിച്ചെടികള്‍ ഉണ്ടായിരുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും, സന്ദര്‍ഭവശാല്‍ ജോടികളായി
കാണപ്പെട്ടു. അവര്‍ കാട്ടിലേക്കുള്ള വഴിയിലൂടെ പോയി.
കാട്ടില്‍ എപ്പോഴും പോക്കുവെയിലായിരുന്നു.

കാട് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാവും.
നഗ്‌നമായ ശരീരങ്ങള്‍, അവയ്‌ക്കൊളിക്കാന്‍, മറ്റു സ്ഥലങ്ങള്‍
കണ്ടെത്തിയിട്ടുണ്ടാവും
തീരത്തെ നരച്ച കല്ലുകള്‍ക്കെതിരെ രാത്രിയിലെ ആകാശത്തിന്
ഡിസൈനുകള്‍  നിര്‍മ്മിക്കാന്‍ പുഴയിലിപ്പോള്‍
ആവശ്യമായ വെള്ളം മാത്രമേയുള്ളൂ.
ചന്ദ്രന്‍ പ്രകാശിക്കുന്നുണ്ട്: അനേകം കല്ലുകള്‍ക്കിടയില്‍
മറ്റൊന്ന് പോലെ.
കാറ്റ് വീശുന്നുണ്ട്. പുഴയുടെ തീരത്തുള്ള ചെറിയ വൃക്ഷങ്ങളെ
അതുലയ്ക്കുന്നുണ്ട്.
ഒരു ശരീരത്തെ നോക്കുമ്പോള്‍ നിങ്ങള്‍ കാണുന്നത് 
ഒരു ചരിത്രത്തെയാണ്.
ഒരിക്കല്‍ കാണുന്ന ആ ശരീരം പിന്നീടൊരിക്കലും കാണപ്പെടുന്നില്ല.
അത് പറയാന്‍ ശ്രമിച്ച കഥകള്‍ നഷ്ടമാവുന്നു.
ഇതുപോലുള്ള രാത്രികളില്‍ അവള്‍ തിരിച്ചുപോകും മുന്‍പ്
ദൂരെ പാലം വരെ നടക്കുന്നു.
എല്ലാത്തിനും ഇപ്പോഴും വേനലിന്റെ ഗന്ധമാണ്.
യുവതിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതേ ശരീരമാണ്
തനിക്കിപ്പോഴുമുള്ളതെന്ന് അവള്‍ക്ക് തോന്നുന്നു;
നേരിയ വേനല്‍ക്കാലവസ്ത്രത്തില്‍ തിളങ്ങുന്ന അതേ ശരീരം.

ക്ഷീണം 

ശിശിരകാലം മുഴുവന്‍ അയാള്‍ ഉറങ്ങുന്നു.
അതിനുശേഷം അയാള്‍ ഉണരുന്നു. ഷേവ് ചെയ്യുന്നു.
വീണ്ടും ഒരു മനുഷ്യനായിത്തീരാന്‍ ഒരുപാട് സമയമെടുക്കുന്നു.
കണ്ണാടിയിലെ അയാളുടെ മുഖത്ത് കുറ്റിരോമങ്ങളുണ്ട്.
ഭൂമി, ഇപ്പോള്‍, അയാളെ കാത്തിരിക്കുന്ന ഒരു സ്ത്രീയെപ്പോലെയാണ്.
ഒരു മഹത്തായ പ്രതീക്ഷ; അതാണ് അവരെ ബന്ധിപ്പിക്കുന്നത്;
അയാളേയും ആ സ്ത്രീയേയും.
തനിക്ക് അര്‍ഹതപ്പെട്ടതാണ് ലഭിച്ചത് എന്നു തെളിയിക്കാന്‍
പകല്‍ മുഴുവന്‍ അയാള്‍ക്ക് ജോലി ചെയ്യേണ്ടിയിരിക്കുന്നു.
നട്ടുച്ച. അയാള്‍ ക്ഷീണിതനാണ്. അയാള്‍ക്ക് ദാഹിക്കുന്നു.
ഇപ്പോള്‍ അയാള്‍ നിര്‍ത്തുകയാണെങ്കില്‍, അയാള്‍ക്ക്
ഒന്നും ബാക്കിയുണ്ടാവില്ല.
അയാളുടെ മുതുകില്‍നിന്നും കൈകളില്‍നിന്നും ഒഴുകിയിറങ്ങുന്ന
വിയര്‍പ്പ് അയാളുടെ ജീവിതം പോലെയാണ്, പകരംവയ്ക്കാന്‍
ഒന്നുമില്ലാത്തത്.
അയാള്‍ ഒരു മൃഗത്തെപ്പോലെ അധ്വാനിക്കുന്നു; ഒരു യന്ത്രം
പോലെ; ഒരു വികാരവുമില്ലാതെ.
പക്ഷേ, ആ ചങ്ങല ഒരിക്കലും പൊട്ടുന്നില്ല.
ഭൂമി ഇപ്പോള്‍ അയാളോട് തിരിച്ച് വന്യമായി യുദ്ധം ചെയ്യുന്നുണ്ടെങ്കിലും
ഈ വേനല്‍ച്ചൂടില്‍, അയാള്‍ അതിനോട് പറ്റിച്ചേര്‍ന്ന് ഇരിക്കുന്നു;
അഴുക്ക്, തന്റെ വിരലുകളിലൂടെ
ഒഴുകുവാന്‍ അനുവദിച്ചുകൊണ്ട്.
സൂര്യന്‍ അസ്തമിക്കുന്നു. ഇരുട്ട് വന്നെത്തുന്നു.
ഇപ്പോള്‍, വേനലിന്റെ അവസാനമായതിനാല്‍ ഭൂമി കഠിനവും
തണുത്തതുമാണ്.
പാതയരികില്‍ ചില ഒറ്റപ്പെട്ട 
തീക്കൂനകള്‍ എരിയുന്നു.
സ്‌നേഹത്തിന്റേതായി ഒന്നും അവശേഷിക്കുന്നില്ല;
അപരിചിതത്വവും വെറുപ്പും മാത്രം.

ഏകാന്തത 

ഇന്ന് നല്ല ഇരുട്ടാണ്.
മഴയിലൂടെ പര്‍വ്വതങ്ങള്‍ ദൃശ്യമല്ല.
ജീവിതത്തെ പാതാളത്തിലേക്ക് താഴ്ത്തുന്ന മഴയുടെ ശബ്ദം മാത്രം.
മഴയോടൊപ്പം തണുപ്പ് വന്നെത്തുന്നു.
ഇന്ന് രാത്രി ചന്ദ്രനുണ്ടാവില്ല; നക്ഷത്രങ്ങളും.

രാത്രിയില്‍ കാറ്റ് വീശി.
രാവിലെ മുഴുവന്‍ അത് ഗോതമ്പുവയലുകളില്‍ ആഞ്ഞടിച്ചു.
ഉച്ചയ്ക്ക് കാറ്റ് നിലച്ചു.
പക്ഷേ, കൊടുങ്കാറ്റ് തുടര്‍ന്നുകൊണ്ടിരുന്നു
വരണ്ട വയലുകളെ നനച്ചുകൊണ്ട്; അവയെ വെള്ളത്തിലാഴ്ത്തിക്കൊണ്ട്.
ഭൂമി അപ്രത്യക്ഷമായിരിക്കുന്നു. ഒന്നും കാണാനില്ല;
ഇരുണ്ട ജാലകങ്ങളില്‍ മിന്നുന്ന മഴയല്ലാതെ.
ഇതാണ്, ഒന്നും ചലിക്കാത്ത ആ വിശ്രമസ്ഥലം.
നാം എന്തായിരുന്നു എന്നതിലേക്ക് ഇപ്പോള്‍ തിരിച്ചുപോവുന്നു;
ഇരുട്ടില്‍ ജീവിക്കുന്ന മൃഗങ്ങളിലേക്ക്;
ഭാഷയോ കാഴ്ചയോ ഇല്ലാതെ.
ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിന് ഒരു തെളിവുമില്ലാതെ.
മഴ മാത്രമേയുള്ളൂ; മഴ അനാദിയാണ്.

എരിയുന്ന ഇലകള്‍ 

മരിച്ച ഇലകള്‍ക്ക് എളുപ്പം തീപിടിക്കും
അവ പെട്ടെന്ന് എരിയുന്നു.
അധികം സമയമെടുക്കാതെ അവ വസ്തുവില്‍ നിന്ന്-
ഇല്ലായ്മയിലേക്ക് രൂപം മാറുന്നു.
നട്ടുച്ച. ആകാശം തണുത്തും നീലിച്ചും കിടക്കുന്നു.
തീക്കൂനയ്ക്കു താഴെ, നരച്ച മണ്ണു മാത്രം.
എല്ലാം എത്ര പെട്ടെന്ന് സംഭവിക്കുന്നു; എത്ര പെട്ടെന്ന് പുക തെളിയുന്നു!
ഇലകള്‍ കൂമ്പാരമായിക്കിടന്നിടത്ത്, പെട്ടെന്ന് ശൂന്യത 
വിസ്തൃതമായി തോന്നുന്നു.
റോഡിനെതിരെ ഒരു കുട്ടി ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്.
ഇലകള്‍ എരിയുന്നതും നോക്കി അവന്‍ വളരെ നേരമായി
അവിടെ നില്‍ക്കുന്നു.
ഭൂമി മരിച്ചുപോയിരിക്കുന്നു എന്ന്, ചിലപ്പോള്‍, ഇങ്ങനെയാവും
നിങ്ങള്‍ അറിയുക; അത് ചുട്ടെരിക്കപ്പെടുമെന്നും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com