'രണ്ട് കവിതകള്‍'- മണിക്കുട്ടന്‍ ഇ.കെ. 

By മണിക്കുട്ടന്‍ ഇ.കെ  |   Published: 31st May 2021 04:46 PM  |  

Last Updated: 31st May 2021 04:46 PM  |   A+A-   |  

 

1. ആവാസം 

റ്റിയ പുഴയുടെ 
കോണിലൊരു ചാല്‍
മുട്ടിനു വെള്ളം
കുറേ ഇലകള്‍
പച്ച മഞ്ഞ കറുപ്പ്

പൊടിമീനുകള്‍
കളറിലകളില്‍
തെന്നിമായുന്നു
ഒരു തവള
ഉഭയ ജീവിതം വരക്കുന്നു

വെളിച്ചത്തിന്റെ
ഒരൊളി വന്ന് തിളങ്ങുന്നു

കാട്ടുവള്ളികള്‍
കാറ്റിലാടുമ്പോള്‍
വെള്ളമിളകുന്നു

അതുവഴി വന്ന കിളി
തൂവലഴിച്ചു കിതച്ചു
മേഘമപ്പോള്‍
ആകാശത്ത്
ഒരാനയെ വരച്ചു

2. തടയണ 

തോടിന് 
തടയണ കെട്ടി

ഒഴുക്ക് നിന്നപ്പോള്‍
വെള്ളം തടിച്ചു

അവിടെ വന്ന്
കുട്ടികള്‍ കുളിച്ചു
പെണ്ണുങ്ങള്‍ തിരുമ്പി
പൂച്ചകളും നായ്ക്കളും
നക്കിക്കുടിച്ചു
ചിലര്‍ 
കുടത്തില്‍ കടത്തി

തടിച്ച തോടിനു താഴെ
മെലിഞ്ഞ ഒഴുക്കിന്റെ കരക്കാണ്
കിളികളുടെ വീട്
അവിടെയാണ്
ഞാന്‍ പാര്‍ക്കുന്നത്.