'ഒടുവിലെ കൂട്'- പി. മധു എഴുതിയ കവിത

കിനാവില്‍ ഞാനൊരു മരുഭൂമിയിലായി.അവിടെ ഒരു അശരീരി മുഴങ്ങി:
'ഒടുവിലെ കൂട്'- പി. മധു എഴുതിയ കവിത

കിനാവില്‍ ഞാനൊരു മരുഭൂമിയിലായി.
അവിടെ ഒരു അശരീരി മുഴങ്ങി:

''പേടിക്കേണ്ട. ഇവിടം പണ്ട് കടലായിരുന്നു.
ഭക്ഷിക്കാന്‍ കാട്ടുതേനും വെട്ടുകിളികളും ഇല്ലാതായപ്പോള്‍
ഉടല്‍ കൊഴിഞ്ഞുപോയ സ്‌നാപകനാണു ഞാന്‍,
എന്നെക്കാള്‍ ശക്തനായവന്‍ വരാനുണ്ട്.
സൂര്യനില്‍ മുങ്ങി സ്‌നാനപ്പെട്ടവന്‍, സ്‌നാനപ്പെടുന്നവന്‍.''

കാത്തുകാത്ത് ഒടുവില്‍ അതുവന്നു.
വിവസ്ത്രമായ മനുഷ്യരൂപമായിരുന്നു അതിന്.
ഇരച്ചൊഴുകുന്ന പുഴകളെ തുറന്നുവിട്ടുകൊണ്ട്
പച്ചവെള്ളത്തിന്റെ കുന്നോളംപോന്ന പരലായിരുന്നു അത്.
വന്‍മരങ്ങള്‍ നിറഞ്ഞ കൊടുംകാടിന്റെ കാവടി തലയില്‍ ചൂടിയ ഒരാള്‍.

അതിന്റെ നെറ്റിയില്‍ സൂര്യനും
സുതാര്യമായ ചങ്കുകൂടുനിറയെ നക്ഷത്രങ്ങളും ഉണ്ടായിരുന്നു.
കലര്‍പ്പില്ലാത്ത ഈണമായിരുന്നു അതിന്റെ സ്വരം.
ആ വിവസ്ത്രതയില്‍ നഗ്‌നത ഇല്ലായിരുന്നു.

അതിന് നിറങ്ങളോ അടയാളങ്ങളോ ഇല്ലായിരുന്നു.
അത് പെണ്ണുടലോ ആണുടലോ ആയിരുന്നില്ല.
ലിംഗസൂചനയുടെ അപ്പുറത്തുള്ള ഒന്ന്,
സൂക്ഷിച്ചുനോക്കിയാല്‍ അതിന്റെ നിറം കാടിന്റേയും കടലിന്റേയും
കാറൊഴിഞ്ഞ വാനിന്റേയും നിറമറ്റ കറുപ്പെന്ന്
കണ്ണുള്ളവര്‍ക്ക് കാണാമായിരുന്നു;
നിറമില്ലായ്മയുടെ കരിനീലം എന്നുപറയാം.

അത് കട്ടിയായ പ്രണയമായിരുന്നു.
ആനന്ദത്തിന്റെ നിലയ്ക്കാത്ത ഒഴുക്കായിരുന്നു.
ഉരുവിലും പുറത്തും ശുദ്ധമായ വെട്ടമായിരുന്നു അത്;
കണികയോ തിരയോ അല്ലാത്ത ഉറവയായ വെട്ടം.

പെട്ടെന്ന് കിനാവിനുള്ളില്‍വച്ച്
ഇതെല്ലാം കിനാവാണല്ലോ എന്ന് ഞാന്‍ ഞെട്ടി.
അപ്പോള്‍ എല്ലാ ഞെട്ടലും കരുണയോടെ മായ്ക്കുന്ന
ആ മനുഷ്യന്റെ നിറഞ്ഞ ഈണം ഞാന്‍ കൊണ്ടു:

''ഇതില്‍നിന്ന് തിരിച്ചുപോക്കില്ല. ഉണരലിന്റെ പൂര്‍ത്തിയാണിത്.
ഇതാണ് ഒടുവിലെ കൂട്. തദ്ധാമ പരമം.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com