'ഇളക്കങ്ങള്‍'- ബിജു റോക്കി എഴുതിയ കവിത

കളിച്ചും കുളിച്ചും കഴിഞ്ഞവരാണ്തോടും കുളവും.ചെറുചാലില്‍ കൈകോര്‍ത്തകളിക്കൂട്ടുകാര്‍
'ഇളക്കങ്ങള്‍'- ബിജു റോക്കി എഴുതിയ കവിത

ളിച്ചും കുളിച്ചും കഴിഞ്ഞവരാണ്
തോടും കുളവും.
ചെറുചാലില്‍ കൈകോര്‍ത്ത
കളിക്കൂട്ടുകാര്‍.

കുളത്തിന്റെ ഉള്ളംനിറയെ
കുഴമ്പിട്ട തണവാണ്
പനിക്കോളില്‍ മച്ചിങ്ങയരച്ചുതേച്ച
കുളിര്‍മയോടെ
വളര്‍ന്നുപരന്ന്
പച്ചകുത്തിയ ചണ്ടി പുതച്ച് കിടക്കും

കാലില്‍ മീനുകള്‍
ഇക്കിളിക്കൊത്തുമ്പോള്‍മാത്രം
ചെറുകുമിളകള്‍,
കുഞ്ഞിളക്കങ്ങള്‍

ആമ്പലിന്റെ പൂപ്പുഞ്ചിരിയെ
ലോകം കാണ്‍കെ
ഒന്നുയര്‍ത്തിനിര്‍ത്താന്‍
ചെളിയുടെ മുതുകിലും ചവിട്ടിനില്‍ക്കും

സൂചികോര്‍ക്കുന്ന സൂര്യനെയും
ഓലമെടയുന്ന ചന്ദ്രനെയും
ഉടലില്‍ പകര്‍ത്തിയെഴുതും
മഴക്കച്ചേരിയില്‍
താളം പിടിച്ച്
ചെറുവോളത്തിന്‍
വട്ടം വരയ്ക്കും.

തൊട്ടുതൊട്ട് കിടപ്പാണെങ്കിലും
തോടിന് വഴിമാറിയൊഴുകണം  
പെറ്റുവീണ പൈക്കിടാവായി തുള്ളിച്ചാടണം
ഇരിക്കപ്പൊറുതിയില്ലാതെ
ഓടിനടക്കണം
കാണുന്നവരെയെല്ലാം ഇക്കിളിയിടണം
കൈതപ്പൂവ് ചെവിയില്‍ വെച്ച്
ഓടമായിളകിയോടണം.

തോടിനെയും കുളത്തെയും
ഉള്ളിലൊളിപ്പിച്ചുയര്‍ന്ന
വീട്  
രണ്ടുപേരുമായിരുന്നു.
ഇമകളടച്ച്
ഇരുട്ടീമ്പി നില്‍ക്കുമ്പോള്‍
കുളം.
വെയില്‍ച്ചില്ലകള്‍
പടര്‍ന്നുകയറുമ്പോള്‍
തോട്.

വെറുതെയങ്ങനെ നില്‍ക്കുമ്പോഴതേ
മീന്‍കൊത്തലുണ്ട്
ചിരികളും
കൈതപ്പൂവിന്‍മണവും

മഴയെത്തുമ്പോള്‍
സ്‌കൂബാഡൈവിംഗ് വേഷത്തില്‍
മഞ്ഞത്തവളയെത്തും
വന്നപാടെ
കുളത്തിലേക്കെടുത്തു ചാടും
തുറക്കാത്ത വാതിലില്‍ തട്ടിവീഴും.

കണ്ണട നഷ്ടമായ വയസ്സന്‍
വാതില്‍ തപ്പിത്തടയുംപോലെ
തവള
കുളത്തെ തിരയുകയാണിപ്പോഴും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com