'നിങ്ങള്‍ പോലുമറിയാതെ ഞാനെന്നെയുള്‍പ്പെടുത്തുന്നുണ്ട്'- ആദിത്യ ശങ്കര്‍ എഴുതിയ കവിത

By ആദിത്യ ശങ്കര്‍  |   Published: 19th November 2021 02:29 PM  |  

Last Updated: 19th November 2021 02:29 PM  |   A+A-   |  

poem_2

ചിത്രീകരണം: അർജ്ജുൻ കെവി

 

സ്‌കോര്‍: 1-0 എന്ന തലക്കെട്ടിലേക്ക്
നിങ്ങള്‍പോലുമറിയാതെ 
ഞാനെന്നെയുള്‍പ്പെടുത്തുന്നുണ്ട്.

തൊണ്ണൂറാം മിനിറ്റിലടിച്ച 
ഗോളിന്റെ വിവരണത്തിലേക്കല്ല.
കളിക്കളത്തിലെ വലഞ്ഞ കാലുകളോര്‍ത്തെടുക്കുന്ന
ഗോള്‍രഹിതമായ ആ 89 മിനിറ്റുകളിലേക്ക്.

അന്നേരമെല്ലാം ഉയര്‍ന്നു കേട്ട
പ്രാര്‍ത്ഥനയോ പ്രതീക്ഷയോ എന്ന്
വേര്‍തിരിക്കാനൊക്കാത്ത ആരവങ്ങളിലേക്ക്,
അവയില്‍ ചില വരികള്‍
കോറിയിട്ട മുന്നിലത്തെ കസേരയിലേക്ക്,
അതുപോലുള്ളവ കേട്ടും കോറിയും 
നടന്ന തെരുവുകളിലേക്ക്.

ഇടവേളയില്‍ വരിനിന്ന്
പടം വരച്ചൊഴിച്ച മൂത്രപ്പുരകളിലേക്ക്,
കപ്പലണ്ടി പൊതികളെറിഞ്ഞ
ചവറ്റുകൊട്ടകളിലേക്ക്.    

കപ്പടിച്ച് ആര്‍ത്തുല്ലസിച്ചവരിലോ
കപ്പ് കിട്ടാതെ കരഞ്ഞവരിലോ അല്ല.
ഡ്രിബ്ലിങ്ങിലെ ദുരന്ത നൃത്തത്തിലുമല്ല.
ചിരിയോ കരച്ചിലോ നിസ്സംഗതയോ എന്നില്ലാതെ
അടഞ്ഞുപോയ മുദ്രകളിലേക്ക്.

പ്രതാപത്തിന് മാത്രമല്ല
ദുരന്തത്തിനുമുണ്ടല്ലോ പേരിനൊരു കോട്ട.
അതിനും വെളിയിലുള്ളവരിലേക്ക് മാത്രം
ഞാനെന്നെയുള്‍പ്പെടുത്താറുണ്ട്.