'ഖനനം ചെയ്യപ്പെടാത്ത ആനന്ദങ്ങള്‍'- ക്രിസ്പിന്‍ ജോസഫ് എഴുതിയ കവിത

അവിടെ ഭൂമിക്കടിയിലേയ്ക്കായിരുന്നു വളര്‍ച്ചമരങ്ങള്‍, കാട്, വന്യമൃഗങ്ങള്‍,താഴ്വരകള്‍, അരുവികള്‍, കയങ്ങള്‍, കുത്തനെ കയറ്റങ്ങള്‍. ഉപരിതലത്തില്‍ ഉള്‍ക്കാടുകളിലെ ശൂന്യത തളംകെട്ടി നിന്നു
courtesy: gallerist.com
courtesy: gallerist.com

ങ്ങള്‍ രണ്ട് ദൈവങ്ങള്‍ 
സംസാരിക്കുകയായിരുന്നു. 
-പല വിതാനങ്ങളില്‍ പറക്കുന്ന ചിറകുകള്‍
ശബ്ദത്തെ ഉറവിടത്തില്‍വെച്ച് കേള്‍ക്കുന്ന ചെവികള്‍-
അതിനിടയിലെ ശൂന്യതയില്‍ രണ്ട് കള്ളിമുള്‍ച്ചെടികള്‍
നിഗൂഢമായ ആനന്ദങ്ങളില്‍ വളര്‍ന്നു.  
പ്രതിബിംബങ്ങളുടെ ഭാരത്താല്‍ മുഖം മുറിഞ്ഞുപോയ
കണ്ണാടികളായിരുന്നു ഞങ്ങള്‍. 
സംഗീതത്തെ ചേര്‍ത്തുപിടിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തിയ 
രണ്ട് ഗോത്രങ്ങള്‍.  

അവിടെ ഭൂമിക്കടിയിലേയ്ക്കായിരുന്നു വളര്‍ച്ച
മരങ്ങള്‍, കാട്, വന്യമൃഗങ്ങള്‍,
താഴ്വരകള്‍, അരുവികള്‍, കയങ്ങള്‍, കുത്തനെ കയറ്റങ്ങള്‍. 
ഉപരിതലത്തില്‍ ഉള്‍ക്കാടുകളിലെ ശൂന്യത തളംകെട്ടി നിന്നു.
ഇടയ്ക്ക് വൃക്ഷത്തലപ്പുകളിലെ തണുത്ത കാറ്റ് മാത്രം വീശി.
വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി
ശൂന്യതയിലൂടെ നടക്കുകയാണ്. 
തേനും വനവിഭവങ്ങളും ശേഖരിക്കുന്നവര്‍
മുയലുകളെ അമ്പെയ്ത് വീഴ്ത്തുന്നു
വന്യമൃഗങ്ങളില്‍നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തുന്നു. 

അവിടെ രാത്രിയെറിഞ്ഞ വിത്തുകള്‍
മുളപൊട്ടിയ ശബ്ദത്തില്‍ നേരം പുലര്‍ന്നു.

ഉദാഹരണങ്ങളിലെ പിഴവുകളില്‍നിന്ന്
ജീവിതത്തെ തിരിച്ചുപിടിക്കാനാകുന്നില്ല. 
കടലില്‍ ചേരുന്നതെല്ലാം
കടലായി മാറുകയാണ്.  

ചലനശേഷി നഷ്ടമായവര്‍ക്ക് 
വീടും കൂടും അനിവാര്യം.
അല്ലെങ്കില്‍
പ്രവാഹങ്ങളും മലമടക്കുകളും
അഭയകേന്ദ്രങ്ങള്‍.  

''ഉള്‍ക്കാടുകളിലേക്ക് കയറിപ്പോകുന്നതുപോലെ
ഒരാളിലേക്ക് പോകാനാകും.
അത്രമേല്‍ വന്യമായ ഇടങ്ങളിലേക്ക് കയറിപ്പോകാന്‍ 
ഭൂമിയിലെ ചെരുപ്പുകള്‍ പോരാതെ വരും''
-കഴിഞ്ഞ നൂറ്റാണ്ടില്‍ എഴുതി നിര്‍ത്തിയ ആനന്ദങ്ങളുടെ പുസ്തകം
വീണ്ടുമെഴുതി തുടങ്ങുകയാണ്.

നമുക്കിടയിലേയ്ക്ക് ഒരു പ്ലാവ് പഴുത്തിലകള്‍
മുഴുവന്‍ ഉപേക്ഷിക്കുന്നു.
നമുക്ക് അനങ്ങാനാകുന്നില്ല
പരസ്പരം കാണാനാകുന്നില്ല
നീ എന്നെയും ഞാന്‍ നിന്നെയും 
കേട്ടു കൊണ്ടിരിക്കുന്നു. 
പേരില്ലാത്ത അതിര്‍ത്തി ഗ്രാമത്തിലേയ്ക്ക്
കടന്നുവന്ന ആദ്യത്തെ ചിറകടിപോലെ
ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നു. 
ഗുരുത്വാകര്‍ഷണ ബലമില്ലാത്ത ഒരിടത്തുവെച്ചാണ് 
നമ്മള്‍ കണ്ടുമുട്ടിയത്.
ശൂന്യതയിലെ ഭാരമില്ലായ്മയില്‍
ഭ്രമണപഥം തെറ്റിപ്പോകുന്നു. 
:- ഭ്രമണപഥം തെറ്റിയവര്‍ ഒത്തുകൂടുന്ന
ഭൂമിയുടെ ചെരുവുകള്‍,
അവര്‍ക്ക് മാത്രമറിയാവുന്ന ഉള്‍ഖനനങ്ങളുടെ ഭാഷ. 
  
അടിയൊഴുക്കിന്റെ സൂചനകളോടെ
ശാന്തമായിരിക്കുന്ന പുഴക്കടവിലാണ് നമ്മളിപ്പോള്‍.
ഒന്ന് കലങ്ങിമറിഞ്ഞുകൂടെ എന്ന് ചോദിച്ചാണ്
പുഴയിലേക്കിറങ്ങിയത്. 
നോക്കുമ്പോള്‍ പടവുകള്‍ ഒഴുക്കില്‍ അലിഞ്ഞുചേരുകയാണ്.
ആട്ടിന്‍കുട്ടികള്‍ കരച്ചിലുകളോടെ അപ്രത്യക്ഷമാകുകയാണ്.
അടിയൊഴുക്കുകളെ വഴിതിരിച്ചുവിടാന്‍ 
ആരും ശ്രമിക്കുന്നില്ല.
അവിടേയ്ക്ക് വഴിതെറ്റിവന്ന പ്ലാവിലകളുടെ നദി 
കലങ്ങിമറിയാന്‍ മടിച്ചുനില്‍ക്കുന്നു.
ചുഴികളെ ഇലകള്‍ വാരിപ്പുണരുന്നു. 

ഭൂമിയിലെ കണ്ണാടികളില്‍
ആരുടെയും മുഖം പതിയുന്നില്ല.
പുല്ലുകള്‍ക്കു മാത്രമായി ഒരു രാജ്യം ഉണ്ടാകട്ടെയെന്ന്
ആജ്ഞാപിച്ചതാരാണ്?
നൂറ്റാണ്ടുകളോളം കല്ലെറിഞ്ഞിട്ടും
ഉടയാത്ത കണ്ണാടികളില്‍
പുല്ലുകള്‍ക്കു മാത്രമാണ് മുഖം നോക്കാനാകുക. 
പ്രതിബിംബങ്ങളില്‍നിന്ന് കാട്ടുപുല്ലുകള്‍ക്ക് 
വേരുകള്‍ വീണ്ടുകിട്ടുന്നു.
കണ്ണാടിയില്‍ പുല്ലുകള്‍ക്കു പകരം പൂമ്പാറ്റകള്‍ 
ചിറകു വിടര്‍ത്തുന്നു. 

ഒരാള്‍ക്കും ഒരേ കാട്ടില്‍
രണ്ട് തവണ കയറാനാവില്ല
അതിനിടയില്‍ ഒരിലയെങ്കിലും പൊഴിയും
ശിഖരങ്ങള്‍ ഉലയും
മലയണ്ണാന്‍ കയറി മേയും
പാമ്പുകള്‍ മാളം വിട്ടിറങ്ങും
കാട് പഴയ കാടാവില്ല.
അയാളില്‍ എത്ര ഇലകള്‍ പൊഴിഞ്ഞുകാണും
ശിഖരങ്ങള്‍ എത്രയുലഞ്ഞുകാണും.
അയാളും പഴയ അയാളാവില്ല. 

കള്ളങ്ങള്‍ ചൂടപ്പംപോലെ വിറ്റൊഴിയുന്ന 
കടകളില്‍ തിരക്കൊഴിയുന്നില്ല.
ചുണ്ണാമ്പ് പൊതിഞ്ഞ മാടക്കടകള്‍
ഈച്ചയാര്‍ത്ത് ദ്രവിച്ചു വീഴുന്നു. 
പൂജ്യം കണ്ടുപിടിക്കുന്നതിനു മുന്‍പുള്ള
കാലമായിരുന്നു അത്. 
കണക്കുകളിലെ കലഹങ്ങള്‍ തുടങ്ങിയിരുന്നില്ല. 

പുല്ലിന്റെ പ്രാര്‍ത്ഥനയാണ് പുല്‍ച്ചാടി.
വിട്ടിലിന്റെ വായ്നാറ്റം എന്ന ഉപമയില്‍നിന്ന് 
വഴിമാറി നടക്കുന്നവര്‍
കുപ്പായങ്ങള്‍ക്കു പറ്റിയ ശരീരങ്ങള്‍ 
തുന്നിയെടുക്കുകയാണ്. 

ഒരു കുമ്പിള്‍ വെള്ളമാണ് ഞാന്‍,
ഉച്ചവെയിലില്‍ നീരാവിയായി
ഇല്ലാതാകുന്നു.
മഴക്കാടുകളിലെ മരങ്ങളെപ്പോലെ
തഴച്ചുവളരുകയാണ്,
ചില നാടുകളില്‍ പാട്ടുകാര്‍ 
ഒത്തുകൂടുന്ന വൈകുന്നേരമായിരുന്നു ഞാന്‍.

ഇനി നമുക്ക് തുഴക്കാരില്ലാത്ത 
വള്ളങ്ങളില്‍ കയറിപ്പറ്റാം
കാറ്റ് കൊണ്ടുപോകുന്ന
ദ്വീപുകളില്‍ എത്തിപ്പെടാം. 
ആ ദ്വീപിലെ ഉറുമ്പുകളാവാം. 

മലമുകളില്‍നിന്ന് ചിന്തയുടെ മുഴക്കങ്ങള്‍.
ദിനചര്യകളില്‍നിന്ന്
മുയല്‍വേട്ടയെ ഒഴിവാക്കിയവര്‍
വെടിക്കോപ്പുകള്‍ ഉപേക്ഷിക്കുന്നതിന്റെ ശബ്ദങ്ങള്‍. 
അതിര്‍ത്തിയെക്കുറിച്ചുള്ള പാട്ടുകള്‍ക്കു ശേഷം
അതിജീവനത്തെക്കുറിച്ചുള്ള പാട്ടുകള്‍ തുടങ്ങുമെന്ന്
ആരോ പറയുന്നു.
മൂന്നാമത്തെ വരിയില്‍ തിമിംഗലങ്ങള്‍ക്കു ചിറക് 
മുളയ്ക്കുമെന്ന് വിളിച്ചുപറഞ്ഞ് മുക്കുവന്മാര്‍
ബാറില്‍നിന്നിറങ്ങുന്നു. 

കടല്‍ മീനുകളുടെ കൂടാണ്
പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി
തിമിംഗലങ്ങള്‍ അലഞ്ഞുതിരിയുന്നു
;- കള്ളുഷാപ്പുകളില്‍ നിന്നാണ് കൊതിയുടെ 
രാത്രിവണ്ടികള്‍ യാത്ര പുറപ്പെടുന്നത്. 
അത്രമേല്‍ വലിയ മീനിനെ തിന്നാനുള്ള വയറുമായി 
എത്ര പേരാണ് ആ വണ്ടികളില്‍ നാട് പിടിക്കുന്നത്. 
അവരില്‍ ഉണര്‍ന്നിരിക്കുന്നത്
എത്ര ജലാശയങ്ങള്‍. 

പശുവിന്റെ നെഞ്ചെല്ലും തുടയിറച്ചിയും
ചട്ടിയില്‍ മൊരിയുന്നു. 
നാട് വിടുന്നതിനു മുന്‍പുള്ള രാത്രിയില്‍
മൂന്ന് പെഗ്ഗും ജോയിന്റും
പശുവിറച്ചിയും
കൂട്ടുകാരന്റെ വെടിപറച്ചിലും കൂട്ടിന്.  

doodle 2: prasantha acharjee
doodle 2: prasantha acharjee

ഉടുപ്പുകള്‍ എല്ലാമഴിച്ചു കളഞ്ഞാല്‍
പിന്നെ ഒന്നുമില്ല
കീറിപ്പറിഞ്ഞ ഒരു ശരീരം 
അതിന്റെ മുറിവുകളെ താലോലിക്കുന്നു. 
അതിനിടയില്‍ പ്രാവിന്റെ കുറുകലുകള്‍ 
ചില രഹസ്യമുദ്രകള്‍ കൈമാറുന്നുണ്ട്. 
പുരുഷന്റെ പ്രേമങ്ങള്‍ക്കു വഴങ്ങിക്കൊടുത്ത
ഒരുവന്റെ ശരീരം മേലാടകള്‍ അഴിച്ചുമാറ്റുന്നു.
ഇലകള്‍ കൊഴിഞ്ഞ് കൊഴിഞ്ഞ്
മരം മരമാകുന്നതുവരെ 
നദിക്കരയില്‍ ഉറങ്ങാതിരിക്കുന്നു. 

ഭൂമി ഉരുണ്ടതാണെന്നു സ്ഥാപിക്കാന്‍
നടന്നുതുടങ്ങിയ പൂര്‍വ്വികരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്
നമ്മുടെ പ്രതിബിംബങ്ങള്‍. 
ആഴത്തില്‍ പതിഞ്ഞ ചിത്രത്തിനുണ്ടാകുന്ന
തേയ്മാനങ്ങള്‍ എന്റേതുകൂടിയാണ്
ദ്രവിച്ചു തീരുന്നത് ഞാന്‍ തന്നെയാണ്. 
രണ്ട് പേര്‍ക്കിടയിലെ വിനിമയങ്ങളില്‍
രണ്ട് പ്രദേശങ്ങള്‍ ഇടയുന്നു.
രണ്ട് വീടുകള്‍ തലയടിച്ചു പൊട്ടിക്കുന്നു.
രണ്ട് ഗോത്രങ്ങള്‍ യുദ്ധം പ്രഖ്യാപിക്കുന്നു.  

തണുത്തുറഞ്ഞ ഒരു ദ്വീപിനെ 
ചൂടു പിടിപ്പിക്കുകയാണ്.
സംഗീതജ്ഞന്റെ തോട്ടത്തിലെ 
പൂക്കളുടെ ഗന്ധമായിരുന്നു ദ്വീപിന്. 

ഇനിയും ഈ രതി തുടര്‍ന്നാല്‍
സെന്‍ ആകുമെന്ന് ഭയന്ന്
നിന്റെ പിന്‍ഭാഗത്തുനിന്ന്
ഞാന്‍ ഊര്‍ന്നിറങ്ങുന്നു.

ദ്വീപിന് ചൂടു പിടിക്കുന്നില്ല
കടലിലെ മീനുകള്‍ക്ക് ചുട്ടുപൊള്ളുന്നു.
ജലം ചിട്ടപ്പെടുത്തിയ മീനുകളുടെ
പ്രാചീന നൃത്തത്തിന് താളമൊരുക്കുകയാണ്
സംഗീതജ്ഞന്റെ തോട്ടത്തിലെ പൂക്കള്‍.
വായില്‍ മുന്തിരിത്തോട്ടത്തിലെ മുഴുവന്‍ കയ്പും നിറയുംവരെ
ചുംബിച്ചവര്‍ എന്നന്നേക്കുമായി ഉറക്കം വിട്ടുണരുകയാണ്.

ദൂരെനിന്ന് ഉമ്മവെയ്ക്കുമ്പോള്‍
മൂക്കുകള്‍ കൂട്ടിമുട്ടുന്നു.
മറുകുകള്‍ ഉരഞ്ഞ് മുറിവേല്‍ക്കുന്നു. 
:-ആസക്തികള്‍ അടങ്ങിയ തീന്‍മേശയിലെ
ആവി പരത്തുന്ന വിഭവങ്ങള്‍ ഉപേക്ഷിക്കപ്പെടുകയാണ്. 
പൊരിച്ച മീനുകള്‍ ഗന്ധങ്ങളുടെ കാട്ടില്‍ 
ഒറ്റപ്പെട്ടു പോകുന്നു. 
തിന്നും കുടിച്ചും മതിമറന്നവര്‍ മുറികള്‍ ഒഴിഞ്ഞിരിക്കുന്നു. 

ഒഴുക്കിനെക്കുറിച്ചുള്ള നദിയുടെ ആശങ്കകള്‍
എന്ന പേരില്‍ എന്തെങ്കിലും എഴുതണമെന്നു കരുതി.
എല്ലാം ഒഴുകിക്കൊണ്ടിരിക്കുകയാണ്
ഒരു കാഴ്ചയും പൂര്‍ണ്ണമാകുന്നില്ല.
നെഞ്ചില്‍ ഭൂമിയുടെ സ്പന്ദനം പച്ചകുത്തിയവര്‍
ഒരിക്കലും ജയിക്കാനിടയില്ലാത്ത യുദ്ധങ്ങള്‍ക്കിറങ്ങുകയാണ്. 
ചലനങ്ങളില്‍ ഒഴുകിപ്പരക്കലിന്റെ സൂചനകളുമായി
നമ്മള്‍ നിശ്ശബ്ദമായിരിക്കുന്നു.
നദി ഒഴുക്കിനെ വിശകലനം ചെയ്യുന്നു.
കുതിച്ചുചാട്ടങ്ങളില്‍ ചിതറിപ്പോകുന്നവര്‍
കാതങ്ങള്‍ക്കപ്പുറം കണ്ടുമുട്ടുകയാണ്.
വീണ്ടെടുപ്പുകളുടെ നര്‍ത്തകിമാര്‍
ചുവടുകള്‍ പിഴയ്ക്കാത്ത ഉന്നങ്ങളില്‍
ആടിത്തിമിര്‍ക്കുകയാണ്. 

ഒഴുക്കിനെതിരെ നീന്തിയവര്‍ക്കുള്ള സ്മാരകങ്ങള്‍
ചുഴിയില്‍ നുരഞ്ഞുപൊന്തുന്നു. 

ഒന്ന് കഴുകിയെടുത്താല്‍ കടലിനെ
ഏത് അടുക്കളയിലും കയറ്റാം
അടിയൊഴുക്കുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയാല്‍ മതി.
ന്യൂനമര്‍ദ്ദങ്ങളുമായാണ് വരവെങ്കില്‍
മൂന്ന് ദിവസം കിണറ്റിന്‍കരയില്‍ നിര്‍ത്തി ഊട്ടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com