'കാറ്റില്‍ കരിയിലപോലെ'- ആര്‍. ശ്രീലതാവര്‍മ്മ എഴുതിയ കവിത

കാറ്റില്‍ കരിയിലപോലൊന്നു പാറണംഅറ്റമില്ലാതങ്ങു തെന്നിയൊഴുകണംവേഗത്തിലെത്രയും വേഗത്തില്‍ നീങ്ങണംവട്ടം ചുഴന്നൊന്നു താഴെപ്പതിക്കണം
'കാറ്റില്‍ കരിയിലപോലെ'- ആര്‍. ശ്രീലതാവര്‍മ്മ എഴുതിയ കവിത

കാറ്റില്‍ കരിയിലപോലൊന്നു പാറണം
അറ്റമില്ലാതങ്ങു തെന്നിയൊഴുകണം
വേഗത്തിലെത്രയും വേഗത്തില്‍ നീങ്ങണം
വട്ടം ചുഴന്നൊന്നു താഴെപ്പതിക്കണം
മേലെയാ വിണ്ണിന്റെ നിര്‍വൃതിയാകിയ
താരകപ്പൂക്കളെ നോക്കിച്ചിരിക്കണം
മണ്ണിന്റെ നിശ്വാസധാരകളേറ്റേറ്റു
കണ്‍കളടച്ചതിന്‍ മാറ്റൊലി കേള്‍ക്കണം

ശ്യാമവനങ്ങളില്‍ പാതിരാനേരത്തു
മിന്നാമിനുങ്ങിന്‍ ചലല്‍പ്രഭ കാണണം
ആ രമ്യദൃശ്യത്തിലാണ്ടുപോയങ്ങനെ
സര്‍വ്വം മറക്കണം, മെല്ലെയുറങ്ങണം
പിന്നെപ്പുലര്‍കാലസുന്ദരി വന്നൊന്നു
തൊട്ടുവിളിക്കുമ്പോള്‍ കണ്‍കള്‍ തുറക്കണം
കണ്‍മുന്നിലപ്പൊഴായ് കാണുമാറാകണം
മിന്നിത്തിളങ്ങുന്ന സൂര്യന്റെ പൊന്മുഖം!

കാറ്റും മരങ്ങളും താരകപ്പൂക്കളും
മിന്നാമിനുങ്ങിന്റെയിത്തിരിവെട്ടവും,
മണ്ണിലും വിണ്ണിലും കാണുന്ന, കേള്‍ക്കുന്ന
ചാരുത്വമാര്‍ന്നുള്ള ഭാവങ്ങളൊക്കെയും
സ്വപ്നമായ് മോഹമായാഹ്ലാദസാരമായ്,
തിങ്ങിപ്പരക്കുന്ന സ്‌നേഹാതിരേകമായ്,
വന്നു ചേര്‍ന്നീവിധം വാഗ്രൂപമാകുമ്പോള്‍
വാക്കേ, നിനക്കെന്റെയാത്മ പ്രണാമങ്ങള്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com