'കാട്ടുകുമ്പിള്‍'- രാഹുല്‍ മണപ്പാട്ട് എഴുതിയ കവിത

By രാഹുല്‍ മണപ്പാട്ട്  |   Published: 11th November 2021 03:05 PM  |  

Last Updated: 11th November 2021 03:05 PM  |   A+A-   |  

poem_2

ചിത്രീകരണം: അർജുൻ കെവി

 

വിടേക്ക് ഓടിപ്പോയാലും 
വിറകൊടിക്കാന്‍ പോയ വഴികളില്‍ 
നിന്നും 
അവര്‍
കൂകിവിളിക്കും.

ഒരു കാട്
അവരുടെ മുതുകില്‍ 
പടിഞ്ഞിരിപ്പുണ്ട്.

കാടിറങ്ങിവന്ന ഒറ്റയാന്റെ 
കാല്‍പ്പാദം
തിരഞ്ഞു പോയൊരു 
മകനെ കാത്തിരിക്കുന്നപോലെ 
അവരില്‍ കല്ലിച്ച പാടായി 
ഉള്‍വനങ്ങള്‍.

ഇലകളുടെ ഇളക്കങ്ങളില്‍
അവര്‍ വളര്‍ന്നു.
ചെമ്പോത്തിന്റെ കണ്ണ് 
അവരുടേതായി.
ഓരോ കാറ്റിലും
മഞ്ഞള്‍ച്ചെടികള്‍
അവരുടെ 
മുലകളിലേക്ക് ഉലഞ്ഞു.
വെയിലത്തുണക്കാനിട്ട 
പാവയ്ക്കാ കഷണങ്ങള്‍ 
അവരുടെ ഉടലില്‍ ചുങ്ങി.
ചളിരിന്റെ ചുവന്ന വാനങ്ങള്‍ 
അവരുടെ തൊലിപ്പുറത്തുറഞ്ഞു.

വാളന്‍പുളി തൊലിക്കുമ്പോള്‍
എന്റെ മേത്ത് വന്നൊട്ടുന്ന മാതിരി 
അവര്‍ മടിയിലിരുത്തി കുളിപ്പിക്കുന്നു.
മുടി പിന്നിയിട്ട് 
ഒടിച്ചുകുത്തി പൂക്കള്‍ നടുന്നു.
പാവാടക്കീറില്‍ പൂമ്പാറ്റകളെ 
പണിയുന്നു.
കക്കുകളിക്കാന്‍
ഭൂമിയെ വരക്കുന്നു.
പിഞ്ഞാണത്തില്‍ കുഴച്ചുവെച്ച 
ചോറുരുളകളില്‍ 
തൊടി നിറഞ്ഞുകവിയുന്നു.

അടുപ്പത്ത് ചൂടുകൊള്ളുന്ന 
പൂച്ചയുടെ അടിവയറു തോല്‍ക്കും 
അവരുടെ ശ്വാസം.

ഓര്‍മ്മയില്‍ 
അവര്‍ പൂക്കാരിയായിരുന്നു.
മടിക്കുത്തില്‍ തിരുകിവെക്കാറുള്ള 
ഗന്ധങ്ങള്‍പോലെ 
മുറ്റത്തേക്ക് മുറുക്കി തുപ്പുന്നു.
സൂര്യന്‍ തെറിച്ചുവീഴുന്നു.

വിറകുകെട്ടഴിക്കുമ്പോള്‍ 
മരങ്ങളായ മരങ്ങളുടെ കാതലോടൊപ്പം 
അവര്‍ വേരോടെ പറിച്ചു 
കൊണ്ടുവന്നൊരു 
അരുവി
എന്റെ മുറിയില്‍ ഉറവാവുന്നു.

ഞാന്‍ അവരിലേക്ക് 
മടങ്ങുന്നു.