'സമയവാരിധിയില്‍'- ഡി. യേശുദാസ് എഴുതിയ കവിത

ഇനി ദേവദത്തന്‍ സ്വന്തം വേദനകളെ താലോലിക്കുന്നവരെ കളിയാക്കുകയില്ലെന്ന് തീരുമാനിച്ചിരിക്കുന്നു.അതില്‍ മുഴുത്ത ജീവിതരതിയുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നു
'സമയവാരിധിയില്‍'- ഡി. യേശുദാസ് എഴുതിയ കവിത

നി ദേവദത്തന്‍ 
സ്വന്തം വേദനകളെ താലോലിക്കുന്നവരെ 
കളിയാക്കുകയില്ലെന്ന് തീരുമാനിച്ചിരിക്കുന്നു.
അതില്‍ മുഴുത്ത ജീവിതരതിയുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.

എന്നാലോ അയാള്‍ തന്റെ വേദനകളെ 
പരിഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു.

വകതിരിവില്ലാത്ത തന്റെ പ്രണയത്തെ
പുച്ഛിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ബാലിശമായ തന്റെ ജീവിതത്തെ
അവഹേളിക്കാന്‍ തുടങ്ങിയിരിക്കുന്നു.

അപ്പോള്‍വരെ കൂട്ടക്ഷരമായിരുന്ന ഓരോന്നിനേയും
പിരിച്ചെഴുതി നോക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഒന്നിനും കൊള്ളാത്ത തന്റെ വേദനകളില്‍,
വേദനിക്കാന്‍ പോലും കൊള്ളാത്ത വേദനകളില്‍,
നല്ലൊരു മരണംപോലും കൊതിക്കാന്‍ കൊള്ളാത്ത മരണത്തില്‍, 
താന്‍ മരിക്കും,
മരണംപോലെ ജീവിക്കുന്നതിനെ
ആര്‍ക്കും തടയാനാവില്ലെങ്കിലും 
ആരുമില്ലാതെ മരിക്കും 
എന്നിങ്ങനെയോരോന്ന് എഴുതിവച്ചിട്ട് 
ഇടയ്ക്കിടെ നെടുമൂച്ചുംവിട്ട് 
എങ്ങെന്നില്ലാതെ നോക്കിയിരിക്കാന്‍ തുടങ്ങിയിരിക്കുന്നു

ജീവിതത്തിന്റെ മുന്‍പിലെ
ഈ കുത്തിയിരിപ്പ്
അറപ്പുണ്ടാക്കുന്നു,
അവിവേകിയായ ജീവിതം,
പന്നപ്പറട്ട ജീവിതം 
എന്നയാള്‍ വിളിച്ചുകൂവി
ഒരു വെകിളിപ്പിടച്ചിലില്‍ മട്ടുപ്പാവിലെത്തി
ആകാശം നോക്കിയിരിക്കാന്‍ തുടങ്ങിയിരിക്കുന്നു

മണ്ണു കാണാത്തവിധമുള്ള
മട്ടുപ്പാവുകളുടെ മടിയില്‍ കിടക്കവെ 
ഒരുപക്ഷേ,
ജീവിതം എന്നത് മറന്നാല്‍ ജീവിക്കാനായേക്കും
എന്നൊരു പാട്ടിനെ കൊരവളയില്‍ കൂക്കിന് പകരം 
കൊരുത്തുവച്ചു മൂളാന്‍ തുടങ്ങിയിരിക്കുന്നു

ആ പാട്ടാണ് പിടിച്ചിറക്കി മണ്ണില്‍ കൊണ്ടുവന്നത്
അപ്പോഴാണ് ദേവദത്തന്‍ 
കഴുത്തു ഞാത്താന്‍ നോക്കിവച്ചിരുന്ന കൊമ്പ് 
ഒരു കണ്ണിമാങ്ങ അകാലത്തില്‍ അടര്‍ത്തിയിട്ടത് 
ആ കണ്ണിമാങ്ങ മണ്ണില്‍ കിടന്നകിടപ്പു കണ്ട്
എടുത്തു കടിച്ചതോടെ,
കണ്ണിമാങ്ങാപ്പുളി പുളിച്ചതോടെ
ഉടലാകെ ഒന്ന് കോരിത്തരിച്ചതോടെ
മാങ്കൊമ്പില്‍ ഒരോര്‍മ്മ
ഊഞ്ഞാലിലിരുന്നാടാന്‍ തുടങ്ങിയതോടെ 
റദ്ദായിപ്പോയ പഴയൊരു പിടിവള്ളി തേടി 
ദേവദത്തന്‍ ഇതാ പുറപ്പെട്ടിരിക്കുന്നു

ഒരാളല്ല 
ഒരാളലാണ് ദേവദത്തന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com