'കുന്നലക്കോന്‍'- ഇന്ദുമേനോന്‍ എഴുതിയ കവിത

തിരുവച്ചിറയപ്പനു താമരപ്പൂക്കൊതി പൂത്തനാട്ടുനിലാവിനാലില പാതിരാത്രി
'കുന്നലക്കോന്‍'- ഇന്ദുമേനോന്‍ എഴുതിയ കവിത

തിരുവച്ചിറയപ്പനു താമരപ്പൂക്കൊതി പൂത്ത
നാട്ടുനിലാവിനാലില പാതിരാത്രി
പൂക്കാമുല്ലമരം വേലിയോരത്ത് നട്ടിട്ട്
പൂമുല്ലമരമ്പൂത്തൊരത്തറുമിട്ടിട്ട്
മീഞ്ചന്തചാടി തീവണ്ടിപ്പാതകടന്നു
തണുപ്പില്‍ താമരമണം പൊന്തിയ
തെളിനീരു തേടി മരയ്ക്കാരു കാറ്റില്‍ കലങ്ങി

കടകടഹവായില്‍ കാല്‍ വഴുത്തൊരു
മാപ്പിള  കള്ളമായ് നടന്നുപോയി
മെല്ലെയയാള്‍ക്കുള്ളില്‍ കേറിപ്പറ്റി
ചാക്കില്‍ കോഴിച്ചണ്ടി കെട്ടിപ്പൊതിഞ്ഞ്
സൈക്കിളിന്‍ പിന്നിലമര്‍ത്തിക്കെട്ടിവെച്ച്
സൈക്കിള്‍ പതുക്കനെയുന്തി
ചക്കരപ്പൂഴിയില്‍ ചക്രം കറങ്ങി
നനുനനചിതറി മുണ്ടില്‍ പതിഞ്ഞ്
അങ്ങനെയാള്‍ക്കൊപ്പം നടന്നു.

മാപ്പിളയ്ക്ക്  കോഴിച്ചണ്ടി പൂഴ്ത്താനിടമില്ല
തിരുവച്ചിറയല്ലാതെ ഒരു കടവുമില്ല
അയാള്‍ക്കെന്ത് ഞെളിയാന്‍പറമ്പ്? ആരെപ്പേടി?
മരയ്ക്കാനു ചിരിവന്നുപോയി.
പിന്നെ പേടിയുമായി വല്ലവരും കണ്ടാലു

തിരുവച്ചിറയപ്പന്‍ ആലുഞ്ചോട്ടിലിരുന്നു പടച്ചോറുണ്ടു.
പ്രമേഹം ചീര്‍ത്ത കുംഭതടവി
ഉപ്പുമില്ലാ മധുരവുമില്ല തേങ്ങാതാളിച്ച രുശിയുമില്ല
ഒരുകഷണം വറത്തമീന്‍ കിട്ടിയാല്‍ കുശിയായേനെ
''ഇന്നും കോഴിച്ചണ്ടിമാപ്പിളയാ? കള്ളമ്മാരാരും വന്നില്ലെ?''യെന്ന്
ചുമ്മാതെ വിളിച്ചു ചോദിച്ചു. ഒരുരുള വേണോന്നും
''വല്ല കമ്മിറ്റിക്കാരും വരുവോ?
മാറാട്ടുകാരാണ് ഒന്ന് നോക്കണെ''ന്നു
പറഞ്ഞ് പടിക്കെട്ടില്‍ ചവിട്ടിനിന്നു ചാക്കഴിച്ചു

അന്നറുത്ത ഹലാലായ പച്ചക്കോഴിമണം പൊന്തി
മുഴുക്കള്‍ വിശപ്പോടെ മാപ്പിളയുടെ കാല്‍വിരല്‍ കടിച്ചു
കാല്‍കുടഞ്ഞപ്പോള്‍ കുഞ്ഞായിശൂന്റെ മൂക്കിനു തട്ടി
കഴുത്തിലെ മുറിത്തുന്നലില്‍ ചോരകിനിഞ്ഞു
മരയ്ക്കാര്‍ക്ക് നീറി

പതുക്കെ ചാക്കുവലിച്ചു ചിറയിലേക്കൂളിയിട്ടു
ജലം മുറിച്ച് ജലം തുളച്ചൊരായിരം വിശപ്പന്‍ മുഴുക്കളും
അടിത്തട്ടില്‍ കോഴിക്കുടലും താമരവള്ളിയും
മരയ്ക്കാരുടെ മരണമുറിവിലെ ചോരതട്ടി ഒരേപോലെ ചോത്തു

കോഴീടെ കരളുകള്‍ പൂമൊട്ടുപൊന്തി മുകളില്‍ മുളച്ചു
തെളിവെള്ളച്ചോരപ്പൂമൊട്ടായ്
കാലുകള്‍ കടലിലെ നക്ഷത്രമത്സ്യങ്ങള്‍
കോഴിക്കുണ്ടി കുഞ്ഞായിശൂന്റെ പൊക്കിള്‍
കോഴിപ്പൂവ് ശരിക്കും കുട്ടിത്താമര

കുളത്തിലെ ചുഴീലു സാമൂരീന്റെ സ്വര്‍ണ്ണനാണയം തേടി
കുളത്തിലെ ഏഴു കിണറിലും പണ്ടപ്പെട്ടി തേടി
തുരുമ്പിച്ച വാളും പരിശയും കുന്തമുഖവുമല്ലാതെ
മാപ്പിളയേയും പറങ്കിയേയും പറ്റിച്ച പൈശകണ്ടില്ല
നായരച്ചി മാറിയ പുയ്യിസ്ലാമാണെങ്കിലും
കാശ് മാലയ്ക്കുള്ള ഇഷ്ടം വിടാത്ത കുഞ്ഞായിശൂനാ
മുങ്ങാങ്കുഴിയിട്ട് തേടി
ഒരു തുടം പൊന്നെങ്കിലും കിട്ടിയാല്‍ നന്നായേനെ

പെലച്ചയ്ക്ക്  പള്ളിമിനാരത്തിലു
പൊഞ്ചന്ദ്രന്‍ പെറ്റപോലെ പൊന്‍നിറ മുട്ടബള്‍ബുകള്‍
മാനത്ത് ചെറുങ്ങനെ വെള്ളകീറ്റം
''മതി കേറിപ്പൊന്നോളാ മരയ്ക്കാരെ മാപ്പിളയൂതൂട്ടോ''
തിരുവച്ചിറയപ്പന്‍ കാറ്റില്‍കുളിര്‍ന്നൊരു കോട്ടുവായിട്ടു.

മരയ്ക്കാര്‍ ചൊടിച്ചു ''ഇന്നുമില്ല''
അയാളു വാളുവീശി സാമൂരീടെ ആനേടെ വാലു മുറിഞ്ഞു
പിന്നെ താമരത്തണ്ടില്‍ ചേറിളക്കി വീശോട് പെരു വീശ്
പറങ്കിപ്പണ്ടാരങ്ങളു നൂറെണ്ണം ചത്തു
നായരുരാജാവിന്റെ കുടുമയും സാമാനവും പോയി
നായരച്ചിയുടെ മൂക്കും മുലയും മുടിയും പോയി
എത്രയോ താമരകളു തണ്ടുപോയി തണ്ണീരില്‍
തെഴുത്തു പൊന്തി

ആല്‍ച്ചോട്ടില്‍ വയസ്സന്റെ ചമയത്തില്‍ ക്ഷീണിച്ച്
തിരുവച്ചിറയപ്പന്‍ കെഞ്ചി
''ഒന്നൂടെ താടാ. നേരത്രാ ഒറക്കെളച്ചു കാവലു നിന്നു?''
പതിനൊന്നാമത്തെ താമരയ്ക്കായി കൈ നീട്ടി

മാപ്പിള ചിരിച്ചു അവസാനത്തെ വെള്ളത്താമരയും കൊടുത്തു
ചോന്നതാമര സൈക്കിളിന്റെ മുമ്പില്‍ വെച്ചു
കണ്ണിറുക്കി ''കുഞ്ഞായിശൂനു''

ദൈവങ്ങള്‍ക്കും മരിച്ചവര്‍ക്കും വേണ്ടിയാണു
താമരകള്‍ പൂക്കുന്നത്.
തിരുവച്ചിറ പൂക്കടലാവുന്നത്
തിരുവച്ചിറയപ്പന്‍ ഉടയാടയൂരാതെ ഉറങ്ങാന്‍ പോയി
നിര്‍മ്മാല്യം കാണാന്‍ അവള്‍ വരുമല്ലോ

മാപ്പിള തിരക്കിട്ട് മാത്തോട്ടത്തേയ്ക്കും പോയി
ബാങ്ക് വിളിക്കും മുന്‍പ് അവളുണരും
പൂവുകളും ഇലകളും ഇളങ്കൂര്‍ക്കം നിര്‍ത്തി
ഉറക്കമെണീക്കും മുന്‍പ് അവളുണരും
ഗോട്ടിക്കണ്ണന്‍ കൂമമ്മാരു ഉറങ്ങാന്‍ പോകും മുന്‍പ്
അവളുണരും

എന്റെ കുഞ്ഞാലി മരയ്ക്കാരെ എന്നവള്‍
ഉറക്കപ്പിച്ച് വിളിക്കുമ്പോള്‍
കെവിരിനാരിട്ട് അവള്‍ തുന്നിപ്പിടിച്ച
തലയധികം ഇളക്കാതെ കണ്ണു തുറക്കണം
വര്‍ഷങ്ങളായുള്ള പ്രേതയുറക്കം മുറിക്കണം
എന്നിട്ട് അവള്‍ക്കും കൊടുക്കണം
ഒരു താമരപ്പൂവ്, തിരുവച്ചിറയപ്പനു കൊടുക്കാത്ത
മുഴുപൂക്കാലം മണക്കുന്ന ചോന്നയൊന്ന്
രഹസ്യമായിട്ട്

പള്ളിക്കണ്ടീലു മൈലാഞ്ചിക്കാടിളകുമ്പോ
കബറില്‍ മരിച്ചവരു പ്രേമിക്കയാണെന്ന്
ആര്‍ക്കാണറിയാത്തത്?

********************

തിരുവച്ചിറയപ്പന്‍: സാമൂതിരിയുടെ കോലോന്തൊടിയില്‍  ഉള്ള കൃഷ്ണദൈവം. വളരെ സ്‌നേഹമയന്‍. കുളിക്കാന്‍ ഏക്കറു കണക്കിനു അമ്പലക്കുളം ഉള്ള ആളാണ്. ഇപ്പോള്‍ മീഞ്ചന്ത ആര്‍ട്ട്സ് കോളേജിനു പുറകില്‍ കാണാം ആ  വലിയ കുളം. ഏഴു കിണറുകളുണ്ട്. പറങ്കികളേയും കുഞ്ഞാലി മരയ്ക്കാരേയും പറ്റിച്ച് നിധി ഈ കിണറില്‍ സൂക്ഷിച്ചിരിക്കുന്നുവത്രെ. സാമൂരിക്കോലോത്തെ വെടിപ്പുരയിലൂടെ ഒരു തുരങ്കം വഴി കുളത്തിലേയ്ക്ക് പ്രവേശിക്കാമത്രെ.

ഞെളിയാന്‍പറമ്പ്: കോഴിക്കോട്ടെ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലം

കുന്നലക്കോന്‍: കുന്നിന്റേയും അലയുടേയും അധിപതിയായവന്‍ അഥവാ സാമൂതിരി എന്നാണര്‍ത്ഥം. എന്നാല്‍ പിന്നീട് കുഞ്ഞാലി മരയ്ക്കാര്‍  തന്റെ വിശിഷ്ടനാമമായി സമുദ്രത്തിന്റെ രാജ എന്നു സ്വീകരിച്ചുവത്രെ. ഇവിടത്തെ കുന്നലക്കോന്‍ കുഞ്ഞാലി മരയ്ക്കാരാണ്. സാമൂതിരിക്ക് എതിരായ ഇദ്ദേഹം അധികാരം മൂത്ത്  നായന്മാരെ നിര്‍ബ്ബന്ധ മതപരിവര്‍ത്തനം ചെയ്തു. നായര്‍ രാജാവിന്റെ മുടിക്കുടുമ കളയുകയും അയാളെ വന്ധ്യംകരിക്കയും ചെയ്തുവത്രെ. ഒപ്പം വീട്ടിലെ സ്ത്രീകളെയൊക്കെയും മുലയും മൂക്കും മുടിയുമറുത്ത് ശിക്ഷിച്ചുവെന്നും നാട്ട് പുരാവൃത്തം കേട്ടു. സാമൂതിരിയുടെ ആനയെ ദ്രോഹിച്ച് വാലേ മുറിച്ചു കളയിച്ചു. ഒടുക്കം സാമൂതിരി കഴുത്തുവെട്ടിയാണത്രെ ഇദ്ദേഹത്തെ കൊന്നത്. മാത്തോട്ടത്തെ പള്ളിയില്‍ കുഞ്ഞാലിയുടേയും നായര്‍ ഭാര്യയുടേയും കബറുണ്ടെന്നും നാട്ടുകാര് പറയുന്നു.

പുയ്യിസ്ലാന്മാരു: പുതിയതായി മതം മാറിയ മലബാറിലെ മുസ്ലിങ്ങള്‍
മാപ്പിളയൂതുക: ബാങ്ക് വിളിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com