'പേപ്പട്ടി'- കെ.ജി.എസ് എഴുതിയ കവിത

തളിരിലയില്‍ ഭാവികരിയിലപോലെവളരുന്നുണ്ടെന്‍ പുരോഗമനത്തിലൊരുപടുവൃദ്ധമൌഢ്യം
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ളിരിലയില്‍ ഭാവികരിയിലപോലെ
വളരുന്നുണ്ടെന്‍ പുരോഗമനത്തിലൊരു
പടുവൃദ്ധമൌഢ്യം.
എന്‍ ജനനമെന്നെയണിയിച്ചോരഭിശപ്ത-
ജാതിമത ദുര്‍ഗ്ഗന്ധ കവചം,
നീചം ഉച്ചനീചത്ത ചിത്തഭ്രമം.
നോട്ടത്തില്‍ മൂളലില്‍ ചിരിയിലുമൊളിപ്പിച്ച് 
ഞാന്‍ തൊടുക്കും ദീനപീഡനശരം. -വെറും
പേക്കുര ചരിത്രത്തിലിന്നെന്‍ സ്വരം.

വിത രസിക്കുമ്പൊഴോ  കൊയ്യുമ്പൊഴോ
ഭോ ഭോ എന്ന ജാതിഹോണ്‍ മുഴക്കി 
ഭൂതവരമ്പേ നടക്കുമ്പൊഴോ
കടിച്ചിട്ടുണ്ടാവണമൊരു പേപ്പട്ടിയെന്‍
മുതു മുതു മുതു മുത്തച്ഛനെ.
തുപ്പിത്തീരുന്നില്ലിപ്പൊഴും ഞാനാ വിഷം;
തെറിയെത്ര മനുഷ്യരെ വിളിച്ചിട്ടും - വിഷ
പ്പല്ലെത്രയവരില്‍ത്തറച്ചിട്ടും - ജന്മ -
ത്തീയിലവരെച്ചുട്ടെരിച്ചിട്ടും - ക്രൂര -
മുരളലായ് നാട് വിറപ്പിച്ചിട്ടും.

സൂക്ഷ്മകോശത്തില്‍ എന്നെ ചലിപ്പിക്കുമെന്‍
ജീന്‍ മെഷീനില്‍, അഹന്തയില്‍, എന്നെ 
മനുഷ്യനല്ലാതാക്കുമെന്തെന്ത് 
ഇനിയുമെന്തെന്ത്  
പിന്നെയുമെന്തെന്ത് ഭ്രാന്തുകള്‍,
പ്രാകൃത വൈകൃതങ്ങള്‍.

നൂറ്റാണ്ട് നൂറ്റാണ്ടായ് വഴിയെല്ലാം വഴി 
തേടുന്നു ബുദ്ധന്‍ കബീര്‍  അംബേദ്കര്‍ 
ഗുരു ആശാന്‍ അയ്യന്‍കാളി സഹോദരന്‍...
നീതിയുടെയെത്ര ലൂയി പാസ്ച്ചര്‍മാര്‍
ഈ മാരണത്തിന് നിത്യനിവാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com