'ഇറ്റിറ്റിനങ്ങള്‍'- പി.ടി. നരേന്ദ്രമേനോന്‍ എഴുതിയ കവിത

ഒരു തുള്ളി,പോയ്പോയ പിറവികള്‍മറന്നിട്ട ചുടലകള്‍പിഴിയുമളവുതിരുന്നചുടുതുള്ളി,
പി.ടി. നരേന്ദ്രമേനോന്‍
പി.ടി. നരേന്ദ്രമേനോന്‍

രു തുള്ളി,
പോയ്പോയ പിറവികള്‍
മറന്നിട്ട ചുടലകള്‍
പിഴിയുമളവുതിരുന്ന
ചുടുതുള്ളി,

വനമുളകള്‍
ഒടുവില്‍ കരിഞ്ഞുചാവും
മുന്‍പ് വിളയും അരി
കൊക്കില്‍ വെച്ചെവിടെയോ
മായുന്ന പറവയുടെ
കൊറ്റായ പൂതി-
വെണ്‍തുള്ളി,

ഇരുളിന്റെ
വഴിയില്‍ ഇണയ്ക്ക്
മെയ് നല്‍കുവാന്‍
ചെറുനേര-
മെരിയും ചെറുപ്പ-
നെറ്റിപ്പുറത്തുണരും
വിയര്‍പ്പിന്റെ നൊടിയിട-
പ്പൂംതുള്ളി,

പകലറുതി
പേറുന്ന കുടിലമാം
നോവുകളില്‍ അലിവിന്റെ
തിരിയുമായ് പാറിവ-
ന്നിരുളിന്റെ ചൊടിയില്‍ മുത്തും
മിന്‍മിനുങ്ങിന്റെ
ഒളിതുള്ളി,

വറുതി,യിലഹന്ത
തന്‍ വാളി,ലധികാരത്തി-
നടവുകളില്ലെന്നും
പിടഞ്ഞുവീഴും
അഴല്‍പ്പിറവികളുടെ
കരളില്‍ നിന്നൂര്‍ന്നുവീഴും
ചെന്നിണത്തുള്ളി,

അകലെ വാനിന്‍
ആരുമറിയാത്ത മണ്ണിനോ-
ടിവിടത്തെ പുകിലുകള്‍
ഓതുവാന്‍ പോകുന്ന
പുതുരഥക്കണ്ണില്‍ ചിണുങ്ങുന്ന
കുറുതുള്ളി,

അഴലാണ് ചുറ്റു-
മെരിയുന്നതെന്നാലുമത്
ദിനസരിച്ചെറുചിരിയില്‍
മൂടി വാഴും വികട-
വിരുതിന്റെ മിഴിയില്‍
തുളുമ്പിനില്‍ക്കും കൊച്ചുവാഴ്വു
നീര്‍ത്തുള്ളി,

കരിമിഴികള്‍ കാട്ടി
വനവഴിയിലെ നടപ്പിനോ-
ടൊരു വെറ്റിലയ്ക്കുള്ള
നൂറ് ചോദിച്ചവള്‍
ഇവിടെയും വന്നു വിളിക്കുന്ന
നേരത്ത് പടരും ഇരുട്ടില്‍
തണുപ്പുതുള്ളി,

പൊറുതിതന്‍
ഒച്ചയില്‍, മണത്തില്‍,
നിറത്തിലും കുറുനേര-
മെന്തോ തിരഞ്ഞങ്ങനെ
മറവിതന്‍ ചാരത്തി-
ലലിയുമൊരു തുള്ളി-മെയ്-
ക്കുമിളയില്‍ വിങ്ങുന്ന
വീര്‍പ്പുതുള്ളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com