'കറ'- കമറുദ്ദീന്‍ ആമയം എഴുതിയ കവിത

'കറ'- കമറുദ്ദീന്‍ ആമയം എഴുതിയ കവിത
ചിത്രീകരണം: അർജുൻ കെവി
ചിത്രീകരണം: അർജുൻ കെവി

വിശേഷവേളയില്‍ ധരിക്കാന്‍ 
ആകെയുള്ള വെള്ളക്കുപ്പായത്തില്‍ 
കടുപ്പന്‍ ചായക്കറ വീണു

കഴുകിക്കളയാനില്ല നേരം ക്ലോക്കില്‍ 
ബസതിന്റെ റൂട്ടിനു പോകും 
ബസുതെറ്റിയാല്‍ ട്രെയിനും തെറ്റും 
ബന്ധങ്ങളുടെ പാളങ്ങളും 
ഒരു തുള്ളി ചായച്ചതിയില്‍ 
പകച്ചു നില്‍പ്പാണെന്‍ പ്രഭാതം

പെട്ടന്നതാ 
വീട്ടിലെ പ്രായോഗ്യവതി 
നല്‍പാതി ഒരു മാജിക്ക് ദണ്ഡുപോല്‍ 
പൗഡര്‍ ഡപ്പിയുമായെത്തി
കറയുടെ കണ്ണില്‍ പൊടിയിടുന്നു 
മെല്ലെ മെല്ലെ കറ വാലു ചുരുട്ടുന്നു

ഈ സൂത്രം വിലപ്പോകുമോ?
യാത്രക്കൊടുവില്‍ തക്കംനോക്കി
ദേഹം കുടഞ്ഞവന്‍ പുറത്തു ചാടുമോ? 
നാലാള്‍ കണ്ടാല്‍ നാണക്കേടാവുമോ?

എന്റെ സന്ദേഹപ്പനിനെറ്റിയില്‍ 
തുണി നനച്ചിട്ടവള്‍ പറഞ്ഞു:

പണ്ടെന്നെ കാണാന്‍ വന്നനാള്‍ 
എന്റെ കുപ്പായത്തിലെ
പൊടിയടയാളങ്ങള്‍ 
കണ്ണില്‍പ്പെട്ടുവോ?
വാസനപ്പൊടിപോലുമല്ല
അരിപ്പൊടികൊണ്ടു മറച്ച 
കറയുടെ വടുക്കള്‍

ആത്മവിശ്വാസത്തിന്റെ 
ഒരു ഫാക്ടറിതന്നെ നീയെന്ന്
കാതില്‍ ഉമ്മവെച്ചാലോ?
പിന്നീടാകട്ടെ,
ബസിങ്ങെത്താറായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com