'പാട്ടു പറത്തുന്ന പറവ'- ധന്യ എം.ഡി. എഴുതിയ കവിത

'പാട്ടു പറത്തുന്ന പറവ'- ധന്യ എം.ഡി. എഴുതിയ കവിത

പാട്ടു പറത്തുന്ന പദൂരെയെങ്ങോഒരാള്‍ പാടുന്നു.പാതി നിലാവുള്ള രാത്രി

ദൂരെയെങ്ങോ
ഒരാള്‍ പാടുന്നു.
പാതി നിലാവുള്ള രാത്രി.

പാട്ടിലയാള്‍
കോര്‍ത്തിടുന്നു
കുപ്പിച്ചില്ലുപോല്‍
കൂര്‍ത്ത് തിളങ്ങും
സങ്കടങ്ങള്‍

ഏറ്റിറക്കങ്ങള്‍
ചങ്കു കൊളുത്തി
വലിക്കുമിഴച്ചിലുകള്‍ 

എരി മുളക്
നാവിലിറ്റിയെന്ന പോല്‍
നീറ്റിയിറക്കുന്ന
ഓര്‍മ്മകള്‍

പേരറിയാത്തൊരു
ഭാഷ
ഓളങ്ങള്‍ പോല്‍
തെന്നിത്തെറിക്കുന്നു
വാക്കുകള്‍

നിലാവിന്‍ നീല
കലര്‍ന്നോരിരുട്ട്
അതിന്‍
തുറസ്സില്‍ പുതഞ്ഞ്
ഒരൊറ്റ നക്ഷത്രം

പാട്ടിന്റെ
നീണ്ട നൂലാ
വെളിച്ചത്തില്‍ച്ചെന്നു
മുട്ടിച്ചിതറുന്നുണ്ടാകെ

കലര്‍ന്നു
പരക്കുന്നവ
കലങ്ങിയ കാടിനും
കടലിനും മീതെ

പുലര്‍വെട്ടം നേര്‍പ്പിക്കും
രാത്രിക്കനപ്പിന്‍ കീഴില്‍
കാറ്റില്‍ച്ചിതറി
വീഴുമാ 
തണുപ്പില്‍
പിടിച്ചു ഞാന്നിറ
ങ്ങുന്നൊരിടത്തൊരു
പറവയായ്
ആദ്യത്തെ
വെയില്‍ വീഴും
തവിട്ടുമണ്ണില്‍
നിന്നും
പറന്നുപൊങ്ങും
കൊറ്റിക്കൂട്ടം 
മഞ്ഞച്ച ചോളപ്പാടം
പഴയൊരാല്‍മരം കുളം
കുളത്തിന്‍ വക്കത്തൊരാള്‍
കൈകാല്‍
കഴുകുന്നു

വരമ്പില്‍
മൂപ്പു നോക്കാനയാള്‍
ഉതിര്‍ത്തിട്ട
ചോളക്കുലകള്‍
ഒരെണ്ണം കൊത്തിത്തിന്നു
പറക്കട്ടെ ഞാനീ വഴി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com