'തിരശ്ശീലയില്‍ ഞാനോ നീയോ?'- അരുണ്‍ ടി. വിജയന്‍ എഴുതിയ കവിത

ആ ഒറ്റയടിപ്പാതയിലൂടെസൈക്കിളില്‍പറക്കുകയായിരുന്നു
'തിരശ്ശീലയില്‍ ഞാനോ നീയോ?'- അരുണ്‍ ടി. വിജയന്‍ എഴുതിയ കവിത

ഒറ്റയടിപ്പാതയിലൂടെ
സൈക്കിളില്‍
പറക്കുകയായിരുന്നു

മുന്നിലും പിന്നിലും
ആരുമുണ്ടായിരുന്നില്ലെങ്കിലും
ഇന്നലെ കണ്ടവര്‍ മുതല്‍
കണ്ട് മറന്നവര്‍ വരെ
വഴിയോരത്ത് നിന്ന് 
കൈ വീശുന്നു

മുന്നിലെ
സൈക്കിള്‍ട്ടയര്‍പ്പാടുകള്‍
വഴിതെറ്റുന്നില്ലെന്ന്
എന്നെ ഉറപ്പാക്കി

ദൂരമേറെ ചെന്നപ്പോള്‍ 
ചുവന്ന ആകാശം
തിരശ്ശീല വിരിച്ചു
അതില്‍ 
കൂടണയാന്‍ പായുന്ന 
പക്ഷികളുടെ ചിത്രങ്ങള്‍
ആരോ 
വരച്ച് ചേര്‍ത്തിരിക്കുന്നു
ക്യാന്‍വാസിലെ
കറുത്ത നിറങ്ങളായി
പണിയൊതുക്കുന്ന
പണിക്കാരും
പന്ത് കളിക്കുന്ന
കളിക്കാരും

ഒറ്റയടിപ്പാത
ചേരുന്നത്
തിരശ്ശീലയിലേയ്ക്കാകാം  
തിരശ്ശീലയ്ക്കിപ്പുറം
അവസാന റൗണ്ട്
ചീട്ടിടുന്നവര്‍

അവര്‍ക്കപ്പുറം
ഉണങ്ങിവീണ ഇലകളില്‍
ചേര്‍ന്നിരിപ്പുണ്ട്
പണ്ടെങ്ങോ മരിച്ചുപോയ
ജീവിതങ്ങള്‍

സൈക്കിള്‍
തിരശ്ശീലയിലെ
മറ്റൊരു ചിത്രമാകുമ്പോള്‍
പൂര്‍ണ്ണ നഗ്‌നനായ ഒരുവന്‍
ദൈവമെന്ന് പരിചയപ്പെടുത്തി
അപ്പോള്‍ ഞാനോയെന്ന് 
ഞാനും!

തിരിഞ്ഞുനോക്കുമ്പോള്‍
നഗ്‌നതയിലേക്ക് ഉറ്റുനോക്കുന്ന
പ്രതീക്ഷകള്‍
അവര്‍ കാണികളോട് പറയുന്നു
ഇനിയും ഇലകള്‍ വിരിയും
കൊഴിയണമെന്ന് കരുതിയല്ല
കിളികള്‍ മുട്ടയിടും
ആര്‍ക്കും ആഹാരമാകാനല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com