'അകലം'- പി.കെ. സതീശ് എഴുതിയ കവിത

കവളപ്പാറയ്ക്ക് പോകുന്ന ഒരാളുംഞാനുംബസില്‍ അടുത്തടുത്ത്
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

വളപ്പാറയ്ക്ക് പോകുന്ന ഒരാളും
ഞാനും
ബസില്‍ അടുത്തടുത്ത്

എനിക്ക് വേണമെങ്കില്‍ കാറില്‍ പോകാമായിരുന്നു
ഒരു മാറ്റം ആയിക്കോട്ടെ എന്നു വിചാരിച്ചു
അയാള്‍ക്ക് ഷൊറണൂര്‍ക്കുള്ള തീവണ്ടി കിട്ടിയില്ല

രണ്ടു മണിക്കൂറില്‍ ഞാന്‍ തൃശൂര്‍ റൗണ്ടില്‍ ഇറങ്ങും
ഒരു ഓട്ടോവില്‍ ഫ്‌ലാറ്റിലേയ്ക്ക് പോകും
പോകുന്ന വഴി ഒരു പാക്കറ്റ് പാല് വാങ്ങും
ഫ്‌ലാറ്റ് തുറന്ന് അകത്ത് കയറി
ചായ ഉണ്ടാക്കും
ചായ കുടിച്ച് ബാല്‍ക്കണിയില്‍ ഇരിക്കും
താഴെ നഗരം വര്‍ത്തമാനം പറയും.

മൂന്നു മണിക്കൂറില്‍ അയാള്‍ കൂനത്തറയില്‍ ബസിറങ്ങും
കവളപ്പാറയ്ക്കുള്ള ബസ് വരാന്‍ താമസമാവും
അയാള്‍ നടക്കും
വീട്ടില്‍ കുട്ടികള്‍ അയാളെ കാത്തിരിക്കും
അയാള്‍ അവര്‍ക്ക് മിഠായി കൊടുക്കും
എറണാകുളത്തു പോയ വര്‍ത്തമാനം
ഭാര്യയോട് പറയും

ഞാന്‍ ഷവറില്‍ കുളിക്കാനൊരുങ്ങുമ്പോളാവും
വെള്ളം  നിലയ്ക്കുന്നത്
അയാള്‍ ഭാരതപ്പുഴയില്‍ നീന്തിക്കുളിക്കും
എന്റെ ടീവിയില്‍ ഐ.പി.എല്‍ നടക്കുകയാവും
അയാള്‍ കുട്ടികളുടെ ഒപ്പം പാമ്പും കോണിയും കളിക്കും
എന്റെ അത്താഴം സ്വിഗ്ഗി എത്തിച്ചു തരും.
അയാള്‍ കഞ്ഞിയും പുഴുക്കും സ്വാദോടെ കഴിക്കും

ഞാന്‍ ഉറക്കഗുളിക വായിലിട്ട് നീണ്ടുനിവര്‍ന്നു കിടക്കും
അയാള്‍ക്ക് ഒരു ദീര്‍ഘചുംബനം ലഭിക്കും.

കവളപ്പാറയ്ക്ക് പോകുന്നയാളും
ഞാനും
ബസില്‍ അടുത്തടുത്ത്

എനിക്കും കവളപ്പാറയ്ക്ക് പോകാനാമോ
എന്നെങ്കിലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com