'കണ്‍കെട്ട്'- ഉമ രാജീവ് എഴുതിയ കവിത

അടക്കത്തില്‍ പിടിക്കാന്നു കടക്കണ്ണാല്‍ പറഞ്ഞിട്ട് തഴുതിട്ടയകത്തേക്കു കടന്നതാണ്
'കണ്‍കെട്ട്'- ഉമ രാജീവ് എഴുതിയ കവിത

ടക്കത്തില്‍ പിടിക്കാന്നു 
കടക്കണ്ണാല്‍ പറഞ്ഞിട്ട് 
തഴുതിട്ടയകത്തേക്കു 
കടന്നതാണ്. 

ഇരുട്ടാണ് മുഷിപ്പാണ് 
ഒളിച്ചുകളിക്കാനേറെ   
വിടവുകള്‍ വകുപ്പുകള്‍ 
നിറഞ്ഞതാണ്. 

ചെറുതാണ്  ചീറ്റലുണ്ട് 
ചുരുണ്ടങ്ങിരുപ്പാണ് 
കനല്‍പോലെ 
കണ്ണുരണ്ടും തിളങ്ങുന്നുണ്ട് 

വരയുണ്ട് കുറിയുണ്ട് 
നാവറ്റം പിളര്‍ന്നാണ് 
അടയാളമെണ്ണിയെണ്ണി 
 പറഞ്ഞോളണം. 

ഇഴഞ്ഞാലും തിരിഞ്ഞാലും 
വാല്‍കുത്തി ചാടിയാലും 
നാക്കിന്റെയറ്റമൊന്നു 
പാളിയെന്നാലും

അണപ്പല്ലില്‍ അടവച്ചു 
ഞെരിച്ചങ്ങു തുപ്പിയാലും 
കണ്ണിലേക്കിറ്റു തുള്ളി 
തെറിച്ചെന്നാലും 

കാഴ്ചമങ്ങാം കൈ കുഴയാം 
നാവിലുള്ള നീരുവറ്റാം 
അത്താഴപ്പട്ടിണിക്കു 
കുറിപ്പുകിട്ടാം. 

പിടിച്ചെന്നോ ചതച്ചെന്നോ 
വിഷപ്പല്ലൊടിച്ചെന്നോ 
വെറുതെയെങ്കിലും 
നമ്മള്‍ പറഞ്ഞേക്കണം. 

പടം പൊഴിച്ചിട്ടിട്ടു 
പഴുതേതോ തേടിപ്പോയ് 
പഴംപായക്കെട്ടിലേക്കു 
നൂണ്ടുപോയി 

പൊടുന്നനെ നിറം മാറി 
കണ്ണുപൊത്തി നിന്നുപോയി 
ഒരു നിമിഷത്തേക്കു 
പകച്ചുപോയി 

പാലമരച്ചോട്ടിലേക്കു 
പാല്‍ മഞ്ഞളിറ്റിച്ചു  
പാട്ടുപാടി കുടിയിരുത്തി 
എന്നേ കഥ മെനയാവൂ. 

ഇരുള്‍കെട്ടിയ മുറിയാണ് 
ഇരുപേരും തനിച്ചാണ് 
ഇഴയുന്ന ഒന്നിനെ 
തിരഞ്ഞതാണ് 

ഇടയിലുണ്ടായതൊന്നും 
ഇരു ചെവിയറിയരുത് 
ഉടമ്പടി രഹസ്യങ്ങള്‍ 
കുഴിച്ചിട്ടോണം. 

അരിമഞ്ഞള്‍ പൊടിക്കളം 
അകില്‍ മൂത്ത പുകമണം 
പനങ്കുലക്കെട്ടഴിഞ്ഞു 
പരക്കുന്ന രാവില്‍ 

വിറച്ചുതുള്ളിയാടുന്ന 
പൂക്കിലത്തൂപ്പിന്റെ 
ഇടയിലൂടിടം കണ്ണ് 
കൊരുത്തു വേണം 

ഇരുട്ടുമുറിയില്‍ വച്ചു 
തീണ്ടിയ വിഷമെല്ലാം 
പരസ്പരം നമുക്കൊന്ന് 
വലിച്ചിറക്കാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com