'അന്തിമായ'- വി.എം. ഗിരിജ എഴുതിയ കവിത

എന്തിന്നു പൂത്തു നീ, എന്ന് പടിക്കലെ മുല്ലയോടൊന്നു  ചോദിക്കേ തെല്ലു നാണിച്ചത് ചൂണ്ടുന്നതെന്‍ വഴിത്തിണ്ടിലെപ്പാലയെയാണോ?
'അന്തിമായ'- വി.എം. ഗിരിജ എഴുതിയ കവിത

ന്തിന്നു പൂത്തു നീ, എന്ന് പടിക്കലെ 
മുല്ലയോടൊന്നു  ചോദിക്കേ 
തെല്ലു നാണിച്ചത് ചൂണ്ടുന്നതെന്‍ വഴി
ത്തിണ്ടിലെപ്പാലയെയാണോ?

ഏഴിലം പാലയാണെന്തൊരു ഭംഗിയാ
പ്പാതയോരത്തളിര്‍പ്പന്തല്‍!
എത്ര മിനുപ്പാണ് പച്ചവിരലുകള്‍
ക്കത്ര തണുത്ത തണലും.

നേര്‍ത്തു വിളര്‍ത്ത ചെറു പൂങ്കുലകളില്‍ 
നോട്ടങ്ങള്‍ വന്നു തങ്ങുന്നൂ,
കാറ് നിറുത്തിച്ചുരുള്‍  മുടിക്കാരി നീ 
യാമരം ഉറ്റുനോക്കുന്നൂ.

ഓടിവന്നാക്കൊമ്പ് താഴ്ത്തിത്തരുവാനായ് 
ഓടുന്നു ജീവാണുവെല്ലാം;
നാണിച്ചു പാതിയേ ഗേറ്റ് തുറന്നുള്ളൂ 
നീയത് കാണുന്നുമില്ലാ.

പച്ചക്കതിര്‍മണിപോലത്തെപ്പൂവുകള്‍ 
ഒക്കെയും നീ പെറുക്കുന്നു,
ഏഴിലംപാല നിന്‍ തോഴിയാണെന്നപോല്‍ 
ചാരിച്ചിരിച്ചു  നില്‍ക്കൂന്നൂ.

മാനം  തൊടാനെന്നപോലെ നിന്‍ കണ്ണുകള്‍ 
ദൂരെക്ക് പൊന്തി മാഴ്കുന്നൂ.
മറ്റൊരു പൂമണം വന്നു തൊട്ടോ നിന്നെ
ചുറ്റും വകഞ്ഞുനോക്കൂന്നു,

എന്‍ പടിമുല്ലവള്ളിക്കുടില്‍ നോക്കി നീ 
രണ്ടടി മുന്നോട്ട് വെയ്പൂ.
മന്ദഹസിച്ചുവോ ഞാന്‍? സ്വപ്‌നമാവുമോ
എന്നരികത്തിതാ നില്‍പ്പൂ. 

സന്ധ്യ തുറക്കുന്ന വെള്ളിയളുക്കുകള്‍,
മങ്ങിയ വെട്ടം; മിനുക്കം,
'മൊട്ടടര്‍ത്തല്ലെ'  നീ എന്നെത്തടയുന്നു 
'കിട്ടീ എനിക്കതിന്‍ എല്ലാം'

ഞെട്ടിത്തിരിഞ്ഞു നീ പോകുന്നു, നാളെ നീ 
എത്തുമോ പൂവുകള്‍ തേടി?
പേര് ചോദിച്ചില്ല വീട് ചോദിച്ചില്ല 
ദൂരെയാണോ, ചാരെയാണോ.
 
പൂവ് പോല്‍ കാണില്ല കാലടികള്‍ 
ഇന്ന് പൂഴി വഴികള്‍ ഇല്ലല്ലോ. 
എന്നിട്ടും മുല്ലയും പാലയും, ചന്ദനം 
തെല്ലു പുരട്ടുന്നു നെഞ്ചില്‍;

ഞാന്‍, എന്റെ യൗവ്വനം, സ്‌നേഹം, 
ഉറങ്ങാതെ നീറുന്ന കണ്ണുകള്‍ എല്ലാം 
ടാഗോറെഴുതിയ സന്ധ്യാസമയത്ത് 
താനെയിരുന്നു മീട്ടുമ്പോള്‍ 

നീ വന്നുവെന്നുമപ്പോഴേ 
വഴിപ്പാല പൂവിട്ടുവെന്നും ശരിയോ?
നീ ഒന്നു കണ്ണുഴിഞ്ഞെന്റെ മുറ്റത്തൊരു 
പൂ മുല്ലക്കാടും പടര്‍ന്നോ.

മങ്ങുന്നു, ചായുന്നു, വീണു മയങ്ങുന്നു 
എങ്ങുമേ  വേദനിക്കുന്നൂ,
എന്തു നിശ്ശബ്ദത, എന്തൊരേകാകിത
കണ്ണു നിറഞ്ഞൊഴുകുന്നൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com