'അന്യോന്യം'- ബിന്ദു സജീവ് എഴുതിയ കവിത

എന്നെ നീ ഇടയ്ക്കിടെയിങ്ങനെ അമര്‍ത്തിക്കെട്ടിപ്പിടിച്ച് നെറ്റിയില്‍ തലോടുമ്പോഴാണ് അതുവരെയുള്ളനൂല്‍ നടത്തം കഴിഞ്ഞ് ഞാന്‍ സ്‌നേഹത്തിലേയ്ക്ക് മറിഞ്ഞുവീഴുന്നത്
'അന്യോന്യം'- ബിന്ദു സജീവ് എഴുതിയ കവിത

ന്നെ നീ ഇടയ്ക്കിടെയിങ്ങനെ 
അമര്‍ത്തിക്കെട്ടിപ്പിടിച്ച് 
നെറ്റിയില്‍ തലോടുമ്പോഴാണ് 
അതുവരെയുള്ള
നൂല്‍ നടത്തം കഴിഞ്ഞ് 
ഞാന്‍ സ്‌നേഹത്തിലേയ്ക്ക് 
മറിഞ്ഞുവീഴുന്നത്. 

പണ്ട് സ്‌കൂളിനടുത്തുള്ള
പുതുമ ഫാന്‍സിയില്‍നിന്ന് 
ഞാന്‍ മോഷ്ടിച്ച 
അരികുകളില്‍ ഗില്‍റ്റ് പൊടിയുള്ള
ചുറ്റ്വള തിരികെ വയ്ക്കാനാണ് നമ്മള്‍ ആദ്യമായി
ഒരുമിച്ച് പോയതെന്നോര്‍ക്കുന്നു
പിന്നീട് എത്രയോ തവണ 
കടക്കാരന്റെ കണ്ണ് വെട്ടിച്ച് 
വള തിരികെ വയ്ക്കാനാവാതെ നാം 
തിരിച്ചു വന്നിരിക്കുന്നു.

ഒടുവില്‍ അതിന്റെ ചുറ്റുകള്‍
ഓരോന്നായി നീ തന്നെ 
അഴിച്ചെടുക്കുകയായിരുന്നു

അന്നൊരുനാള്‍
കള്ളിന്റെ ലഹരിയില്‍
അച്ഛന്‍ മണ്ണെണ്ണ മറിച്ചപ്പോള്‍ 
സാരികളുടെ സ്വയം കത്തിയുള്ള 
പ്രതിഷേധത്തിനുള്ളില്‍ 
അമ്മയുണ്ടായിരുന്നില്ലെന്ന് 
അമ്മയ്‌ക്കൊന്നും പറ്റിയില്ലെന്ന് നീ 
എന്നോട് 
ഇന്നലെക്കൂടിപ്പറഞ്ഞു

അപ്പൊഴും നിന്റെ ചൂട് നല്‍കുന്ന
ഇളം തണുപ്പിലായിരുന്നു ഞാന്‍.

മുള്ളുവേലി കെട്ടാന്‍ പറ്റാത്ത ഒരു കാടില്ലേ 
നമ്മുടെയുള്ളില്‍
ആ കാട്ടില്‍നിന്നിറങ്ങുന്ന 
കരിമ്പുലികള്‍ എന്നെ പേടിപ്പിക്കുമ്പോള്‍ 
നിമിഷങ്ങള്‍ക്കകം 
അവ നിന്നെക്കണ്ടോടുന്നത് കാണാന്‍ നല്ല ചേലാണ്.

ലോകത്തിന്റെ നഗ്‌നത നമ്മള്‍ 
ഒരേ കണ്ണുകള്‍കൊണ്ട് കാണുകയും 
കരച്ചിലുകള്‍ക്ക് കാതുകൊടുത്ത് 
പൊട്ടിക്കരയുകയും ചെയ്യാറുണ്ട്.
അപ്പോള്‍
നീ മറ്റാരോ ആവുന്നതിന്റെ മാന്ത്രികത 
ഇന്നും തെളിഞ്ഞിട്ടില്ല.

ചില പാട്ടുകളുടെ, 
കാഴ്ച്ചകളുടെ
അരിക് മുറിഞ്ഞ് എന്നിലേയ്ക്ക് വീഴുമ്പോള്‍ 
ചിലപ്പോള്‍ നീയടുത്തുണ്ടാവാറില്ല.
ആ നിമിഷം 
ഉള്ളൊഴിച്ച് 
നിന്റെ ചിത്രങ്ങള്‍ മാത്രം നിറച്ച് ഞാന്‍ ധ്യാനിക്കും.
എപ്പോഴെങ്കിലും ഒരുമ്മ വേണമെന്ന് അഗാധമായി തോന്നുമ്പൊഴും.

ഞാന്‍ കണക്കില്‍ മണ്ടിയാണെന്ന് നീയെപ്പോഴും പറയും 
പക്ഷേ...
ഏതോ ഒരജ്ഞാത സമവാക്യം എപ്പോഴും 
എന്നില്‍ തെളിയാറുണ്ടെന്ന് നിനക്കറിയില്ല.
അതിലാണെന്റെ പ്രാണനെന്നും 

ഒരിക്കല്‍
ഇഷ്ടമില്ലാഞ്ഞിട്ടും പരസ്പരം 
കൊത്തുകൂടി മുറിഞ്ഞപ്പോള്‍
നീ അസ്തമയം കാണിച്ച് പറഞ്ഞൊരു കാര്യത്തെ 
ഞാനിനിയും ഉദയം കാണിച്ചിട്ടില്ല.

എന്റെ ജീവനേ...
ഇതുവരെയുള്ള ദൂരങ്ങള്‍ നാമൊരുമിച്ച് 
നടന്നിട്ടും 
അവിടെയെല്ലാം 
ഒറ്റ നിഴല്‍ മാത്രം കണ്ട് 
ഇന്നുകൂടി നീ പറഞ്ഞേയുള്ളൂ
കണ്ണാടി നോക്കുമ്പോള്‍ 
നിനക്കെന്തു ചന്തമാണെന്ന്,
തെളിച്ചമാണെന്ന്,
നിനക്ക് ഞാനുണ്ടെന്ന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com