'തടവറ'- സച്ചിദാനന്ദന്‍ എഴുതിയ കവിത

തടവറയുടെ അഴികള്‍ക്കിടയിലൂടെവരുന്ന മണം ജമന്തിപ്പൂക്കളുടേയോസ്ത്രീയുടെ മദജലത്തിന്റേയോ എന്ന്എനിക്ക് തിരിച്ചറിയാനാകുന്നില്ല
'തടവറ'- സച്ചിദാനന്ദന്‍ എഴുതിയ കവിത

ടവറയുടെ അഴികള്‍ക്കിടയിലൂടെ
വരുന്ന മണം ജമന്തിപ്പൂക്കളുടേയോ
സ്ത്രീയുടെ മദജലത്തിന്റേയോ എന്ന്
എനിക്ക് തിരിച്ചറിയാനാകുന്നില്ല.
എങ്കിലും അത് എന്നെ ഉത്തേജിതനാക്കുന്നു
ഇരുട്ടിലെവിടെയോ നഷ്ടപ്പെട്ടിരുന്ന എന്റെ ആഗ്രഹം
വസന്തം വേരുകളിലും പുലരി
രാത്രിക്കടിയിലും എന്നപോലെ, 
വാതിലില്‍ ഒരു മുട്ടു കേള്‍ക്കാന്‍  കാത്തുനില്‍ക്കുന്നു.

അതാ ആരോ കതകില്‍ മുട്ടുന്നു.
അത് അവളോ അവളുടെ ഓര്‍മ്മയോ?
എന്റെ ആഗ്രഹം ഓടിച്ചെല്ലുന്നു
പൂട്ടിയ കതകിലെ താക്കോല്‍ദ്വാരത്തിലൂടെ
ആ മണം മാത്രം അകത്തേയ്ക്ക് വരുന്നു,
വിഷവാതകംപോലെ എന്നെ പൊള്ളിച്ചുകൊണ്ട്.
ഞാന്‍ ജ്വാലകളായി അഴിഞ്ഞ് അഴികളിലൂടെ
പുറത്തേയ്‌ക്കോടുന്നു, തടവറ, തെരുവ്,
അങ്ങാടി, നഗരം എല്ലാം കത്തിയമരും വരെ.

അവയുടെ ചാരത്തില്‍ എന്റെ ആഗ്രഹവുമുണ്ട്
ഒരു സ്ത്രീ ഒരു ദിവസം അതില്‍
ഒരു വിത്തു വിതയ്ക്കും, എന്റെ ആഗ്രഹം
മുളച്ചു വളര്‍ന്നു പൂവിടും.

ആ മണം തടവറയുടെ അഴികളിലൂടെ ചെന്നു
പുതിയൊരു തടവുകാരനെ പ്രലോഭിപ്പിക്കും.
അത് ജമന്തിപ്പൂക്കളുടേയോ സ്ത്രീയുടെ
മദജലത്തിന്റേയോ എന്ന് അവനു
തിരിച്ചറിയാനാവുകയില്ല.
കതകില്‍ താക്കോല്‍ തിരിയുന്ന ശബ്ദം കേട്ട്
അവന്‍ ഓടിച്ചെല്ലും. പൂവുമായി
അവനെ കാത്തുനില്‍ക്കുന്നത് ഞാനായിരിക്കും,
ഞാന്‍, എന്റെയുള്ളിലെ,
പുരുഷനെ ആഗ്രഹിക്കുന്ന സ്ത്രീ.

കാലം ലിംഗങ്ങള്‍ക്കപ്പുറമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com