'മനോരാജ്യം'- സമുദ്ര നീലിമ എഴുതിയ കവിത

കടല്‍ താണ്ടിയെത്തിയ പെണ്ണാളിന്‍കുട്ട നിറയെ പലനിറപ്പൂക്കള്‍മിണ്ടുമ്പോള്‍ മൊട്ടുകളില്‍ പടരും ചിരികടുംപേച്ചില്‍ ഓരം ചായും പുലിപ്പല്ല്
'മനോരാജ്യം'- സമുദ്ര നീലിമ എഴുതിയ കവിത

ടല്‍ താണ്ടിയെത്തിയ പെണ്ണാളിന്‍
കുട്ട നിറയെ പലനിറപ്പൂക്കള്‍
മിണ്ടുമ്പോള്‍ മൊട്ടുകളില്‍ പടരും ചിരി
കടുംപേച്ചില്‍ ഓരം ചായും പുലിപ്പല്ല്

അവള്‍ കെട്ടി ഈരണ്ടു പൂമാല
കുരുക്കിട്ട് മുറുക്കുമ്പോള്‍
മിടിപ്പിലുതിരും വേങ്ങൈമരപ്പൂക്കള്‍
നീളന്‍ കഴുത്തിന്നറ്റം പാറും ഇതളുകള്‍
കാറ്റില്‍ മെല്ലെനെയടര്‍ന്ന ആനന്ദം
അവള്‍ കെട്ടി ഈ രണ്ടു പൂമാല 
ഈ മാലയണിഞ്ഞിട്ടു ഞാനുറങ്ങി
പത്തു വയസ്സാവാറായി.

ഉടന്‍ തന്നെ നാട് വിട്ടു
ദൂരെയൊരൂരില്‍ തങ്ങി
രാവാകെ പൊഴിഞ്ഞ പൂക്കള്‍
കൊടും ചൂടില്‍ കരിയും മാമ്പൂക്കള്‍
ദേശം കുയിലുകള്‍ കൂവാത്ത
മണമേ തീണ്ടാത്ത പൂങ്കാവനം

കോവിലുകളിലും 
കോലങ്ങളിലും
ഒളിഞ്ഞെന്‍ പാര്‍പ്പ്  
നിന്നെ തിരഞ്ഞതിന്‍ 
വെടിപ്പാട് കണങ്കാലില്‍ 
നടക്കുമ്പോള്‍ മാത്രം 
പാട്ടില്‍ വെളിപ്പെട്ടു 

പകയെന്‍ പകലുകള്‍
നിന്‍ സൈന്യം കടന്നുപോയ
മലമ്പാതകളിലതിഗൂഢമിഴഞ്ഞു
മരുക്കാട്ടില്‍ തലതല്ലി
വന്നി മരച്ചോലയുമില്ല

എന്റെ  മുറ്റത്ത് പൂ പറിക്കാനെത്തുന്ന
പെണ്‍കുട്ടികള്‍ മരത്തോളം വളര്‍ന്നില്ലേ
മരച്ചില്ലയെത്തിച്ചെന്നുലയ്ക്കാന്‍
വളഞ്ഞും പിടിവിട്ടു നിവര്‍ന്നും
കണ്ണില്‍ കൊണ്ട് കൈ പോറി
അടിമുടി നീറിന്‍ കൂട് കുതറി
കൊന്നു തേച്ച പശയിലൊട്ടി
തലേന്നേ ഞെട്ടടര്‍ന്ന ചെറുപൂക്കളില്‍
ഇലയ്ക്കൊപ്പം ഇളകിത്തെറിക്കാന്‍
ഇനി ഞാന്‍ വേണ്ടല്ലോ
സ്വയം ചിതറാനും ചുറ്റുമുള്ളതിനെ
ചിതറിക്കാനും ഇനി നിങ്ങളായല്ലോ

നിന്‍ നെഞ്ചളവിനൊത്ത
പൂമാല വേണം.

ഈ നഗരത്തില്‍ നീയെത്തുമ്പോള്‍
ഞാന്‍ ഒരുങ്ങിവരുന്നുണ്ട്
ഞാനീ പൂമാലയണിയിക്കുമ്പോള്‍
നീ ചിതറുന്നത് എനിക്ക് കാണണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com