'ഹോട്ടല്‍ പെട്ടെന്ന്'- ടി.പി വിനോദ് എഴുതിയ കവിത

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയാളുടെ സ്റ്റാന്‍ഡപ് കോമഡിയില്‍ചിരിച്ച് കുടല് കൂച്ചുന്ന സദസ്സായി ബസ്സകം
'ഹോട്ടല്‍ പെട്ടെന്ന്'- ടി.പി വിനോദ് എഴുതിയ കവിത

ണ്ടത്തെ അന്ന്
തിമര്‍ത്ത് മഴയുള്ളൊരു
ജൂണ്‍-ജൂലൈ ദിവസം
ഗ്രാമത്തെ പെറുക്കിയെടുത്ത്
പട്ടണത്തിലേക്ക് പായുന്ന
രാവിലത്തെ ബസ്സില്‍
ഇരുട്ടിന്റേയും ഈര്‍പ്പത്തിന്റേയും
കൂട്ടപ്പൊരിച്ചിലിനിടയില്‍
എല്ലാ തിക്കുതിരക്കുകളുടേയും
എതിര്‍ദിശയില്‍നിന്ന്
അക്ഷോഭ്യമായി ഉയര്‍ന്നു
മുഴങ്ങുന്ന ശബ്ദമായാണ്
ആദ്യമയാളെ ശ്രദ്ധിക്കുന്നത്.

''പണക്കാര് വിട്ടാല്‍ ഗ്യാസ്,
പാവപ്പെട്ടവര് വിടുമ്പോള്‍ വളി''- എന്ന്
അസമത്വത്തെക്കുറിച്ചുള്ള തന്റെ ദര്‍ശനത്തെ 
ഉപസംഹരിക്കുന്നതാണ് ഉയര്‍ന്ന് കേട്ടത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ 
അയാളുടെ സ്റ്റാന്‍ഡപ് കോമഡിയില്‍
ചിരിച്ച് കുടല് കൂച്ചുന്ന സദസ്സായി ബസ്സകം.
തമാശയിലെ തത്ത്വചിന്തയോ
തത്ത്വം പറച്ചിലിലെ തമാശയോ എന്തോ ഒന്ന്
ബസ്സിറങ്ങിയിട്ടും ഇറങ്ങിപ്പോകാതെ
ഞങ്ങളില്‍ ബാക്കിയായി.

നീതിബോധം കൊണ്ട് ഈ ലോകത്ത്
വൃത്തിയായി ചെയ്യാവുന്ന ഒരേയൊരു കാര്യം
ചിരിപ്പിക്കലാണെന്ന് അയാള്‍ക്ക്
ബോധ്യമുള്ളതായി തോന്നുമായിരുന്നു.

പട്ടണത്തില്‍ 
പീടികകളിലും ഹോട്ടലുകളിലും
പലവിധ പണികളില്‍
അയാളെ കാണാമായിരുന്നു;
ഉള്ളസ്ഥലത്ത് 
തന്റേതായ ചിരി പടുത്തുകൊണ്ട്,

വിചിത്രമായ എളുപ്പങ്ങളില്‍,
കൂസലില്ലാത്ത ലാളിത്യങ്ങളില്‍,
സാധാരണതയ്ക്ക് ഒരു തിരുത്ത് പോലെ.

അങ്ങനെയിരിക്കെ ഒരു തട്ടുകട 
സ്വന്തമായി തുടങ്ങി;
'ഹോട്ടല്‍ പെട്ടെന്ന്'- എന്ന് പേര്.
വന്ന കാര്യം നടക്കാന്‍ 
വലിയ കാത്തിരിപ്പൊന്നും വേണ്ടിവരില്ലെന്ന്
പേരില്‍ത്തന്നെ സൂചനയും വാഗ്ദാനവും. 

ബ്രാഹ്മണ വിലാസം വെജിറ്റേറിയനിലേക്കും
ബദരിയ്യ ഹോട്ടലിലേക്കും 
ഹോളി ഫാമിലി റസ്റ്റോറന്റിലേക്കും
കറണ്ട് കണക്ഷന്‍ കൊടുത്തിരുന്ന 
പോസ്റ്റിലേക്ക് കൂടി വലിച്ചുകെട്ടുള്ള
ടാര്‍പ്പോളിന്‍ മേല്‍ക്കൂരയ്ക്ക് കീഴില്‍
ഹോട്ടല്‍ പെട്ടെന്ന് ഒന്നുരണ്ട് മാസം 
അടിപൊളിയായി അതിജീവിച്ചു. 

നര്‍മ്മബോധത്തിനോ 
നീതിബോധത്തിനോ
പിടിയില്ലാത്ത പലതും 
വ്യാപാരബോധത്തിന് 
ആവശ്യമുള്ളതുകൊണ്ടാവും,
അധികം വൈകാതെ പൂട്ടിപ്പോയാണ്
ഹോട്ടലിന്റെ പേര് അന്വര്‍ത്ഥമായത്.

കയ്യില്‍നിന്ന്
അറിയാതെ താഴെ വീഴുന്ന
പ്ലാസ്റ്റിക്ക് കുപ്പിയുടെ അടപ്പ്
ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക്
ഉരുണ്ടെത്തുന്നതുപോലെ
ബസ്സിലുണ്ടായിരുന്നവരുടെ ജീവിതം
ഭാവിയിലേക്ക് വളഞ്ഞ് പാഞ്ഞു.

അന്നത്തെ ചിലരെങ്കിലും
വിവേചനങ്ങളെ നേരിടേണ്ടിവരുമ്പോള്‍
അധോവായു കഥാപാത്രമാകുന്ന
ആ പഴയ ആപ്തവാക്യത്തെ
മനസ്സിനുള്ള പരിചയായി
ഓര്‍ത്തെടുക്കുന്നുണ്ടാവുമോ?

മറ്റുചിലര്‍,
എന്തിനെങ്കിലും പേരിടേണ്ടിവരുമ്പോള്‍
ചുവന്ന പെയിന്റ് കൊണ്ട്
അധികം ഭംഗിയില്ലാത്ത അക്ഷരങ്ങളില്‍
മരപ്പലകയിലെഴുതി ടാര്‍പ്പോളിനില്‍ തൂക്കിയ
പഴയൊരു പേര് ഓര്‍മ്മിക്കുമോ?

ഹോട്ടല്‍ പെട്ടെന്നിന്റെ 
ഭാവനാസമ്പന്നനായ മുതലാളി
ഇപ്പോളെവിടെയെന്ന് അറിയില്ല.

ഭാവനയെ പരാജയപ്പെടുത്തി
പ്രായോഗിക ബുദ്ധിയാക്കുന്ന 
ലോകത്തിന്റെ പതിവ് പരിപാടി
അയാളോടും നടന്നിട്ടുണ്ടാവട്ടെ എന്ന്
ആഗ്രഹിക്കാനാണ് തോന്നുന്നത്;

തത്ത്വചിന്തയേക്കാള്‍ വേഗത്തിലോടിയാലേ
എത്തേണ്ടിടത്ത് കൃത്യസമയത്ത് എത്തൂ എന്ന്
ഏതാണ്ടൊരുറപ്പ് ചുറ്റുപാടുമുള്ളതിന്റെ 
കാരണം മനസ്സിലാവണേ എന്ന് 
ആഗ്രഹിക്കുന്നതിനേക്കാള്‍ 
എളുപ്പമായതിനാല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com