'തട്ടിക്കൊണ്ടുപോകല്‍'- യൂസഫ് നടുവണ്ണൂര്‍ എഴുതിയ കവിത

നരമ്പനകുളക്കരയില്‍ നിന്നാല്‍ കുനീത്താഴ കടവ് കാണാംമഞ്ഞുചുറ്റി മുടി കോതിയിട്ടുംവെയില്‍ഞൊറിഞ്ഞറ്റം തലയിലിട്ടുംകടവ,ക്കരെയിക്കരെ കളിക്കും!
'തട്ടിക്കൊണ്ടുപോകല്‍'- യൂസഫ് നടുവണ്ണൂര്‍ എഴുതിയ കവിത

രമ്പനകുളക്കരയില്‍ നിന്നാല്‍ 
കുനീത്താഴ കടവ് കാണാം
മഞ്ഞുചുറ്റി മുടി കോതിയിട്ടും
വെയില്‍ഞൊറിഞ്ഞറ്റം തലയിലിട്ടും
കടവ,ക്കരെയിക്കരെ കളിക്കും!

കടവക്കരെ പോകുമ്പോള്‍
രാമമ്പുഴ ഇക്കരെ വരും
വഞ്ചിപ്പുര മറഞ്ഞുനിന്ന്
നരമ്പനകുളത്തെ ഒളികണ്ണിടും
തിരക്കൈകള്‍നീട്ടി തൊടാന്‍ നോക്കും
സ്ഫടികജലക്കയ്യില്‍ തൊട്ടുരുമ്മി
നുണക്കുഴിക്കവിളില്‍
ഉമ്മവെയ്ക്കാന്‍ കൊതിക്കും!

മുന്നില്‍ ആളൊഴിയാപ്പാടമാണ്
പൊറ്റോല്‍വക നിലമാണ്
ഞാറ്റുപാട്ടും തേക്കുപാട്ടുമാണ്
മണ്ണിലിഴയാതെ മുണ്ടുടുത്ത്
ആകാശവെള്ള തലയില്‍ക്കെട്ടി
പാടത്തുവിളയും കല്പനകള്‍
അട്യ അട്യ കൊയ്യാന്‍ വരമ്പത്ത് നില്‍ക്കും!

കുളപ്പടവില്‍ കൂട്ടംകൂടും
നേരു തിന്ന നുണക്കഥകള്‍!

ചൂണ്ടല്‍ച്ചിരിയുമായ് പുലരൊളി 
ചൊരുക്കും മണവുമായുച്ചക്കാറ്റ്
വലവീശി വലഞ്ഞ സായന്തനം
വയലട്ട കടിച്ച ചോരപ്പാടുമായന്തി
മുഖത്തെ കരിപ്പാട് കഴുകാനമ്പിളി
ആരെങ്കിലുമുണ്ടാകും!
തലപൊക്കിയൊരു കടക്കണ്ണേറ്
കൊതിയില്ലാഞ്ഞിട്ടല്ല!

ഒന്നുലഞ്ഞാലോളം തുള്ളിയാല്‍
പൊറ്റോലെ ചാരുകസേരയൊച്ച വെയ്ക്കും
കത്തുന്നനോട്ടം നീണ്ടുവരും
മഞ്ചയില്‍ നീന്തുന്ന പരല്‍മീന്‍പിടയ്ക്കും
'എന്താണ്ണേ ഒരിളക്കം?' എന്നു ചോദിക്കും
മിണ്ടാതുരിയാടാതെ നെഞ്ചു് കനക്കും!

നിന്നെയൊരിക്കല്‍ കൊണ്ടുപോകുമെന്ന് 
രാമമ്പുഴ
കാറ്റിന്‍ചിറകില്‍ ഉറപ്പ് കൊടുത്തയക്കും
അനുരാഗംപെയ്യും കര്‍ക്കടകരാവില്‍
പതുങ്ങിപ്പതുങ്ങി വരും
മയങ്ങല്‍ത്താഴ നടവരമ്പ് തടയും
പുത്തലത്തെ തോട് ഇടുങ്ങും
മങ്ങുകള്‍ നിറഞ്ഞ് വഴിമുടക്കും
തിരിച്ചിറങ്ങി കടവില്‍ കനക്കും
നരമ്പനകുളത്തിന്റെ കണ്ണാടിമുഖം മങ്ങും!

ഒരുനാള്‍
പൊറ്റോലെ കോലായ ശൂന്യമായി
വയല്‍വരമ്പ് കീക്കോട്ടെ 
പള്ളിപ്പറമ്പില്‍ച്ചെന്നു മടങ്ങി 
തെരുവത്തോളം നീണ്ട നടപ്പാതയില്‍
ഒറ്റയൊറ്റയായ് കൊറ്റികള്‍ പാറി
നിഴല്‍ തിങ്ങിയ പാടത്ത്
നിലാവ് ബോധമറ്റു കിടന്നു
ഒച്ചയനക്കങ്ങള്‍ കാറ്റെടുത്തു

ആളില്ലാ പാടത്ത്
വീടുകള്‍ വിത്തിറക്കി!

കരള്‍ തൊട്ടകുളം 
ആഴങ്ങളില്‍ മുങ്ങാംകുഴിയിട്ടു
മുങ്ങിയെടുക്കാനാവാതെ...

അങ്ങനെയാണ് 
പ്രണയം ദുരിതമായ് പെയ്തിറങ്ങിയ
ഒരു ദുര്‍ഘടരാത്രിയില്‍
വരമ്പുകള്‍ ചാടിക്കടന്ന്
രാമമ്പുഴ 
നരമ്പനകുളത്തെ തേടിച്ചെന്നത് 
വെള്ളപ്പൊക്കമോ
തട്ടിക്കൊണ്ടുപോകലോ അല്ലാതെ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com