'കാഫ്കയും ബോര്‍ഹെസും'- എന്‍. ശശിധരന്‍ എഴുതിയ കവിത

'വിചാരണ' (The Trial) എഴുതിത്തീര്‍ന്നപ്പോള്‍ പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞിരുന്നു. ഫ്രാന്‍സ് കാഫ്ക എഴുത്തുമേശമേല്‍ ചാരിക്കിടന്നു കണ്ണടച്ചു
poem1
poem1

'വിചാരണ' (The Trial) എഴുതിത്തീര്‍ന്നപ്പോള്‍
പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞിരുന്നു.
ഫ്രാന്‍സ് കാഫ്ക എഴുത്തുമേശമേല്‍ ചാരിക്കിടന്നു കണ്ണടച്ചു.
ഇത്രമേല്‍ നിരാശാജനകമായ ഒരു കഥ
തന്നെക്കൊണ്ട് എഴുതിച്ചതാരെന്ന് കാഫ്ക നെടുവീര്‍പ്പിട്ടു.

പെട്ടെന്ന്, ബ്യൂണോസ് ഐറിസില്‍നിന്ന് ഒരന്ധന്‍
തന്നെത്തേടി പുറപ്പെട്ടിട്ടുണ്ടെന്ന്, കാഫ്കയ്ക്ക് വെളിപാടുണ്ടായി.
ജാലകപ്പാളിയിലൂടെ കാണുന്ന ആകാശക്കീറിന്
ഒരു ശവപ്പെട്ടിയുടെ ആകൃതിയുണ്ടോ?
തന്റെ ശ്വാസകോശങ്ങള്‍ കരണ്ടുതിന്നുന്ന
ചുണ്ടെലിയുടെ ശൗര്യം അയാള്‍ വലതുനെഞ്ചില്‍ അറിഞ്ഞു.
മരിക്കും മുന്‍പ് എഴുതിത്തീര്‍ക്കാനുള്ള നോവലുകളുടെയും
കഥകളുടെയും കരട് രൂപങ്ങള്‍ അലമാരയില്‍ നെടുവീര്‍പ്പിട്ടു.

എനിക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
കാഫ്ക വിചാരപ്പെട്ടു: വാതിലുകള്‍ തുറന്നിടുക; മനുഷ്യന്‍
പുറത്ത് വരട്ടെ എന്ന് എഴുതിയ ഞാന്‍
എല്ലാ വാതിലുകളും കൊട്ടിയടയ്ക്കുകയാണോ?
നോവിന്റെ കാളകൂടം കുടിച്ച് ഞാന്‍ മെനഞ്ഞ
ഗ്രിഗര്‍ സാംസ എന്റെ തന്നെ അന്തകനായി മാറുന്നുവോ?

വാതിലില്‍ മുട്ട് കേള്‍ക്കുന്നു.
പോയി വാതില്‍ തുറക്കുമ്പോള്‍, കൈകള്‍ മലര്‍ക്കെ തുറന്ന്
നില്‍ക്കുന്ന ദീര്‍ഘകായനായ വൃദ്ധന്‍ സ്വയം പരിചയപ്പെടുത്തി:
ഞാന്‍, ഹോര്‍ഹാ ലൂയിസ് ബോര്‍ഹെസ്.

രണ്ട്
ബോര്‍ഹെസിന്റെ ശരീരം സ്പര്‍ശിച്ചപ്പോള്‍
കാഫ്ക പെട്ടെന്ന് അന്ധനായി.
ആ അന്ധതയില്‍, ആനയെ തൊട്ടുനോക്കുന്നതുപോലെ,
കാഫ്ക ബോര്‍ഹോസിനെ ഓരോ അണുവിലും അറിഞ്ഞു.

ആരുടെ സ്പര്‍ശമാണ് ഞാന്‍? കാഫ്ക ചോദിച്ചു.
എനിക്കറിയില്ല; ബോര്‍ഹെസ് പറഞ്ഞു.
സ്പര്‍ശിക്കപ്പെടുമ്പോള്‍ നാം മനുഷ്യരായിത്തീരുന്നു;
ഞാനിപ്പോള്‍ അന്ധനല്ല; എനിക്ക് എല്ലാം കാണാം;
ഈ ഭൂമുഖത്തെ അവസാനത്തെ പക്ഷിയുടെ പാട്ടുപോലും കേള്‍ക്കാം.

അതിരിക്കട്ടെ, ബോര്‍ഹെസ് പറഞ്ഞു:
ഞാന്‍ വരുമ്പോള്‍ ഒരു പേക്കിനാവ് കാണുകയായിരുന്നു അല്ലേ?
കാഫ്ക ഇല്ലെന്ന് തലയാട്ടി.
രാത്രി നമ്മോട്  മനുഷ്യരോട്  പറയുന്ന ദൃഷ്ടാന്തകഥകളാണ്
പേക്കിനാവുകള്‍.
അത് പറയുമ്പോള്‍ ബോര്‍ഹെസിന്റെ മുഖം അരങ്ങിലെ
സ്‌പോട്ട് ലൈറ്റിലെന്നപോലെ തിളങ്ങി.

പെട്ടെന്നുണ്ടായ വേദന മറയ്ക്കാനെന്നപോലെ
ഇരുകൈകളും നെഞ്ചില്‍ അമര്‍ത്തി കാഫ്ക ചോദിച്ചു:
എന്തിനാണ് നാം കഥകള്‍ എഴുതുന്നത്?
അതുകൊണ്ട് എന്തു പ്രചോദനമാണ്, വായിക്കുന്നവര്‍ക്കും നമുക്കും?

വികാരസ്പര്‍ശമില്ലാത്ത സ്വരത്തില്‍ ബോര്‍ഹെസ് പറഞ്ഞു:
ഈ ഭൂമിയില്‍ രണ്ടു സത്യങ്ങളേയുള്ളൂ; കഥയും മരണവും
ഒന്ന് നിര്‍ത്തി ബോര്‍ഹെസ് വീണ്ടും പറഞ്ഞു:
പിന്നെ മറ്റൊന്നു കൂടിയുണ്ട്; നമുക്ക് തമ്മിലുള്ള
ഈ സ്‌നേഹം; സൗഹൃദം;
അതാകട്ടെ, പ്രണയത്തേക്കാള്‍ നിത്യം! അഗാധം!
കാഫ്ക മുന്‍വാതില്‍ അടച്ച് തിരിച്ചുവന്ന്
വീഞ്ഞുകുപ്പിവച്ച അലമാരിക്കു നേരെ നടന്നു.

മൂന്ന് 
മദ്യം നുണഞ്ഞുകൊണ്ടിരിക്കെ
ബോര്‍ഹെസ് പെട്ടെന്ന് നിശ്ശബ്ദനായി.
ഇപ്പോള്‍ പറയാവുന്ന കാര്യമാണോ എന്നറിയില്ല;  അനേക
കാലമായി എനിക്കുള്ള ഒരു തോന്നലാണ്...
കാഫ്ക മനസ്സിലാവാതെ മുഖമുയര്‍ത്തി നോക്കി.
ബോര്‍ഹെസ് തുടര്‍ന്നു: നിങ്ങളുടെ മുന്‍പില്‍
നില്‍ക്കുന്ന, നിങ്ങള്‍ കാണുന്ന ഞാനാണോ, അതോ
നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന അപരനാണോ
ആരാണ് യഥാര്‍ത്ഥ ബോര്‍ഹെസ്?
പെട്ടെന്ന്, വികൃതമായി പൊട്ടിച്ചിരിച്ചുകൊണ്ട് ബോര്‍ഹെസ്
തുടര്‍ന്നു: ആരായാലെന്താ അല്ലേ? ഓഥര്‍ ഈസ്
ഡഡ്ഡ് എന്നല്ലേ പുതിയ കുട്ടികള്‍ പറയുന്നത്.  എഴുത്തുകാ
രനോ എഴുത്തുകാരിയോ മരിച്ചാലും 
കൃതികള്‍ ബാക്കി
യാവില്ലേ?
കാഫ്കയ്ക്ക് ആ ചിരിയില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ല.

ബോര്‍ഹെസ് പറഞ്ഞു: എനിക്ക് പോകാന്‍ സമയമായി.
പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്ത് കാഫ്ക വേച്ചുവേച്ച്
തന്റെ കട്ടിലില്‍ ചെന്നുവീണു.
അടിവയറ്റില്‍ പാതാളക്കരണ്ടികൊണ്ട് കുത്തേറ്റപോലെ
അയാള്‍ക്കു തോന്നി. കാഫ്ക വലിയവായില്‍ നിലവിളിച്ചു.
പുലരാന്‍കാലത്തെപ്പഴോ പിടഞ്ഞെഴുന്നേറ്റ് മേശക്കരികി
ലിരുന്ന് സുഹൃത്തായ മാക്‌സ്‌ബ്രോഡിന് അയാള്‍
ഇങ്ങനെ എഴുതി:
നോവലുകളും കഥകളുമായി ഞാന്‍ എഴുതിയതെല്ലാം
ഒന്നൊഴിയാതെ കത്തിച്ച് നശിപ്പിക്കണം. ഒരക്ഷരം
പോലും ബാക്കിയാവരുത്.
അനന്തരം കാഫ്ക സമയത്തിന്റെ അന്ധതയില്‍ തലചായ്ച്ചു.
ബോര്‍ഹെസ് ഉപേക്ഷിച്ചുപോയ ചഷകം
അയാള്‍ വീണ്ടും നിറച്ചു.

ഈ കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ആരാണ്?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com