'മായാനനവുകള്‍'- ആര്‍ദ്ര എഴുതിയ കവിത

പല പല പച്ചകള്‍, മഞ്ഞകള്‍ ചുറ്റും തഴച്ചിടുന്നൂ... കരളോര്‍ക്കെ,പഴയൊരു പൊന്തക്കാട,തിലാര്‍ക്കും കുട്ടിമഴപ്പെരുമാറ്റം നാം
ചിത്രീകരണം: മറിയം ജാസ്മിൻ
ചിത്രീകരണം: മറിയം ജാസ്മിൻ

ല പല പച്ചകള്‍, മഞ്ഞകള്‍ ചുറ്റും 
തഴച്ചിടുന്നൂ... കരളോര്‍ക്കെ,
പഴയൊരു പൊന്തക്കാട,തിലാര്‍ക്കും 
കുട്ടിമഴപ്പെരുമാറ്റം നാം.
വളര്‍ന്നിരുന്നൂ കിളികള്‍, വെള്ളം 
കുടഞ്ഞ് നമ്മെ എണീപ്പിക്കാന്‍. 
മറഞ്ഞിരുന്നൂ സൂര്യന്‍ നമ്മുടെ
കുരുന്നു മേഘക്കളിവീട്ടില്‍.
തുറന്നു നോക്കീ പലകുറി നാമാ
പ്പകച്ച മണ്ണിന്‍ വേരോട്ടം.
ഇരുന്നു നീക്കീ പുല്ലും കല്ലും,
നനഞ്ഞ് ചോരും ദേഹങ്ങള്‍.
ഇനിയാ മഴവില്ലെങ്ങാന്‍ വന്നാല്‍ 
മിഴിയില്‍ തുന്നിച്ചേര്‍ക്കാനായ് 
പിടിച്ചിരുന്നൂ ചിരിയുടെ കൈലേസി 
ളകാതടരാതലിയാതെ.
ഒരൊറ്റ വട്ടം പെയ്തെങ്കില്‍ അ-
ന്നവിടെ നനഞ്ഞ മഴക്കാലം.
കാറില്‍ പെയ്യും മഴയല്ല, ജനല്‍
കാട്ടും നനവിനൊഴുക്കല്ല.
വിടവും മറവും വയ്ക്കാതുടലില്‍ 
ചൊരിഞ്ഞുപോകും മഴവെള്ളം, 
കാലിനെ വേരായ് പൂഴ്ത്തും, നോവിനെ 
മായാനനവാല്‍ അലിയിക്കും.
ഇലയും മണ്ണും മരവും കാറ്റും 
കൊണ്ടൊരുടല്‍ പണി തീര്‍പ്പിക്കും.
ഉടല്‍ വിട്ടുടല്‍ വിട്ടുടനേ പായു
മൊരുഗ്രന്‍ വിദ്യ പഠിപ്പിക്കും.
അതേത് മാന്ത്രികനതേത് ജാലം,
കാലം പോകെ മറക്കുന്നു.
പകര്‍ത്തിവച്ചൊരു നോട്ടിന്‍ താളുകള്‍ 
പെയ്യാ മഴയില്‍ കുതിരുന്നു.
അകറ്റിവച്ചൊരു കര്‍ക്കിടകക്കുളിരു 
ടല്‍ നോവുമ്പോളറിയുന്നു.
മഴയ്ക്കുമുണ്ടോ ബാല്യം, യൗവ്വന
മടങ്ങിനില്‍ക്കാ പുളകങ്ങള്‍..?
മഴയ്ക്കുമുണ്ടോ നോവ്, വിഷാദം, ഒരിറ്റു
സ്‌നേഹക്കൊതി, ദാഹം...
മഴയ്ക്കുപോലും മാറ്റാന്‍വയ്യാ
ക്കനക്കല്‍, ഓര്‍ക്കാനാവാതെ
മഴ മാറുന്നത് വെറുതേ നോക്കി,
കിടപ്പു ഞാനൊരു മണ്ണുടലായ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com