'ഹേ ശരീര!'- കെ.എ. ജയശീലന്‍ എഴുതിയ കവിത
By കെ.എ. ജയശീലന്‍ | Published: 13th September 2020 05:19 PM |
Last Updated: 13th September 2020 05:19 PM | A+A A- |

നിജമായ കാലത്തില്‍
നില്ക്കുന്നു, നീ ശരീര!
ഇളക്കുന്നില്ല നിന്നെ,
വഴി തെറ്റിക്കുന്നില്ല,
മനസ്സിന് വികൃതികള്‍.
മനസ്സ് ലോകത്തിനെ
അങ്ങങ്ങു മാത്രം തൊടും
പുല്‍ച്ചാടന്‍, അതിന് കാലം
കേവലം കഥാകാലം.
നിര്‍ത്താതെ, നിരന്തരം-
നിസ്സഹായമായ്, തുലോം
അസ്വതന്ത്രമായ്- അതു
കഥകള്‍ കൊരുക്കെ, ആ
ചലനങ്ങള്‍ക്ക് പിന്നില്‍
ഒളിച്ചുകടക്കുന്ന
കാലത്തെ കാണ്മീലത്.
'സമയ'മില്ല കാണാന്‍
കാലത്തെ, മനസ്സിന്.
(ഒരു ഞെട്ടലോടെ ഞാന്‍
ചോദിച്ചു: എന്നാണെന്റെ
മുടികള്‍ നരച്ചതു?!)
അപ്പൊഴൊക്കെയും എന്നാല്‍
നീ തനോ! ഗണിക്കുന്നു
നിമിഷങ്ങളോരോന്നും
കോശകോശത്തില്, ഓരോ
ഞരമ്പിന് മിടിപ്പിലും.
(ഇപ്പീടികയില് നല്ല
കണക്കെഴുത്തുകാരന്-
അലസന് ഉടമസ്ഥന്!)