'തുരുമ്പ്' (പ്രശോഭിന്)- ശ്യാം സുധാകര്‍ എഴുതിയ കവിത

കുളിമുറിയിലേക്ക് കാലെടുത്തുവച്ചപ്പോള്‍ നാക്കുനനച്ച് വേനല്‍ച്ചൂടിലേക്ക് ഓടാനൊരുങ്ങുന്ന പൊന്നുടുമ്പ്
'തുരുമ്പ്' (പ്രശോഭിന്)- ശ്യാം സുധാകര്‍ എഴുതിയ കവിത

കുളിമുറിയിലേക്ക് കാലെടുത്തുവച്ചപ്പോള്‍ 
നാക്കുനനച്ച് 
വേനല്‍ച്ചൂടിലേക്ക് ഓടാനൊരുങ്ങുന്ന 
പൊന്നുടുമ്പ്.
 
തല ചതച്ച് 
ഉടല്‍  ചതച്ച് 
അവിടെത്തന്നെ ഇട്ടു, 
വൃദ്ധന്‍. 

മകന്‍ വരുന്നതും കാത്ത്
ചാരുകസേരയില്‍ കാല്‍നീട്ടിയിരിക്കുമ്പോള്‍
അയാള്‍ ജോലി ചെയ്തിരുന്ന 
ജലസംഭരണിയുടെ 
കാടിന്റെ 
ഇമ പാളുന്ന കണ്ണുകളുടെ 
നിശ്ശബ്ദമായ രാത്രികളുടെ 
ഒറ്റപ്പെടല്‍.

വേലിപ്പൊത്തില്‍നിന്നും 
കാടിന്റെ കരിംചീള് 
നാക്കുനീട്ടി നടന്നുവരുമ്പോള്‍ 
പതിയിരുപ്പിന്റെ കാലൊച്ച, 
ആര്‍പ്പ്.
കറുത്ത കൂറ്റന്‍ പല്ലികളെ 
പലവുരി തെങ്ങിനു മുകളില്‍ 
ഓടിച്ചുകയറ്റിയതും 
താഴെ കൊതിയോടെ കാത്തു നിന്നതും 
നാക്കറുത്ത് കടിച്ചോടുന്നതും 
പാറക്കുഞ്ഞുങ്ങളുടെ ഉടുപ്പുരിയുന്നതും 
ചീറിച്ചീറി ഇറച്ചി വേവുന്നതും 
കളി കഴിഞ്ഞു വന്ന ചെറുക്കന്റെ കണ്ണിലെ 
വിശപ്പിന്റെ ആളലും
വഴി കടന്നവന്റെ തിരിഞ്ഞുനോട്ടം പോലെ 
അയാളുടെ ചുളിഞ്ഞ നെറ്റിത്തടത്തില്‍.

ഇന്നവന്‍ തിരിച്ചുവരികയാണെങ്കില്‍ 
അവര്‍ രണ്ടുപേരും ചേര്‍ന്ന് 
പൊന്നുടുമ്പിനെ തിന്നും.
എത്രനാള്‍ കാത്തുവെക്കും 
ഒരു വൃദ്ധന്‍ 
മടങ്ങിവരാത്ത മകനുവേണ്ടി 
അതിന്റെ നടുക്കഷണം? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com