'കയ്പ്'- കെ.ജി.എസ് എഴുതിയ കവിത

കയ്പാലിത്തിരിപുരളാതില്ലൊരു നേരും, കണ്ണീ-രില്ലാതില്ലൊരു കണ്ണും.
'കയ്പ്'- കെ.ജി.എസ് എഴുതിയ കവിത

യ്പാലിത്തിരി
പുരളാതില്ലൊരു നേരും, കണ്ണീ-
രില്ലാതില്ലൊരു കണ്ണും.

ഉറ്റവരെവിടെ?
ഊരെവിടെ? കാണാ-
തായത് സ്വര്‍ഗ്ഗം.

തേടാതെങ്ങനെ?
അടയാളങ്ങള്‍ മറഞ്ഞെന്നാലും?
ആശയിരുണ്ടെന്നാലും?
വരുമാരെങ്കിലുമെന്നൊരു നെഞ്ചില്‍
മിടിപ്പുണ്ടേലോ?

സന്നാഹങ്ങള്‍ പെരുക്കിയിറങ്ങി.
പലനാള്‍ മേലും കീഴും പരതി.
മുന്നും പിന്നും പരതി.
അടവും തുറവും പരതി.

ജെ സി ബി ത്തൊട്ടിലിലാടി
ഉറ്റവര്‍ ചിലരുണരാതെത്തി.
മേല്‍പ്പുര കീഴ്പുര പോയൊരു ജന്നല്‍
തല വിട്ട് തുറിച്ചൊരു കണ്ണായ്.
അത് കണ്ടതുമൊരു കാറ്റും
പരിചിതമല്ലാ ലോകം.

കിട്ടിയ കീറര്‍ത്ഥങ്ങള്‍
കയ്പേറും സൂചനകള്‍.
നാഗരികാര്‍ത്തികള്‍ പൊന്മുട്ടകള്‍
തേടിത്തോണ്ടിയ ഖനികള്‍
നാടിന്‍ കൂട്ട മൃതിക്കുഴിയായി.
ഭാവിയിലേക്ക്  കുതിച്ച പദങ്ങള്‍
പ്രാചീനതയില്‍ ചിന്നിച്ചിതറി.
ഉയരത്തിനൊരുങ്ങിയതെല്ലാം
പാതാളത്തിലടങ്ങിയമര്‍ന്നു.

തേടാതെങ്ങനെ, എന്നാലും?

മണ്ണിന്നടിയില്‍, പാറയ്ക്കടിയില്‍,
ചേറ്റുകയത്തില്‍ താഴും വാക്കില്‍
എല്ലാറ്റിലുമുള്ള തുടക്കത്തില്‍
എവിടെയുമാഴുമൊടുക്കത്തില്‍
എല്ലാറ്റിലുമുള്ള കയത്തില്‍
കരിവെയിലെരിയും മൗനത്തില്‍
കൂനിയിരിക്കുന്നുണ്ടാവാം
കാണാതായ മുതിര്‍ന്നോര്‍.

മൃതിയിലുമൊരു കളിമൈതാനം
കണ്ട് കിടാങ്ങള്‍
കളിയാടുകയാവാമവിടെ.

തെരയാതെങ്ങനെ?
കൈവരുമെന്ത്  തെരഞ്ഞാലും?
മണ്ണില്‍ത്താഴും രണ്ടോ മൂന്നോ
മുടിയിഴ വിരലിലിഴഞ്ഞാലായി.  

തെരയാതെങ്ങനെ, എന്നാലും?

തീയെ തീയിലുരുക്കിയിരുന്നൂ വിജ്ഞര്‍
പ്രതിയെ പ്രതിയിലുരുക്കിയിരുന്നൂ പൊലീസ്;
തെളിയാന്‍  നിഴലില്ലാപ്പൊരുള്‍:

ഒച്ചയിലുയരും മൂകത നേരോ?
ചിരിയിലൊലിക്കും കണ്ണീര്‍ നേരോ?
വിരിയലില്‍ വിളയും കരിയല്‍ നേരോ ?
നേരോ, കുതികളിലുറയുമനങ്ങായ്ക?
അറിവേക്കാള്‍ അറിവില്ലായ്കകള്‍
വാഴും പുരമോ നമ്മുടെ പ്രജ്ഞ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com