'ആശ്ചര്യ ചിഹ്നംവിളികള്‍'- ആര്‍.കെ. ദാമോദരന്‍ എഴുതിയ കവിത

ആശാന്‍പള്ളിക്കൂടമി-താശയഗംഭീരമിങ്ങനെ:''സ്നേഹിക്കയുണ്ണീ നീ നിന്നെദ്വേഷിക്കുന്ന ജനത്തെയും!''
ആര്‍.കെ. ദാമോദരന്‍
ആര്‍.കെ. ദാമോദരന്‍

1. അലര്‍മേല്‍വള്ളി

ലര്‍മേല്‍വള്ളിയാടുമ്പോള്‍
കല-നൃത്തചൈത്രാംഗന!
വള്ളിമേലലരാകുമ്പോള്‍
വാസന്തലതികാംഗന!

2. കൃഷിപാഠം

'ജാതി'ക്കൃഷിയത്യുത്തമ;മെ-
ജ്ജാതിയിക്കാര്‍ഷികകേരളം!
അരിയിട്ടുവാഴുവോര്‍ക്കിഹ
അരിതന്നെ നല്ലനെല്‍ക്കൃഷി!

3. അമാനവം

മത്സ്യക്കുഞ്ഞുവളര്‍ത്തല്‍പരിശീലന-
മ്മുതല്‍ക്കിങ്ങോട്ടുണ്ടൊരായിരമദ്ധ്യാപനം
മാത്രമില്ലിതുമാത്രമില്ലിവിടെ ന-
ന്മനുഷ്യക്കുഞ്ഞുവളര്‍ത്തല്‍മാതൃപാഠനം!

4. ദേഹാടനക്കിളി

മോഹനാഗാരമൊഴിഞ്ഞുപോം
ദേഹാടനക്കിളിയാദിനം!
പാടുപെട്ടെത്രവളര്‍ത്തിലും
കൂട്ടുതേടുമതിനൂതനം!

5. നിരു-സോപാധികം

ആശാന്‍പള്ളിക്കൂടമി-
താശയഗംഭീരമിങ്ങനെ:
''സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്വേഷിക്കുന്ന ജനത്തെയും!''

വയലാര്‍വാരിക്കുന്തമാം
വിപ്ലവക്കൂര്‍മയിങ്ങനെ:
''സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും!''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com