'ഗുട്ടന്‍സ്'- എന്‍.ജി. ഉണ്ണികൃഷ്ണന്‍ എഴുതിയ കവിത

കറുപ്പ്..തല പുന്നാടുപോലെ നരച്ച്ഒരു അറുപത്തഞ്ച് എഴുപത്ഇരുകയ്യിലും പാല്‍പാത്രങ്ങള്‍ 
ചിത്രീകരണം: അർജ്ജുൻ കെവി
ചിത്രീകരണം: അർജ്ജുൻ കെവി

റുപ്പ്..
തല പുന്നാടുപോലെ നരച്ച്
ഒരു അറുപത്തഞ്ച് എഴുപത്
ഇരുകയ്യിലും പാല്‍പാത്രങ്ങള്‍ 

ഇന്ന് ഒറ്റക്കായോ 
കൂട്ടുകാരനില്ലേ 
സാറ് വൈകിയോ

എന്തെങ്കിലും ചോദിക്കും

കറവ വൈകിയതോ
പശുവിന്റെ രോഗമോ
മകന്റെ വിശേഷങ്ങളോ

പറയും

ചിരി വെട്ടിത്തിളങ്ങും

ഒന്നും മനസ്സിലാകാറില്ല
താല്പര്യവുമില്ല അത്രക്ക്

വിഷയം അതല്ല
വലിയ സ്വാതന്ത്ര്യത്തിലാണ്
വര്‍ത്തമാനം
ചേട്ടാ എന്നുമായിട്ടുണ്ട്
കൊവിഡാണേ 
പടിഞ്ഞാട്ട് പോണ്ട ചേട്ടാ
എന്ന്
ഇന്ന് രാവിലെയും 

മുന്‍പരിചയമില്ലവരെ
കൊയ്ത്തുകാലത്ത്
കണ്ടിട്ടുണ്ടോ
എന്റെ ഭാര്യയുടെ
സ്‌കൂള്‍ കൂട്ടായിരുന്നൊ
ഒരുപിടിയുമില്ല

പണ്ടെങ്ങാനും 
അഥവാ കണ്ടപ്പോള്‍
കാമത്തോടെ നോക്കിയിട്ടുണ്ടോ
സാധ്യതയില്ല

ഞങ്ങളുടെ മധ്യവര്‍ത്തിക്കുടുംബ
രീതിയില്‍
'മുറുക്കാന്‍' വാക്കും ശീലവും സഭ്യം, കുലീനം
പുകവലി ഒളിച്ച്
കാമം  
ഒരു തെറിവാക്ക്
കൂട്ടുകാര്‍പോലും
ഉച്ചരിച്ചു കേട്ടിട്ടില്ല
പിയുസിക്ക് പോയ സീനിയര്‍
മലയാളം സാര്‍ ലിംഗം
എന്നു പറഞ്ഞത് വന്നു പറഞ്ഞ് 
ഞങ്ങള്‍ ചിരിച്ചുചിരിച്ച് ചത്തു

അതില്ലായിരുന്നു എന്നല്ല
ഒരാളുടെ കുളി കാണാന്‍
കലശിമ്മല്‍ പിടച്ചു കയറിയത്
ഒരു സദാചാരകാര്‍ന്നോരുടെ
ഭീകര ഒച്ചകേട്ട്
പരാക്രമത്തോടെ ഉരഞ്ഞിറങ്ങിയത്
കരുവാളിച്ച്
ഇപ്പോഴും തുടയില്‍.
അച്ചുകുത്തു പാടിനൊപ്പം
അവസാനത്തെ തീക്ക് വച്ചത്

ലജ്ജാലു, നായര്‍  സ്വയംതെറ്റി
അപ്പുറം കരേറിയില്ല
ഇവരെയെന്നല്ല ആരേയും
പൊലീസ് സാര്‍ പറഞ്ഞതില്‍ കൂടുതല്‍
സെക്കന്റുകള്‍ നോക്കിയിട്ടേയില്ല

ആരാണ് എന്നു ചോദിക്കണം എന്നുണ്ട്
ഇത്രയും വര്‍ത്തമാനം പറഞ്ഞിട്ട്
പിന്നെങ്ങനെ?

അതുമാത്രമല്ല 
ഇതൊരു ഗ്രാമം. ബാര്‍ ഇല്ല.
ചെരിപ്പുകടയില്ല
അനങ്ങിയാല്‍ ആളുകള്‍ അറിയും

പാലത്തില്‍ വര്‍ക്ക് ഔട്ടു ചെയ്യും
അടിപൊളി പെങ്കൊച്ചിനോട്
സന്ദര്‍ഭവശാല്‍ 
മിണ്ടി മുഖമുയര്‍ത്തിയപ്പോള്‍
ആകാശത്തൂന്ന് പൊട്ടിവീണ്
ഒന്നുരണ്ടു പെണ്ണങ്ങള്‍ 
കൃത്രിച്ചു നോക്കുന്നു.

ഇപ്പെണ്ണുംമ്പിള്ള നരച്ചു കുരച്ചാണല്ലോ
ഉടലും എടുത്തു പിടിച്ചല്ല
അതാകും
ഒരു പട്ടിക്കും വേണ്ട

മഹാന്മാര്‍ പാത്രം മുട്ടിയും 
ദീപം തെളിച്ചും ജനതയെ നയിക്കുന്നു
കവികള്‍
ഓരോന്നിനെക്കുറിച്ചും
ഗംഭീര അഭിപ്രായങ്ങള്‍ വിടുന്നു
ജനം മുഴുവനായും
പ്രതികരിക്കുന്നു.

ആശയസംഘട്ടനങ്ങള്‍?

അഴിച്ചിട് പുരപ്പുറത്ത്
അല്ലെങ്കില്‍  ഓരത്ത് കെട
സ്വന്തം കൊതം ചുംബിച്ച് മരിക്ക്.
 
നേരംകൊല്ലി വിചാരങ്ങളുമായ്
വന്നുകേറി

ഒരു പണിയുമില്ല
മീശ കത്രിച്ചേക്കാം എന്നു കരുതി
കത്രിക എടുത്തു മുഖം പാര്‍ത്തു

തുറിച്ചുനോക്കുന്നു
നരച്ചു കുരച്ച ഒരാള്‍

ചിലര്‍ 
മിണ്ടാന്‍ വരുന്നതിന്റെ
ചിലര്‍ അകലുന്നതിന്റേയും
ഗുട്ടന്‍സ് 
മനസ്സിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com