'ഈ നിശാനഗരത്തിന്റെ ചില്ലയില്‍'- ലതീഷ് മോഹന്‍ എഴുതിയ കവിത

താഴേയ്ക്ക് സ്വയം എയ്ത ചാട്ടുളിമനസ്സുവിട്ട പക്ഷിവീണു ചിതറുവാന്‍തല തകര്‍ന്നതിന്‍ലഹരിയില്‍ ലയിക്കുവാന്‍മുന്നോട്ടതിന്റെ ചിറകുകള്‍
'ഈ നിശാനഗരത്തിന്റെ ചില്ലയില്‍'- ലതീഷ് മോഹന്‍ എഴുതിയ കവിത

താഴേയ്ക്ക് സ്വയം എയ്ത ചാട്ടുളി
മനസ്സുവിട്ട പക്ഷി

വീണു ചിതറുവാന്‍
തല തകര്‍ന്നതിന്‍
ലഹരിയില്‍ ലയിക്കുവാന്‍
മുന്നോട്ടതിന്റെ ചിറകുകള്‍

കറങ്ങി കറങ്ങിയീ 
കാന്തവലയത്തിന്റെ വരുതിയില്‍
ഉള്ളില്‍ ചിതറിയ
വേഗപാതയില്‍
മൂടിയില്ലാത്ത
നാല്‍ചക്ര വാഹനത്തില്‍

വണ്ടിവിളക്കണച്ചാല്‍
ചുണ്ടിലെ തീക്കുഴല്‍ മാത്രം 
കാണാവുന്ന കൂരിരുളില്‍
തീര്‍ക്കണം ഈ രാത്രിയെ
എന്ന വാശിയില്‍

വഴിയരികില്‍ ഒരാള്‍
അയാളുടെ വാഹനത്തിന് കൈകാട്ടുന്നു
കാല്‍ വരെ മറയുന്ന
കയ്യില്ലാത്ത നീളന്‍ കുപ്പായം
അവള്‍ക്കു രാത്രി 

അവള്‍ കയറിയ വണ്ടിയില്‍ അയാള്‍ 
ചിറകുകള്‍ മടുത്തതിനാല്‍
വിരല്‍വേട്ട ചെയ്യുന്ന പക്ഷി

ദൂരെ കാണുന്ന മതിലിലേക്കു നോക്കൂ;
ഇടിച്ചു ചിതറൂ എന്നവള്‍,
നില്‍ക്കാത്ത ലോകത്തിന്‍ 
പ്രേമവലയത്തില്‍
ഉറച്ചുനില്‍ക്കുന്നവര്‍ക്കെന്തു കാര്യം?

കമണ്ഡലുവിനെ മുലയായി 
ഉപമിക്കും ഓര്‍മ്മയില്‍
അംഗുലീമാലന്‍ വിരിഞ്ഞു 
കുറ്റവാളിയുടെ മഞ്ഞ
കാലിലൂടെ പാഞ്ഞതില്‍
മുരളും വേഴാമ്പലിന്‍ വരണ്ടതൊണ്ടയില്‍ 
വെള്ളിടിവെട്ടും മോഹമേഘം

കയ്യില്ലാത്ത കുപ്പായം
ഊരിമാറ്റി
വിടര്‍ന്ന കൈപ്പടം കൊണ്ടവള്‍
മുടി കെട്ടുന്നു
നീണ്ട നഖത്തില്‍ 
നീല മഷി

കോര്‍ത്ത വിരലുകള്‍
മഴക്കാലരാത്രിയിലുടലുകള്‍

ചുറ്റും പായും നഗരം നോക്കി 
പുകക്കുഴല്‍ താളത്തിലൂതി 
അരികിലുലയും
അഴിഞ്ഞ നീള്‍മുടിയില്‍ 
വിരലിളക്കി
പായും പാതിരാത്രിയുടെ പല്ലിവാല്‍

തകര്‍ന്ന ഭിത്തിയില്‍
പറന്നുവന്നിടിച്ച
ആര്‍ദ്ര നക്ഷത്രത്തിന്റെ ഇരുവിരല്‍മാല

അതിവേഗത്തിന്റെ മോഹാപരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com