'തോരാനിടുവോര്‍'- എം.ആര്‍. രാധാമണി എഴുതിയ കവിത
By എം.ആര്‍. രാധാമണി | Published: 21st February 2021 05:09 PM |
Last Updated: 21st February 2021 05:09 PM | A+A A- |
ഇന്നുകളില്‍ ചിലതിനെ
കുന്തിച്ചിരുത്തിയും
കുത്തിയിരുത്തിയും,
വേറൊന്നിനെ
സോപ്പുപൊടിയും
ചാരവും ഇളക്കിച്ചേര്‍ത്ത്
തേച്ചുമിനുക്കിയും,
ഒരുവിധം മെനയാക്കി
വെയിലിലുണക്കി,
ചൂടാറുമ്പോള്‍
തരം തിരിച്ച്
എളന്തിണ്ണയില്‍
വരച്ചുവെക്കും
വങ്ക് പൊട്ടിയതും
ചുളുചുളാ ചുളുങ്ങിയതും
കറപിടിച്ച് നെറംകെട്ടതും
പഴന്തുണിയരികിട്ടു കെട്ടിയതും
കല്ലളയടച്ചതും
കരിമ്പന്‍ കേറിയതുമായ
കുറേ ഇന്നുകളാണ്
എളന്തിണ്ണയിലിരുന്ന്
പൊറുപൊറുക്കുന്നത്
പകലന്തിയോളം
ഒരുതൊള്ളി
വെള്ളമിറക്കാതെ
എരിപൊരി സഞ്ചാരം കൊണ്ടതും,
അയല്‍വീടുകളിലെ
വെട്ടിത്തിളങ്ങുന്ന ഇന്നുകള്‍
അടക്കം പറഞ്ഞതും
പുച്ഛിച്ചുനോക്കിയതും
മൊനവെച്ചുള്ള ചോദ്യം ചോദിച്ചതും
അര്‍ത്ഥംവെച്ചുള്ള
പാരഡിപ്പാട്ടും,
ഒക്കെയും സഹിക്കാം
എന്നാല്‍
ക്ഷീണത്താല്‍
മെല്ലെ കണ്ണടഞ്ഞാല്‍
തലയ്ക്കിട്ട് തന്നെയുള്ള
ഞോടലുകളാണേറെ കഷ്ടം,
ഇന്നുകളിങ്ങനെയാണേലും
പോട്ടെ സാരമില്ലെന്നുവെക്കാം
പക്ഷേ,
നാളകളെ നോക്കുമ്പോള്‍
അവയൊക്കെയും
കീറാമുട്ടികള്‍ കീറി
ചെറുചെറു കഷണങ്ങളാക്കി
നേര്‍മ്മയാക്കി
അടുക്കിവെക്കുന്നത്
പകലുകളിലാണെങ്കില്‍,
കുരുക്കിട്ട കടുംകെട്ടുകളഴിച്ച്
ചൗണ്ടതും പുഴുപ്പാതികളും തിരിച്ച്
നേരവും നേരും നോക്കി
തുന്നിക്കൂട്ടുന്നത്
രാത്രികളാണ്
ഇന്നലെകളായിരുന്നു
ഒണങ്ങിപ്പൊടിഞ്ഞു പോകാതെ
ഉണക്കുനോക്കി
വട്ടം കുറച്ച് എളവെയിലില്‍
ചിക്കിയിട്ടിരുന്നതെന്നത്
നിഴലായി തുളുമ്പുമ്പോള്‍,
തെളച്ചുമറിയുന്ന
സൂര്യനില്‍നിന്നുമൊരേട്
വട്ടക്കൊട്ടയില്‍ കോരിയെടുത്ത്
പാദങ്ങള്‍ പൊള്ളിയടര്‍ന്നുവീണ
വഴിത്താരയുടെ ഇരുകരകളിലും
ഒന്ന് തോരാനിടാം.