'കല്ലുകൊത്താന്‍'- ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത

കല്ലുകൊത്താനുണ്ടോ കല്ല്ആട്ടുകല്ലരകല്ലമ്മിക്കല്ല്കേട്ടകാലമോര്‍ത്തെടുത്ത്പെയ്ത്തുളിമഴ കൊത്തിതീത്തെളിവെയില്‍ മിനുക്കിപഴയ പുറംതിണ്ണനോക്കിപറമ്പോരം കിടക്കയാണ്
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

ല്ലുകൊത്താനുണ്ടോ കല്ല്
ആട്ടുകല്ലരകല്ലമ്മിക്കല്ല്
കേട്ടകാലമോര്‍ത്തെടുത്ത്
പെയ്ത്തുളിമഴ കൊത്തി
തീത്തെളിവെയില്‍ മിനുക്കി
പഴയ പുറംതിണ്ണനോക്കി
പറമ്പോരം കിടക്കയാണ്

അരിയുഴുന്നാട്ടിയാട്ടി
വളക്കൈയുഴിഞ്ഞ കാലം
അരയിളകിക്കുഴവി വട്ടം
തിരിഞ്ഞാടിയ കേളിതാളം
അരകല്ലിനെയുറ്റുനോക്കി
അരയടിയകലെ കുഴവി

അരമുറിത്തേങ്ങയുള്ളി
പരുവത്തിന് പച്ചമാങ്ങ
കരുവേപ്പിലയുപ്പുപാകം
അരച്ചെത്ര ചമ്മന്തികള്‍
വിരലിടയ്ക്ക് കുറുമ്പുകാട്ടി
ചതയവേ തെറിച്ച വാക്കും
അരുമയായരച്ചതല്ലേ
എരിയുമോര്‍മ്മ തേട്ടിയമ്മി

ചുക്കുകുരുമുളക് ത്രിഫല
അമുക്കുരമിരട്ടിമധുരം
ഒക്കെയെത്ര പൊടിച്ചതോരോ
പേറുകള്‍ക്ക് കഷായക്കൂട്ട്

അരികെ തിങ്ങിത്തഴച്ചുപൊങ്ങി
മയിലാഞ്ചി ചിരിയടക്കി
കൊഴുക്കെയന്ന് ചതച്ചതൊക്കെ
കുഴവിയേയിനി മറന്നേക്കൂ

ചൂടുപറ്റാനെത്തിയേക്കാം
ചൂട്ടുവാലന്‍ കരിമ്പൂച്ച
കാഞ്ഞവെയില്‍ വിടവുതേടി
മഞ്ഞമുണ്ടുടുത്ത് ചേര
തുറുകണ്ണനോന്തു വന്നാല്‍
തരംപോലെ നിറം മാറും

ശിലകളെത്രയുലകിലെന്നാല്‍
ചിലതിനേയുള്ളിരിപ്പിടങ്ങള്‍
പാഴുകല്ലിനിടം പുറത്ത്
കേഴുമെങ്ങനെ കല്ലല്ലേ
മലമടക്ക് തകര്‍ത്ത പുഴയോ
തമരുപൊട്ടിയൊരൂറ്റമാണോ
കടവിലെത്തിച്ചോര്‍മ്മയില്ല
അടവിയെപ്പൊഴുമുള്ളിലുണ്ട്

കാക്ക ചാര്‍ത്തും വെണ്‍പടങ്ങള്‍
കാട്ടുദൈവച്ചേല് ചേര്‍ത്തോ
ചാഞ്ഞുവന്നൊരു ചെമ്പരത്തി
ചാലെയെന്തിനു പൂചൊരിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com