'പീരുല പണ്ടക'- ധന്യ എം.ഡി. എഴുതിയ കവിത

ഊരുത്സവം കൊള്ളുംആഷാഢമാസ രാത്രി...
ചിത്രീകരണം: മറിയം ജാസ്മിൻ
ചിത്രീകരണം: മറിയം ജാസ്മിൻ

രുത്സവം കൊള്ളും
ആഷാഢമാസ രാത്രി...

തണുത്ത മണ്ണിന്‍ മൈതാനത്തിന്‍
നടുവില്‍
പടുമരങ്ങള്‍ കൊത്തി-
ക്കൊളുത്തിയിട്ടുണ്ടാഴി-
യേഴുനാളായി
വീശിവീശിക്കത്തിക്കുന്നുണ്ട്
കെട്ടുപോകാതെ കനലിനെയൊരാള്‍

അതിന്‍ ചുട്ടുനീറ്റലിളം
ചൂടായ് ചുറ്റുന്നുണ്ടവിടമാകെ-
യാള്‍ക്കൂട്ടത്തില്‍...

വെള്ളിവെളിച്ചം
പാളിവീഴുന്നുണ്ടവിടവിടെ
ഇരുട്ടില്‍ തിരയടിക്കും
ചോളപ്പാടമരയാള്‍പ്പൊക്കം മീതെ

കരയിലാക്കാറ്റുലയ്ക്കുമാല്‍മരം
അന്ന് നുള്ളിയ
പച്ചമുളകിന്‍ മണം തിങ്ങുമിടവഴി...

ഇടയ്ക്കിടെ പെയ്തുവീഴും
വെളിച്ചത്തിന്നലകള്‍ കോതി
തെരുവ് തോറും
തിളങ്ങും ചേലകള്‍ ചുറ്റി
മുല്ലമാല ചൂടിയ പെണ്ണുങ്ങള്‍...

കൊട്ടിത്തകര്‍ക്കുന്നു മേളം
മുന്നിലായ് മാഡിഗക്കൂട്ടം
പിന്നിലായ് മാലക്കൂട്ടം
തപ്പുതാളം പെരുകുന്നു
അതിന്മേല്‍ നോവ് പോലെ
ഷെഹ്നായ് ചിതറിക്കുന്നൊരാള്‍

വളഞ്ഞും വലിഞ്ഞും നിവര്‍ന്നും
തപ്പാല്‍ പടുക്കുന്നുണ്ടയാള്‍ മേളം
പിന്നില്‍ വലത്തേയറ്റത്താണിടം
കുടിച്ച റാക്ക് തീര്‍ത്ത മേഘത്തില്‍
കുടുങ്ങിപ്പൊങ്ങുന്നുണ്ടുള്ളം...

കനല്‍ക്കട്ടമേല്‍ നടക്കുന്നു
പീരുയിര്‍ക്കൊണ്ടോര്‍
മങ്ങിപ്പോകുമോര്‍മ്മയെ
മായാന്‍ വിടാതെ വെയ്ക്കുവാന്‍...

ഉള്ളിലാറാത്തൊന്നു
ചുമക്കുന്നുണ്ടയാളും
അതിന്‍ നീറ്റലില്‍
പെരുക്കുന്നുണ്ടോരോ പാട്ടിനും
താളങ്ങള്‍...
കുപ്പിവളക്കടയ്ക്കരികെ
ഒരു മഞ്ഞച്ചേല മിന്നി
അയാളുടെ കയ്യില്‍നിന്നും
അന്നേരം താളം തെന്നി
അവളുടെ മൂക്കുത്തിയില്‍
അയാളുടെ നെഞ്ചിടിപ്പുകള്‍
നിരതെറ്റിയ പല്ലില്‍
വാടിയ ചുണ്ടില്‍
അവളാകെ
മിന്നും വാള്‍ വീശുന്നോര്‍മ്മകള്‍...

ചോര ചോരാതെയറുക്കും
നോവിനാല്‍പ്പുളഞ്ഞു പുളഞ്ഞയാള്‍
പല പങ്കായി വീണു...
മെലിഞ്ഞ നെഞ്ചിന്നുള്ളില്‍ത്തുടിക്കും
ചങ്കില്‍നിന്നും
പൊടുന്നനെ
മറ്റൊരാളുയിര്‍ക്കൊണ്ടു...

അവള്‍ പകുത്ത കൊതിച്ചാരായം
അവളോടൊട്ടിയ നേരം
ഇരുട്ടില്‍ കടലപ്പാടത്തവര്‍
ചാറിയ വര്‍ത്തമാനം.

ഒടുക്കണം ആ ഓര്‍മ്മയെല്ലാം...

മറ്റെയാള്‍ കുതിച്ചു പൊന്തി
പല നാളായൊളിപ്പിച്ച മൂര്‍ച്ച തപ്പി.
പൊടുന്നനെയാരവങ്ങള്‍...
നാലുപാടും പക പാറി

ഒരു നിമിഷത്തിന്‍ പാതി
മരവിച്ചൊരിടവേള

വഴുക്കുന്നോരിടങ്കയ്യാല്‍
കണ്ണീരിന്‍ പാട നീക്കി
പിളരും വെളിവിനെ
വലങ്കയ്യാല്‍ മറച്ചയാള്‍...

നീറ്റലിന്‍ നൂറ്റടരുകള്‍
അതിന്മേല്‍പ്പടരും
മഞ്ഞച്ച വിചാരങ്ങള്‍
അവ കലര്‍ന്നൊഴുകും
ചുവപ്പിതു ചോരയല്ല
പുലരും പുതുവെളിച്ചം...

നെരടിപ്പഴം പോല്‍ രുചിക്കുമീ
ജീവിതം
പാര്‍ക്കാന്‍ വേറിടമില്ല
അയാളുടെ
ചതഞ്ഞ പ്രാണന്‍ വീണ്ടും
അവളുടെ മൂക്കിന്‍തുമ്പിലെ
പൊള്ളും
തിളക്കത്തിന്മേലൊട്ടി...

* പീരുല പണ്ടക- ആന്ധ്രയിലെ ഗ്രാമ ഉത്സവം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com