'പട്ടം'- രതീഷ് പാണ്ടനാട് എഴുതിയ കവിത

കെട്ടുപൊട്ടിയആകാശത്തിന്റെനടുക്ക്പട്ടമുപേക്ഷിച്ച്പുഴയിലൂടെപൂപോലെ ആ കുഞ്ഞ്ഒഴുകിനടന്നു.
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

കെട്ടുപൊട്ടിയ
ആകാശത്തിന്റെ
നടുക്ക്
പട്ടമുപേക്ഷിച്ച്
പുഴയിലൂടെ
പൂപോലെ 
ആ കുഞ്ഞ്
ഒഴുകിനടന്നു.

മടന്തകള്‍
വെട്ടിപ്പിടിച്ച
മരതക ദ്വീപിന്റെ
അരികുപറ്റി
തുപ്പലുകൊത്തികള്‍
ഇക്കിളിപ്പെടുത്തിയിട്ടും
ചിരിക്കാതെ
മാനത്തുപേക്ഷിച്ച
പട്ടത്തിനോടെന്തോ 
പറയുന്നപോലവന്‍
മലര്‍ന്ന് 
മലര്‍ന്ന് 
അങ്ങനെ...

കച്ചിക്കുറ്റിയില്‍നിന്നും
ചവിട്ടിത്തെറിപ്പിച്ച
അനേകം മഴവില്ലുകള്‍
വിണ്ടുകീറി വെടിഞ്ഞ
കണ്ടത്തിനെ
കണ്ണുകള്‍ക്കൊപ്പം
നനച്ചു.

ഇക്കരെനിന്ന്
അവന്റെ അച്ഛന്‍
സങ്കടത്തിന്റെ
മണ്ടേലേക്ക്
നിലവിളിയുടെ
തളപ്പുകെട്ടി
കേറിക്കേറിപ്പോയി.

മരച്ചൂരില്‍ പൊതിഞ്ഞ മധുരമപ്പോള്‍
മടിയില്‍നിന്നുമടര്‍ന്ന് 
താഴെ വീണ്
അനേകം ചവിട്ടേറ്റ്
ചള്ള പെരണ്ട് 
ചെതറി...

മീനച്ചൂടേറ്റ്
ചുളിവു വീണ
പുഴമുഖത്തിലേക്ക്
സൂര്യന്‍
പട്ടുനൂല്‍ വലയെറിഞ്ഞ്
കാത്തിരിക്കുമ്പോഴാണ്
കട്ട ചേടിപ്പോയ 
ഒരുവള്ളം
കഴുക്കോലുകൊണ്ടവന്റെ
വീട്
കുത്തിയടുപ്പിച്ചത്.

വെട്ടിപ്പുളന്ന
നെഞ്ചുമായ്
അവന്റെ അമ്മ
വെറും നിലത്ത്
കിടന്നുരുളുമ്പോള്‍
നിലാവില്‍
നനഞ്ഞ ഒരു പട്ടം
ആകാശത്ത്
അപ്പോഴും
അവനെ
കാത്തുനില്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com