'നെയ്ത്ത്'- ശ്യാം സുധാകര്‍ എഴുതിയ കവിത

By ശ്യാം സുധാകര്‍  |   Published: 22nd October 2021 04:32 PM  |  

Last Updated: 22nd October 2021 05:30 PM  |   A+A-   |  

poem_5

 

വീട് സമചതുരം.
മുറിയും ചതുരം.
ഇളംകാറ്റ് ചതുരത്തില്‍ തുറന്ന ജനല്‍.
ഇരുമ്പുകൊണ്ടുള്ള ജാലകപ്പണി.
അതിലനേകം ചെറുചതുരങ്ങള്‍
കറുത്ത ചായം പൂശിയവ.
എന്നാല്‍ ഒത്തനടുവില്‍
ഒരു വെളുത്ത വൃത്തം.

താഴെ കിടക്കയില്‍ കിടക്കുന്ന
കുഞ്ഞിന്റെ കണ്ണുകള്‍
ജനലിനു നടുവിലുള്ള വൃത്തത്തില്‍.
അതിലൂടെ അവന് കാണാം
അകലെ പൂര്‍ണ്ണമായും ഒരു ചന്ദ്രനെ.

അടുത്തു കിടക്കുന്ന
അവന്റെ കുഞ്ഞനുജനു കാണാം
അവന്റെ കണ്ണുകളില്‍
നിലാവിന്റെ വൃത്തത്തെ.

നിശബ്ദമായ് കിടക്കുന്ന
കുഞ്ഞുങ്ങളുടെ കണ്ണുകളില്‍
അത്ഭുതത്തോടെ നോക്കുന്നു
അമ്മയുമച്ഛനും.
അവരുടെ കണ്ണുകളില്‍
ഒന്നിനു പുറകെ ഒന്നായി
വൃത്തങ്ങള്‍ അനേകം.

ആയിരമായിരം ചതുരങ്ങളില്‍നിന്നും
വൃത്തങ്ങള്‍ നെയ്തെടുത്ത്
അതിലൂടെ ആരെല്ലാം
ഒരേസമയം പലവഴിയെ
തന്റെ വൃത്തം ഒപ്പിയെടുക്കുന്നുവെന്ന്
അത്ഭുതത്തോടെ നോക്കുന്നു,
നിലാവ്.