'കോവയ്ക്ക'- ഹരിശങ്കരനശോകന്‍ എഴുതിയ കവിത

By ഹരിശങ്കരനശോകന്‍  |   Published: 25th November 2021 02:57 PM  |  

Last Updated: 25th November 2021 02:59 PM  |   A+A-   |  

poem_2

ചിത്രീകരണം: അർജ്ജുൻ കെവി

 

ച്ചയൂണിന് കോവയ്ക്കാത്തോരനും കോവയ്ക്കാമെഴുക്കുപുരട്ടിയും
കോവയ്ക്കയിട്ട അവിയലും മാറിമാറി കൊണ്ട്വരുന്നു
ജോലിസമയം കഴിഞ്ഞ് അടുക്കളത്തോട്ടത്തില്‍ കോവല്‍കൃഷി ചെയ്യുന്നു
വെറുതെയിരിക്കുമ്പോള്‍ ഒരു പച്ചക്കോവയ്ക്ക പറിച്ച് ചവച്ചരച്ച് തിന്നുന്നു
കോവല്‍ സംബന്ധിയായ ഏതൊരു പരാമര്‍ശത്തിലും തെളിഞ്ഞ് ചിരിക്കുന്നു
ആളുകള്‍ക്കിടയില്‍ കോവല്‍ക്കമ്പുകള്‍ വിതരണം ചെയ്യുന്നു...

ഈ മനുഷ്യനെ സൂക്ഷിക്കണം
ഇന്നയാളൊരു കോവയ്ക്കാപ്രേമിയാണെന്ന് കരുതി നാളെയൊരുപക്ഷേ, ഒരു
കോവല്‍ത്തീവ്രവാദിയായിക്കൂടെന്നില്ല
അന്നയാള്‍ കോവയ്ക്ക നിറച്ച ഒരു വിമാനത്തെക്കേറി ലോകമെമ്പാടുമുള്ള
ആകാശങ്ങളിലൂടെ പറന്ന് പറന്ന് ഒരു കോവയ്ക്കാവര്‍ഷം തന്നെ നടത്തില്ലെന്ന്
ആരറിഞ്ഞു
ഇപ്പൊഴെ കരുതിയിരിക്കാതെ ചറപറ കോവയ്ക്ക വന്ന് തലയ്ക്ക് വീഴുന്ന ഒരു
കാലത്ത് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല...

ഇങ്ങനെ കരുതിയിരിക്കണം കരുതിയിരിക്കണം എന്ന് വിചാരിച്ചിരിക്കുന്ന
കാലത്താണ് പുള്ളിക്കാരന്‍ ഒരു വലിയ കുപ്പിനിറച്ചും കോവയ്ക്കാത്തീയലുമായി
കടന്നുവരുന്നതും വറത്തരപ്പിന്റെ എണ്ണമിനുക്കില്‍ കോവയ്ക്കയെ
എന്നെന്നേയ്ക്കുമായി ഒളിച്ച് കടത്തുന്നതും ഞങ്ങളുടെ കരുതലുകളുടെ മട തകര്‍ത്ത്
ഉമിനീര്‍പ്രളയം കുതിച്ചൊഴുകുന്നതും ഞങ്ങളെല്ലാവരും തന്നെ കടുത്ത
കോവയ്ക്കാ പ്രേമികളായി തീരുന്നതും...