'മീനുടല്‍'- തേജസ്വിനി ജെ.സി എഴുതിയ കവിത

അഴുകിച്ചീഞ്ഞൊരുകടല്‍മീനാണ് ഞാന്‍. കല്ലുപ്പില്‍ കഴുകിയെടുത്ത്കത്തിവരകളാല്‍അടയാളം വെച്ച്ഉപ്പ് മഞ്ഞള് മുളക് മസാലകളില്‍ ഉടല്‍ പുളഞ്ഞുനില്‍ക്കുന്നവള്‍
'മീനുടല്‍'- തേജസ്വിനി ജെ.സി എഴുതിയ കവിത

ഴുകിച്ചീഞ്ഞൊരു
കടല്‍മീനാണ് ഞാന്‍. 
കല്ലുപ്പില്‍ കഴുകിയെടുത്ത്
കത്തിവരകളാല്‍
അടയാളം വെച്ച്
ഉപ്പ് മഞ്ഞള് 
മുളക് മസാലകളില്‍ 
ഉടല്‍ പുളഞ്ഞുനില്‍ക്കുന്നവള്‍.

കറിച്ചട്ടിക്ക് തീച്ചൂട് പിടിച്ച്  
വെളിച്ചെണ്ണയില്‍ 
ആവി  പറക്കുമ്പോള്‍ 
ഞാനതില്‍ മാമോദീസ മുങ്ങും.

ചോറ്റുപാത്രത്തില്‍ 
മലര്‍ന്നു കിടക്കുമ്പോള്‍   
'കരപറ്റിയ' 
ജീവിതത്തെയോര്‍ക്കും.
*            *           *
ഞാന്‍ കണ്ട കടലാണ് 
എന്റെയുടല്‍,
ഉപ്പുകുടിച്ചു വറ്റിക്കാമെന്ന 
വ്യാമോഹമാണ്
ഉള്ളിലുറച്ചുപോയ
മുള്ളുമുനയമ്പുകള്‍

എന്റെ കണ്ണുകളെ മാത്രം
വെറുതെ വിടുക

മണ്ണില്‍ വലിച്ചെറിഞ്ഞ
മീന്‍കണ്ണുകളില്‍നിന്ന് 
പേരില്ലാ പൂച്ചെടികള്‍ക്ക്
വേരുപൊട്ടും
കത്തുന്ന വേനലിലും
അത് നിറഞ്ഞു പൂക്കും.

ഒരിക്കല്‍ 
കടല് കാണാന്‍ പോകുന്നൊരു
പെണ്‍കുട്ടി അതിലൊരെണ്ണം
തലയില്‍ ചൂടും, 
അവള്‍ക്കൊപ്പം 
വീണ്ടുമൊരിക്കല്‍ക്കൂടെ
ഞാന്‍ കടല് കാണും. 

പറയാന്‍ ബാക്കി നിര്‍ത്തിയൊരു പ്രണയത്തോട്
എന്നെ മറന്നുവോയെന്ന് മാത്രം
ഒരിതള്‍ പൊഴിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com