'പുസ്തകങ്ങള്‍'- ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത
By ദേശമംഗലം രാമകൃഷ്ണന്‍ | Published: 13th September 2020 05:13 PM |
Last Updated: 13th September 2020 05:17 PM | A+A A- |

പൊടിയാലങ്കം വെട്ടി
തുമ്മിക്കും പുസ്തകങ്ങള്‍
ഇനിയും തട്ടിത്തൂത്തും
തുടച്ചും കാലം പോക്കാന്‍
മനസ്സു വരുന്നില്ല.
എത്ര വൃത്തിയീ മോഹ
പ്പുസ്തകങ്ങള്‍ക്കെന്നൊരു
പുന്നാര വാഴ്ത്തും വേണ്ട.
എന്നുമീയലമാര
ക്കണ്‍കളെ കണ്ണാടിയെ
പൊന്നാക്കും പണി വേണ്ട.
വന്നെങ്കില്‍ വന്നോട്ടെയബ
ച്ചിതലും വാലന്‍മാരും
തുരങ്കത്തുരപ്പരും.
അവരെത്തിടും മുന്‍പേ
ഓരോന്നായോരോന്നായി
വിടര്‍ത്തി വായിക്കണം.
നാവുകള്‍ പലതാണീ
പുസ്തകമോരോന്നിനും,
നാമെന്താണറിയുന്നു.
കണ്ണുകള്‍ പല മട്ടീ
സാക്ഷികളോരോന്നിനും
കണ്ടതെന്താവാം നമ്മില്‍.
നിന്നെപ്പറ്റിയുമെന്നെ-
പ്പറ്റിയുമിവര്‍ ചൂണ്ടി
എന്തൊക്കെ പറയുന്നു.
നിന്നെ എന്നെയും കൂട്ടി
പ്പിടിച്ചാ വിരലുകള്‍
എന്തൊക്കെ വരച്ചുവോ.
വായ്തുറക്കാതെയുള്ള
മാനസ സഞ്ചാരങ്ങള്‍
ക്കായി നാമൊരുങ്ങുക.
മരുഭൂമിയില്‍ പാന്ഥര്‍
വെടിഞ്ഞ കോട്ടയ്ക്കുള്ളില്‍
മനുഷ്യമണം തേടി
യലയുന്നതുപോലെ
സഞ്ചരിക്കുക നമ്മള്‍.
ജലത്തിന്‍ കരു തേടി
യലയാം, വേണ്ടുന്നതോ
ഇത്തിരിയുറവുകള്‍.
പുസ്തകങ്ങളാല്‍ മാത്രം
ഒന്നുമാവില്ല
നമ്മുടെയുള്ളില്‍
സങ്കല്പമില്ലെന്നാകില്‍.
പുസ്തകങ്ങളാല്‍ മാത്രം
ഒന്നുമാവില്ല
നമ്മുടെയുള്ളില്‍
സ്വപ്നങ്ങളില്ലെന്നാകില്‍.
പുസ്തകങ്ങളില്‍ പൂക്കു
മാത്മാക്കളറിയുവാന്‍
ഒത്തിരി ദയ വേണം
നമ്മുടെ ഹൃദയത്തില്‍.