'ശ്... ശ്'- അരുണ ആലഞ്ചേരി എഴുതിയ കവിത

നിശ്ശബ്ദതയെ വരവേല്‍ക്കുന്ന ശബ്ദമാണത് ശ്... ശ്...എല്ലാ രഹസ്യങ്ങളുടെയും പരസ്യം.അതിലൊരു പാമ്പ് പതിയിരിക്കുന്നുണ്ട്കൊത്താനുള്ള ജാഗ്രതയോടെ...
'ശ്... ശ്'- അരുണ ആലഞ്ചേരി എഴുതിയ കവിത

''സന്തോഷമായിരിക്കൂ'', 
സുഹൃത്ത് ആവര്‍ത്തിക്കുന്നു.
ഞാനപ്പോള്‍ അപ്പം ചുടുന്നു.
ചൂടായ ചട്ടിയില്‍ നല്ലെണ്ണ പുരട്ടി
മാവൊഴിച്ച്,
ഗണിതചിത്രം വരയ്ക്കുന്ന സൂക്ഷ്മതയില്‍
ചട്ടി ചുഴറ്റി,
'ശ്... ശ്...' എന്ന ശബ്ദം അങ്ങേത്തലക്കല്‍ എത്തുന്നുണ്ടാവും.

നിശ്ശബ്ദതയെ വരവേല്‍ക്കുന്ന ശബ്ദമാണത് ശ്... ശ്...
എല്ലാ രഹസ്യങ്ങളുടെയും പരസ്യം.
അതിലൊരു പാമ്പ് പതിയിരിക്കുന്നുണ്ട്
കൊത്താനുള്ള ജാഗ്രതയോടെ...
കണ്ടെത്താനിനിയും ആകാശങ്ങളുണ്ടെന്നു സുഹൃത്ത് പറയുന്നു.
അപ്പത്തിന്റെ അരികുലേസുകള്‍ തുമ്പിച്ചിറക്‌പോലെ മൊരിയുന്നു...
തെറ്റിപ്പോകാറുള്ള കണക്കുകളാണേറ്റവും.
എന്നാലിന്ന് കൃത്യമായ ഒരു പാകം ഒത്തുവന്നിട്ടുണ്ട്.
രുചികളുടെ പ്രഭാതം ധന്യമായ ഒരു കവിതയാണ്.
അടുക്കളയില്‍ പൊന്‍ചിറകുകളുള്ള ഓണത്തുമ്പികളെ ചൂടാറാപ്പാത്രത്തില്‍
അടച്ചുവെക്കുന്ന മാന്ത്രികയാണ് ഞാന്‍!

''ജീവിതത്തിന്റെ വിരസാവര്‍ത്തനങ്ങളില്‍
നിന്റെ ചിറകുകള്‍ കുരുങ്ങാതിരിക്കട്ടെ'',
തെളിച്ചമുള്ള ഒരു ദിവസം ആശംസിച്ച് സുഹൃത്ത് 
ഫോണിന്റെ അങ്ങേത്തലക്കല്‍ ശബ്ദത്തിന്റെ നേര്‍ത്ത ചരടിനെ 
സ്വതന്ത്രമാക്കുന്നു.
ആകാശത്ത് ഒരു പട്ടം പറന്നുപോവുന്നു.
നിങ്ങള്‍ക്ക് മുഷിഞ്ഞേക്കാം...
എന്റെ കവിതകളുടെ ധ്യാനമുഹൂര്‍ത്തങ്ങളായ പ്രഭാതങ്ങളില്‍ ദോശയോ 
അപ്പമോ ഇഡ്ഡലിയോ ആവര്‍ത്തിക്കുന്നത്.

മടുപ്പെന്നെയെന്നോ മടുത്തകന്നതാണ്,
ഒന്നാമതായി നല്ലൊരു പാചകക്കാരിയേയല്ല ഞാന്‍,
വെറുമൊരു മന്ത്രവാദിനി മാത്രം.
ആയതിനാല്‍ യാതൊന്നും എനിക്ക് മടുക്കുന്നില്ല.
പന്ത്രണ്ടില്‍നിന്നു പന്ത്രണ്ടിലേക്കു 
ചാക്രിക ചലനം ചെയ്യുന്ന ഘടികാരത്തിനറിയില്ല അതിന്റെ താളത്തില്‍ 
കലണ്ടറിന്റെ പേജുകള്‍ ചരിത്രത്തിലേക്ക് മറിഞ്ഞുപോവുന്നുണ്ടെന്ന്?
ആവര്‍ത്തിക്കുന്ന ഓരോ പ്രഭാതത്തിന്റേയും അനന്തമായ പുതുക്കത്തെ 
ഞാന്‍ പുണരുന്നു...
സുപ്രഭാതം...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com