'വേലിപ്പൂക്കള്‍'- ഡി സന്തോഷ് എഴുതിയ കവിത

പരമാവധി അകലത്തില്‍അതിരിങ്കല്‍ നിര്‍ത്തേണം വേരോടെ വലിച്ചുപറിച്ച് വേലിക്കു പുറത്താക്കരുത് വീണേടത്തവയുടെ വേരുകള്‍ ആഴത്തില്‍ വളരില്ലേ? 
'വേലിപ്പൂക്കള്‍'- ഡി സന്തോഷ് എഴുതിയ കവിത

രമാവധി അകലത്തില്‍
അതിരിങ്കല്‍ നിര്‍ത്തേണം 
വേരോടെ വലിച്ചുപറിച്ച് 
വേലിക്കു പുറത്താക്കരുത് 
വീണേടത്തവയുടെ വേരുകള്‍ 
ആഴത്തില്‍ വളരില്ലേ? 
വന്മരമായ് വളരുമ്പോഴവ
വല്ലോര്‍ക്കും തണലാവും
അതിരിങ്കല്‍ നിന്നാലെന്നും 
നമ്മള്‍ക്കൊരു മറയാകും.

പൂത്തെങ്കില്‍ പൂത്തോട്ടേ, അവ 
കായ്‌ച്ചെങ്കില്‍ കായ്‌ച്ചോട്ടേ
പൂക്കാതെ കൊഴിഞ്ഞോട്ടേ, അവ 
കായ്ക്കാതെ കരിഞ്ഞോട്ടേ
ഇല മണ്ണില്‍ വീഴട്ടേ, അവ 
വളമായിത്തീരട്ടേ
മണ്ണല്ലേ അവയുടെ തൊട്ടില്‍ 
മണ്ണല്ലേ അവയുടെ പട്ടട! 
മണ്ണില്‍നിന്നുയരാനുള്ളൊരു 
കൊതിയല്ലേ മണ്ണിലെ ജന്മം! 

വേലിച്ചെടി വേലിച്ചെടിയായ് 
വേലിക്കല്‍ നിന്നോട്ടെ
വേദാന്തം വേണ്ടേ വേണ്ട 
വേണ്ടതിനും വേണ്ടാത്തതിനും! 

മുള്ളുള്ള മുരുക്കുകള്‍, ഇല്ലികള്‍
നിറമില്ലാ വേലിച്ചീരകള്‍, 
പാണലുകള്‍, ശീമക്കൊന്നകള്‍, 
തണ്ടുള്ളവ, തണ്ടില്ലാത്തവ
കറയുള്ളവ, കറയില്ലാത്തവ
പേരുള്ളവ, പേരില്ലാത്തവ 
പേരൊന്നേ വേലിപ്പത്തല്‍! 

നടുമുറ്റം തുളസിക്കുള്ളത് 
അതു പണ്ടേ അങ്ങനെയല്ലെ? 
വളര്‍പ്പന്തല്‍ മുല്ലയ്ക്കുള്ളത് 
അതുപിന്നെ പറയാനുണ്ടോ? 
ചെത്തിക്കും ചേമന്തിക്കും
മണിമുറ്റം സ്വന്തം മുറ്റം.

'നീ കൊന്ന, ഞാനും കൊന്ന
നീ പൂക്കും ഞാനും പൂക്കും 
നീ പൂത്താല്‍ ഋതുസംക്രാന്തി
കണി കാണാന്‍ മേടപ്പുലരി 
കവിതയില്‍ നീ പൂത്തുലയുന്നൂ
പാട്ടുകളില്‍ പൊന്നണിയുന്നു
ഞാന്‍ പൂക്കുവതാരറിയുന്നു 
വേലിക്കല്‍ നില്‍ക്കണ നാറി
തായ്‌വേരുകള്‍ ഒരുപോല്‍, പക്ഷേ
ഞാനെന്നും വേലിപ്പത്തല്‍.' 

നീയെന്തേ ശീമക്കൊന്നേ 
വേണ്ടാത്തതു ചിന്തിക്കുന്നൂ!

ഉയരത്തില്‍ വളര്‍ന്നാലും നീ 
ലോകത്തിനു വേലിപ്പത്തല്‍ 
ഉലകത്തിനു തണലായാലും 
കാലത്തിനു വേലിപ്പത്തല്‍ 
പൂത്താലും കായ്ച്ചാലും നീ 
ഈ ജന്മം വേലിപ്പത്തല്‍! 
പുതുജന്മമെടുത്താലും നീ 
പണ്ടത്തെ വേലിപ്പത്തല്‍! 

സമഭാവന ഇഷ്ടികയാക്കിയ 
മതില്‍ കാലം കെട്ടുന്നുണ്ടോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com