'ചെല്ലപ്പന്‍ സഖാവ്'- എന്‍.ജി. ഉണ്ണികൃഷ്ണന്‍ എഴുതിയ കവിത

പഴയ തല്ലുകാരന്‍ചെമ്മീന്‍കെട്ടു പണിനല്ല കറുപ്പ് 
'ചെല്ലപ്പന്‍ സഖാവ്'- എന്‍.ജി. ഉണ്ണികൃഷ്ണന്‍ എഴുതിയ കവിത

ഴയ തല്ലുകാരന്‍
ചെമ്മീന്‍കെട്ടു പണി
നല്ല കറുപ്പ് 

പുള്ളിയെ കാണുമ്പോള്‍ ചിരിവരും
പുള്ളിയാണ് എന്റെ അമ്മായിഅപ്പനെ
പണ്ട് പാടത്ത് വച്ച് തല്ലിയിട്ടുള്ളത്

അന്നത്തെ കൊലകൊമ്പന്‍ ജന്മിയെ
തല്ലിയ പുള്ളി എന്ന സന്തോഷമല്ല

സാഹസികതയോട്
ഒരാരാധന  
ചങ്കു വിറപ്പിക്കുന്ന കട്ട ഇടിയുടെ
ഇടപാടുകാരനാണയാള്‍
പാര്‍ട്ടിക്കു വേണ്ടിചാകും

ഒരു മൃഗസ്‌നേഹിയുമാണയാള്‍

കണ്ടല്‍വേരുകള്‍ക്കിടയില്‍ കുടുങ്ങിയ
ആരോ ഉപേക്ഷിച്ച ചാക്കുകെട്ട്
കാട്ടിക്കൊടുത്തു ഞാന്‍
പിന്നെ ചളി പേടിച്ച്
പതിവു ചാരുകസേരസങ്കടം 
ഒഴുക്കിനിന്നു

പുള്ളി കൂളായി ഇറങ്ങി
കണ്ണുതുറക്കാത്ത നായ്ക്കുട്ടികളെ
രക്ഷിച്ചു

റോസി, ജിമ്മി എന്നെല്ലാം വിളിച്ച്
എല്ലാത്തിനേയും വളര്‍ത്തി

ചോറു കൊടുക്കണ്ടെ
പണി ഉണ്ടെങ്കില്‍ ഉണ്ട്
എന്ന കൂലിപ്പണിക്കാരനാണേ

നായ്ക്കുട്ടികളെപ്പറ്റി പറയുമ്പോള്‍
കാണണം മുഖത്തെ വാത്സല്യം
കയ്യൊഴുക്ക് അവറ്റകളുടെ
ഓമനത്വം വിസ്തരിക്കുന്നു 
ആ കൈകളില്‍ ഒരു വടിവാള്‍,
വിശ്വസിക്കാനാവില്ല

മറുവശവുമുണ്ട് 
പുള്ളിയുടെ അയല്‍വീടിന്റെ
വേലിയില്‍ കുടുങ്ങീ, ഒരു കീരി
പുള്ളി വന്നു
അഞ്ചാറ് ആളുകളും വന്നു

അത് രക്ഷപ്പട്ടു എന്നു പറഞ്ഞ്
പിറ്റേന്ന് പുള്ളി ഒരു ചിരി ചിരിച്ചു
വയറു തലോടി

സ്മാളിന്റെ കൂടെ...
എനിക്ക് സംശയങ്ങള്‍ ഉണ്ടായി

ഉണ്ടോ ജീവിതത്തിന്
ഒരു ഒറ്റബുദ്ധി സ്വഭാവം
രക്ഷപ്പടുത്തല്‍, വാത്സല്യം, കൊന്നുതിന്നല്‍
സമാന്തരകണ്ണാടികളില്‍ പെരുകുന്നു
കാക്കത്തൊള്ളായിരം ദ്വന്ദങ്ങള്‍

ഇന്ന് പുള്ളി മാഞ്ചുവട്ടില്‍
കൊച്ചിനേയും എടുത്തു നില്‍ക്കുന്നു,
'മൊന്റെ കൊച്ചാ'

'പേരെന്താ'
'പേര്', ചെല്ലപ്പന്‍ ചിരിച്ചു

പിന്നെ ആകാശത്തേക്കും മറ്റും നോക്കി
പിന്നെയും ചിരിച്ചു 
'ഒരു സഖാവിന്റെ പേരാ',
പേര് പുള്ളിക്കു കിട്ടിയില്ല.

പുഞ്ചിരി
പിന്നെ,
പല മട്ടില്‍ വികസിച്ച മഹാരാജ്യത്തില്‍
കാലിഞ്ചുപോലും എങ്ങോട്ടും നീങ്ങിയതായ്
കാണപ്പെടാത്ത ഒരാളുടെ മുഖത്ത്
ഉണ്ടാകുമായിരിക്കും
ഇത്തരം അന്തംവിട്ട കണ്ണുകള്‍

എനിക്കെന്നപോലെ
പുള്ളിക്കും തുടങ്ങിയോ
മറവി?

മുത്തച്ഛന്മാരായല്ലൊ
ഞങ്ങള്‍ രണ്ടു പേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com